മലയാളത്തിൽ അടുത്ത കാലത്ത് തരംഗമായ ഒരു പാട്ടാണ് നിവിൻ പോളി ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’. 2019ൽ പുറത്തിറങ്ങിയ ഗാനം ടിക് ടോകിലൂടെയും മറ്റു വലിയ ഹിറ്റായി മാറിയിരുന്നു. യൂട്യൂബിൽ ഒരുപാട് ദിവസം ട്രെൻഡിങ്ങിൽ ആയിരുന്നു വിനീത് ശ്രീനിവാസൻ പാടിയ ഈ ഗാനം.
ഇപ്പോഴിതാ, സൂയിസൈഡ് സ്‌ക്വാഡ് സിനിമയിലൂടെ ശ്രദ്ധേയനായ ജർഡ് ലെറ്റോ കുടുക്ക് പാട്ടുമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ. അവർഡ് നിശകളിലും മറ്റും ജേർഡ് ‘ഫോട്ടോബോംബിങ്’ നടത്തിയ ചിത്രങ്ങൾ അടങ്ങിയ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയാണ് കുടുക്ക് പാട്ടു ഉപയോഗിച്ചിരിക്കുന്നത്.
ജർഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ ഷെയർ ചെയ്തത്. കുടുക്ക് പാട്ടിന്റെ സംവിധായകനായ ഷാൻ റഹ്മാൻ ഉൾപ്പടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോക്ക് താഴെ മലയാളികളുടെ കമന്റുകളും നിറയുകയാണ്. ‘നിങ്ങൾ കേരളത്തിൽ നിന്നാണോ ബ്രോ’, ‘മലയാളി പോളിയല്ലേ’ തുടങ്ങിയ കമന്റുകൾ വീഡിയോക്ക് താഴെ കാണാം.
മലയാള താരങ്ങളും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, ‘മലയാളത്തിലെ ഹിറ്റ് ഗാനം’ എന്നും, ജോർജ് കോര, ‘ജർഡ് ഏട്ടന് വേണ്ടി മലയാളികൾ ഒത്തുകൂടുക’ എന്നും കമന്റ് ചെയ്തിട്ടുണ്ട്. നടി ശ്രിന്ദയും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഹോളിവുഡിൽ നിന്നുള്ള താരങ്ങളും സിനിമാ പ്രവർത്തകരും വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.
Read Also: അച്ചുവും കുട്ട്യോളും; അച്ഛന് സ്നേഹം അറിയിച്ച് താരങ്ങള്‍
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ലൗ ആക്ഷൻ ഡ്രാമ’ നിവിൻ പോളിയും, നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാൻ സംഗീതം ചെയ്ത് വിനീത് ശ്രീനിവാസൻ പാടിയ പാട്ട് സിനിമ ഇറങ്ങും മുൻപേ മലയാളത്തിൽ വലിയ ഓളം തീർത്തിരുന്നു.