കുട്ടികളുടെ മനസ്സ് ഒപ്പുകടലാസ് പോലെയാണ്. കാണുന്ന കാഴ്ചകൾ, കഥകൾ എല്ലാം ഒപ്പിയെടുക്കുന്ന ഒരു ഒപ്പുകടലാസ്. കൗതുകം സമ്മാനിക്കുന്ന, അതിശയപ്പെടുത്തുന്ന കഥകളും കഥാപാത്രങ്ങളും എത്ര വളർന്നാലും മനസ്സിൽ നിന്നു മായാതെ പച്ചകുത്തപ്പെട്ടതു പോലെ അവിടെ തന്നെ കിടക്കും.
തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് സഹോദരൻമാരുടെ കുട്ടിക്കാല സ്വപ്നങ്ങളിലെ ഹീറോകളിൽ ഒരാളായിരുന്നു ‘കായംകുളം കൊച്ചുണ്ണി’. പാവങ്ങളോട് സ്നേഹമുള്ള, കൊച്ചുണ്ണി എന്ന ‘കമ്മ്യൂണിസ്റ്റ്’ കള്ളനോട് കുഞ്ഞുനാളിലെപ്പോഴോ തോന്നിയ ഒരിഷ്ടം, വർഷങ്ങൾക്കിപ്പുറം ഒരു സിനിമയായി മാറുകയാണ്. രണ്ടു ദിവസം കഴിഞ്ഞു തിയേറ്ററുകളില്‍ എത്തുന്ന ‘കായംകുളം കൊച്ചുണ്ണി’യെന്ന സിനിമയുടെ രചനാ വിശേഷങ്ങളും തിരക്കഥ ഉയർത്തിയ വെല്ലുവിളികളെയും കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയ്യും.
Read More: ‘കായംകുളം കൊച്ചുണ്ണി’ ഒക്ടോബര്‍ 11ന്
“ഞങ്ങളുടെ കുട്ടിക്കാല ഹീറോ ആയിരുന്നു കൊച്ചുണ്ണി. സിനിമയിൽ വരുന്നതിനു മുൻപെ കായംകുളം കൊച്ചുണ്ണി ഒരു സിനിമയായാൽ നന്നായിരിക്കുമെന്ന തോന്നൽ ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എല്ലാം കൂടി ഒത്തുവന്നത് ഇപ്പോഴാണെന്നു മാത്രം. കുട്ടിക്കാല സ്വപ്നങ്ങളുടെ ബാക്കിപത്രമെന്ന രീതിയിൽ ഒരു ഫാന്റസിയുടെ രൂപത്തിൽ അല്ല ഈ കഥ അവതരിപ്പിക്കപ്പെടുന്നത്, അതിനൊപ്പം ചരിത്രവും കൂടി കൈകോർക്കുന്നുണ്ട്”, സഞ്ജയ് പറയുന്നു.

വലിയ കാന്‍വാസില്‍ ‘ഹിസ്റ്റോറിക്കല്‍’ എന്നൊക്കെ പറയാവുന്ന തരത്തില്‍ ഉള്ള ഒരു ചിത്രമാണല്ലോ ‘കായംകുളം കൊച്ചുണ്ണി’. അത്തരം ഒരു തിരക്കഥ ഒരുക്കുന്നതിന്റെ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
സഞ്ജയ്: ഹിസ്റ്റോറിക്കൽ എന്നതിനേക്കാൾ ഹിസ്റ്ററിയ്ക്കും മിത്തോളജിയ്ക്കും ഇടയിൽ നിൽക്കുന്നൊരു കഥാപാത്രമാണ് കായംകുളം കൊച്ചുണ്ണി. ചെറുപ്പത്തിൽ അമർചിത്രകഥകൾ വായിക്കുന്ന കാലം മുതൽ തന്നെ ഏറെ രസകരമായി തോന്നിയൊരു കഥാപാത്രം. മിത്തിന്റേതായ ഒരു ഭംഗിയുണ്ടായിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് എന്നും. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിലാണ് ഈ കഥാപാത്രം വരുന്നത്. ഐതിഹ്യമാല അടിസ്ഥാനമാക്കിയുള്ള ഞങ്ങളുടെയും റോഷന്റെയും ഒരു വേർഷനാണ് ‘കായംകുളം കൊച്ചുണ്ണി’ എന്നു പറയാം.
