മലയാള സിനിമയിലെ ന്യൂജെൻ സംവിധായകരുടെ കൂട്ടത്തിലേക്ക് മറ്റൊരു പേരു കൂടി, അൽത്താഫ് സലിം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് അൽത്താഫ് സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. അതിനും മുൻപേ അൽത്താഫിനെ നമുക്കറിയാം. പ്രേമത്തിൽ മേരിക്കൊപ്പം നടക്കുന്ന ആ ചെറിയ ചെക്കനെ പെട്ടെന്ന് ആരും മറക്കില്ല. അൽത്താഫിന്റെ മുഖം പിന്നെയും സ്ക്രീനിൽ നമ്മൾ കണ്ടിട്ടുണ്ട്. സഖാവിൽ നിവിൻ പോളിയുടെ സുഹൃത്ത് മഹേഷായി. നടനും സംവിധായകനുമായ അൽത്താഫ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖം.

സിനിമയിലേക്കുളള വരവ്
സിനിമ എപ്പോഴും പാഷനായിരുന്നു. ബിടെക് പഠിക്കുന്ന സമയത്തും മനസ്സിൽ സിനിമയായിരുന്നു. സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ചുറ്റുമായിരുന്നു എന്റെ ജീവിതം. അൽഫോൺസ് പുത്രൻ, ഷറഫുദ്ദീൻ, കിച്ചു (കൃഷ്ണ ശങ്കർ), സിജു വിൽസൺ ഞങ്ങളെല്ലാം സുഹൃത്തുക്കളാണ്. സിനിമയിൽ വരുന്നതിനു മുൻപേ  അറിയാം. എല്ലാവർക്കും മോഹം സിനിമയായിരുന്നു. എല്ലാവർക്കും ചിന്തിക്കാനും സംസാരിക്കാനും ഉണ്ടായിരുന്നതും സിനിമയെക്കുറിച്ച് മാത്രമാണ്. ഒരു സമയത്ത് പലരും പല വഴിക്ക് പോയെങ്കിലും അവസാനം എല്ലാവരും സിനിമയിൽ തന്നെ എത്തി. ഒപ്പം ഞാനും.

പ്രേമത്തിലെ റോൾ സൗഹൃദത്തിൽ പിറന്നത്
ഞങ്ങളെല്ലാവരും വൈകിട്ട് കളിക്കാൻ പോകും. അൽഫോൺസ് അവിടെയിരുന്ന് കഥ എഴുതും. ഞങ്ങൾ സുഹൃത്തുക്കൾക്കെല്ലാം പ്രേമത്തിൽ ഓരോ കഥാപാത്രം അൽഫോൺസ് നേരത്തെ എഴുതി വച്ചിരുന്നു. പക്ഷേ അതാരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് ഞങ്ങളോടെല്ലാം ഓരോ കഥാപാത്രം ഉണ്ടെന്ന് പറഞ്ഞത്. കൂട്ടത്തിൽ എനിക്കും ഉണ്ടായിരുന്നു. അൽഫോൺസ് പറഞ്ഞതുകൊണ്ടാണ് പ്രേമത്തിൽ അഭിനയിച്ചത്.

അഭിനയമല്ല, സംവിധാനമാണ് മോഹം
അഭിനയം ഒരിക്കലും മനസ്സിൽ ഉണ്ടായിരുന്നില്ല. സംവിധാനം മാത്രമാണ് എപ്പോഴും ഉണ്ടായിരുന്നത്. അൽഫോൺസ് എന്റെ സുഹൃത്തായതുകൊണ്ട് മാത്രമാണ് പ്രേമത്തിൽ അഭിനയിച്ചത്. അൽഫോൺസ് അല്ലാതെ വേറെ ആരെങ്കിലുമാണ് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ ആ റോൾ ചിലപ്പോൾ ചെയ്യില്ലായിരുന്നു. സഖാവിൽ അഭിനയിച്ചതും സൗഹൃദത്തിന്റെ പേരിൽ മാത്രമാണ്. ഇപ്പോഴും അഭിനയത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. പിന്നെ സുഹൃത്തുക്കൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഇനിയും അഭിനയിക്കും.

althaf salim

നിവിനുമായുളള സൗഹൃദം മലർവാടിക്കും മുൻപേ
അൽഫോൺസ് ഷോർട് ഫിലിം ചെയ്യുന്ന സമയത്ത് സെറ്റിൽ പോകുമായിരുന്നു. ആലുവ പാലസിലായിരുന്നു ഷൂട്ടിങ്. അവിടെ വച്ചാണ് നിവിനെ ആദ്യമായി കാണുന്നത്. മലർവാടി ആർട്സ് ക്ലബ് സിനിമ പുറത്തിറങ്ങുന്നതിനു മുൻപായിരുന്നു അത്. അവിടെനിന്നാണ് നിവിനുമായുളള സൗഹൃദത്തിന്റെ തുടക്കം. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ചിത്രത്തിന്റെ കഥ എഴുതുന്ന സമയത്ത് മനസ്സിൽ ഒരു നടനും ഉണ്ടായിരുന്നില്ല. കഥയെക്കുറിച്ച് അൽഫോൺസിനോട് പറഞ്ഞപ്പോൾ അവനാണ് നിവിനോട് പറയാൻ പറഞ്ഞത്. അങ്ങനെയാണ് നിവിന്റെ അടുത്തു പോയി കഥ പറഞ്ഞത്. കഥ കേട്ടപ്പോൾ തന്നെ നിവിന് ഇഷ്ടപ്പെടുകയും നിവിൻ തന്നെ നിർമ്മിക്കാമെന്ന് പറയുകയും ചെയ്തു.

althaf salim

ശാന്തി കൃഷ്ണയിലേക്ക്
കുറേ നാളുകളായി സിനിമയിൽനിന്നും വിട്ടുനിൽക്കുന്ന പ്രേക്ഷകരുടെ മനസ്സിൽനിന്നും മാഞ്ഞു തുടങ്ങിയ ഒരു നടിയാവണം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ ഷീല ചാക്കോ എന്ന കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കുറേ പേരെ നോക്കിയെങ്കിലും ശരിയായില്ല. അങ്ങനെയാണ് ഒരു റ്റീവി  പരിപാടിയിൽ ശാന്തി കൃഷ്ണയുടെ അഭിമുഖം കാണുന്നത്. അപ്പോൾതന്നെ ശാന്തി കൃഷ്ണയെ പോയി കാണാൻ തീരുമാനിച്ചു. കഥ പറഞ്ഞപ്പോൾ ഇഷ്ടമായി. അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

althaf salim

അടുത്ത പ്രോജക്ട്
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിലീസ് ചെയ്തിട്ടേ ഉളളൂ. എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ മേഖലയിൽനിന്നും കണ്ട പലരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇനി പതുക്കെ അടുത്ത പ്രോജക്ടിലേക്ക് കടക്കണം. പക്ഷേ മനസ്സിൽ ഇതുവരെ ഒന്നും ചിന്തിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook