ഒരിടവേളയ്ക്കു ശേഷം നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നയൻതാരയുടെ വരവ്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് ചിത്രത്തിന്റെ പേര്.

ശ്രീനിവാസനും പാർവതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടന്നു. ശ്രീനിവാസനും ചടങ്ങിൽ സന്നിഹിതനായിരുന്നു.

”അഭിനയം അല്ല സംവിധാനമായിരുന്നു എന്റെ ആഗ്രഹം. വടക്കുനോക്കി യന്ത്രം സിനിമ കണ്ടതു മുതൽ ഇഷ്ടം തോന്നിയ കഥാപാത്രങ്ങളാണ് ദിനേശനും ശോഭയും. എന്നെങ്കിലും ഒരു സിനിമ ചെയ്യുമ്പോൾ ഈ പേരുകൾ കഥാപാത്രങ്ങൾക്ക് നൽകണമെന്ന് ഉറപ്പിച്ചിരുന്നു. പഴയ ദിനേശന്റെ കുറേ സ്വഭാവം ഈ കഥാപാത്രത്തിനുമുണ്ട്. എന്നാൽ കഥയുമായി ഒരു ബന്ധവുമില്ല. ചിത്രത്തിൽ ശ്രീനിവാസൻ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ചടങ്ങിൽ സംസാരിക്കവേ ധ്യാൻ പറഞ്ഞു.

അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