വെല്ലുവിളിയെ കുറിച്ചു പറയുകയാണെങ്കിൽ, അന്നത്തെ ചരിത്രം എന്തായിരുന്നു, രാഷ്ട്രീയ വ്യവസ്ഥകൾ, സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ, ജാതിപരമായ അവസ്ഥകൾ എന്നീ കാര്യങ്ങളെ കുറിച്ച് കൃത്യമായുള്ള അറിവുകളുടെ അഭാവമാണ് വെല്ലുവിളിയായത്.
ബോബി: നമുക്ക് അന്യമായ, പരിചയമല്ലാത്തൊരു ടൈം പീരീഡിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സഞ്ജയ് പറഞ്ഞ പോലെ, രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക- ജാതി വ്യവസ്ഥകൾ കൃത്യമായി അറിയില്ല എന്നതിനൊപ്പം തന്നെ, അന്നത്തെ ഭാഷ, വേഷവിധാനം, കറൻസി, ആചാരങ്ങൾ,അനുഷ്ഠാനങ്ങൾ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത കുറവുണ്ടായിരുന്നു. പലയിടത്തും വായിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയിൽ പറയുമ്പോൾ അതിനൊരു ആധികാരികത ഉണ്ടായിരിക്കണമല്ലോ.
സഞ്ജയ്: അന്നത്തെ ഭാഷയായിരുന്നു മറ്റൊരു പ്രശ്നം. അക്കാലത്ത് കായംകുളം പ്രദേശങ്ങളിൽ ഉപയോഗിച്ച ഭാഷ കൃത്യമായി പിൻതുടരാൻ കഴിയണം എന്നത് വെല്ലുവിളിയായിരുന്നു. അത്തരം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥങ്ങൾ ഞങ്ങൾക്ക് മുന്നിൽ അധികമില്ലായിരുന്നു. അക്കാലത്തെ ഭാഷ അധികം എഴുതപ്പെട്ടിട്ടുമില്ല.
അന്ന് സാധാരണക്കാർ സംസാരിച്ച ഭാഷയും സംസ്കൃതം പഠിച്ചവർ ഉപയോഗിച്ച ഭാഷയും തമ്മിൽ പോലും വ്യത്യാസമുണ്ട്. പിന്നെ ഐതിഹ്യമാലയിൽ വരുന്ന ഒരു ഭാഷ വേറെ. അതൊക്കെ ഉപയോഗിച്ചാണ് സിനിമയ്ക്കു വേണ്ട ഭാഷ കണ്ടെത്തിയത്.
Read More: കായംകുളം കൊച്ചുണ്ണി: കഥാപാത്രങ്ങള്‍, ലൊക്കേഷന്‍, കലാ സംവിധാന വിശേഷങ്ങള്‍
ബോബി: ആ കാലഘട്ടത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പഠിക്കാനും കണ്ടെത്താനും ഞങ്ങൾക്കൊരു റിസർച്ച് ടീം തന്നെയുണ്ടായിരുന്നു. അന്നത്തെ വേഷം, ഭാഷ, ഭക്ഷണശീലം തുടങ്ങിയ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ അവരുടെ സഹായം നല്ലൊരളവു വരെ സഹായകരമായിട്ടുണ്ട്. പിന്നെ ഞങ്ങളും ഞങ്ങളുടേതായ രീതിയിൽ ഒത്തിരി റിസർച്ച് നടത്തിയിട്ടുണ്ട്.
സിനിമയുടെ സംഭാഷണമൊരുക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. അന്നത്തെ സംസാര രീതിയായിരിക്കണം, എന്നാൽ അത് ഇക്കാലത്തെ പ്രേക്ഷകർക്ക് മനസ്സിലാവുകയും വേണം. ഒരു കാലഘട്ടത്തെ പുനർസൃഷ്ടിക്കുമ്പോൾ സ്ക്രിപ്റ്റിലും അതു കൃത്യമായി വരണമല്ലോ. പിന്നെ ചില വാക്കുകളുടെ, പ്രയോഗങ്ങളുടെ ഒക്കെ അർത്ഥം മനസ്സിലാക്കണം. ഇത്തരം കാര്യങ്ങളെല്ലാം കണ്ടെത്തിയത് റിസർച്ച് ടീമിന്റെ സഹായത്തോടെയാണ്.
സഞ്ജയ്: ആ കാലഘട്ടത്തെ കുറിച്ചുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കിയതിനു ശേഷമാണ് ഞങ്ങൾ തിരക്കഥയിലേക്കു കടന്നത്. വ്യത്യസ്തമായൊരു അനുഭവമായിരുന്നു ഇതിന്റെ തിരക്കഥ എഴുത്ത്. സാധാരണ നമ്മൾ ഒരു കാറു വന്നു നിന്നു എന്നെഴുതുന്നതിനു പകരം, ഇവിടെ ഒരു കുതിരവണ്ടിയോ കാളവണ്ടിയോ എന്ന് ഒന്ന് ആലോചിച്ച് എഴുതണം. അത്തരം കാര്യങ്ങളൊക്കെ വിഷ്വലൈസ് ചെയ്തു എഴുതുന്നത് രസമുള്ള ഒരു പ്രോസസ് ആയിരുന്നു. ഞങ്ങളുടെ കരിയറിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സിനിമ ചെയ്യുന്നത്.
ഇപ്പോൾ പറഞ്ഞല്ലോ, ഇതൊരു മിത്തിനും ഹിസ്റ്ററിയ്ക്കും ഇടയിൽ നിൽക്കുന്ന കഥാപാത്രമാണെന്ന്. സത്യത്തിൽ നടന്നു എന്നു പറയുന്ന കാര്യങ്ങൾക്കും പാടി പതിഞ്ഞ കെട്ടുകഥകൾക്കും ഇടയിലെവിടെയോ കൂടികുഴഞ്ഞു പോയൊരു കഥ. അത്തരമൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അത് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണോ ചെയ്യുന്നത്, അതോ കൂടുതൽ ഫ്രീഡം തരികയാണോ ചെയ്യുന്നത്?
ബോബി: വെല്ലുവിളിയും ഫ്രീഡവും തുല്യമാണെന്നു പറയേണ്ടി വരും. കാരണം കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തെ കുറിച്ച് ഐതിഹ്യമാലയിൽ പറയുന്നുണ്ട്. നിലവിലുള്ള പുസ്തകങ്ങളിൽ കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ഏറ്റവും ആധികാരികമായി പറയുന്നതും ഐതിഹ്യമാലയിലാണ്. അതു കൊണ്ടു തന്നെ ഐതിഹ്യമാലയോട് നീതി പുലർത്തികൊണ്ടുവേണം തിരക്കഥ ഒരുക്കാൻ എന്നുണ്ടായിരുന്നു, മുന്നിലുള്ള റെസ്ട്രിക്ഷൻ അതായിരുന്നു.
പിന്നെ, ഇത്തരമൊരു സിനിമ എഴുതുമ്പോൾ നമ്മൾ ഫാക്റ്റ് മാത്രം പറഞ്ഞു പോയാൽ അതിനൊരു ഡോക്യുമെന്ററിയുടെ സ്വഭാവം വരും. അതൊഴിവാക്കി ഓഡിയൻസിനെ എൻഗേജ് ചെയ്തിരുത്തുക എന്നതും എഴുത്തുകാർ എന്ന രീതിയിൽ ഞങ്ങളുടെ ജോലിയാണ്.
സിനിമയുടെ ഫോർമാറ്റിലേക്ക് കൊണ്ടു വരുമ്പോൾ വേണ്ട ചേരുവകൾ ചേർത്തെങ്കിലും ചരിത്രത്തെ വളച്ചൊടിക്കാതെയുള്ള ഒരു സമീപനമാണ് ഈ സിനിമയ്ക്കു വേണ്ടി സ്വീകരിച്ചത്.
സഞ്ജയ്: നല്ല രീതിയിൽ ഈ സിനിമ ഞങ്ങൾക്ക് ഫ്രീഡം തന്നിട്ടുണ്ട്. കൈമാറി കൈമാറി വന്ന കഥകളാണല്ലോ ഐതിഹ്യം. 500 കൊല്ലം മുൻപ് കേട്ട കഥ, 200 കൊല്ലം കഴിഞ്ഞു കേൾക്കുമ്പോൾ ചില കാര്യങ്ങൾ പുതുതായി കൂടി ചേർന്നിട്ടുണ്ടാവും. ചില കാര്യങ്ങൾ മാഞ്ഞു പോയിട്ടുണ്ടാവും. നൂറു കൊല്ലം കൂടി കഴിയുമ്പോൾ ഇതേ പ്രോസസ് തന്നെയാണ് പിന്നെയും സംഭവിക്കുന്നത്. എല്ലാ ഐതിഹ്യങ്ങളും അങ്ങനെ തന്നെയാണ്. അതു കൊണ്ടു തന്നെ കൊച്ചുണ്ണി എന്നൊരു ഐതിഹ്യം നമ്മുടെ മുന്നിൽ വരുമ്പോൾ ഞങ്ങളുടെ വേർഷൻ പറയാനുള്ള ഒരു സ്വാതന്ത്യം ഞങ്ങൾക്കവിടെയുണ്ട്. അതേ സമയം, ഞങ്ങളിപ്പോൾ ഗാന്ധിജിയുടെയോ മംഗൾ പാണ്ഡെയുടെയോ ഭഗത്സിംഗിന്റെയോ കഥ പറയുകയാണെങ്കിൽ ഞങ്ങൾക്ക് ആ ഫ്രീഡം എടുക്കാൻ പറ്റില്ല.
സിനിമയ്ക്ക് സിനിമയുടേതായ ഒരു കൃത്യമായ പ്ലോട്ട് വേണമല്ലോ. പരന്നു കിടക്കുന്ന ഒരു ജീവിതകഥയിൽ നിന്നും കൃത്യമായൊരു തെരെഞ്ഞെടുപ്പു വേണം. മാത്രമല്ല, ‘കായംകുളം കൊച്ചുണ്ണി’ എന്ന കഥ മുൻപും സീരിയലും സിനിമയുമൊക്കെ ആയിട്ടുണ്ട്. അതിൽ നിന്ന് ഏതു രീതിയിലാണ് ഈ സിനിമ വ്യത്യസ്തമാകുന്നത്?
സഞ്ജയ്: ഐതിഹ്യമാലയിൽ നിന്ന് ഞങ്ങൾ കാര്യമായി വ്യതിചലിച്ചിട്ടില്ല. പക്ഷേ നല്ലൊരളവ് വരികൾക്കിടയിലെ വായന ഞങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കായംകുളം കൊച്ചുണ്ണിയുടെ മുൻഗാമിയായിരുന്നു ഇത്തിക്കരപ്പക്കി. കായംകുളം കൊച്ചുണ്ണിയും ഇത്തിരക്കരപ്പക്കിയും കണ്ടതായി ഐതിഹ്യമാലയിൽ ഇല്ല. എന്നാൽ ഞങ്ങൾ വായിച്ച ചില പുസ്തകങ്ങളിൽ ഇവര്‍ കണ്ടിരിന്നിരിക്കാം എന്ന സൂചനകളുണ്ട്. കാരണം ഇവർ രണ്ടു പേരും നിന്നത് ഒരേ ആശയത്തിനു വേണ്ടിയാണ്. പണക്കാരിൽ നിന്നെടുത്ത് പാവങ്ങൾക്ക് കൊടുക്കുന്നു എന്ന രീതിയായിരുന്നു ഇത്തിക്കരപ്പക്കിയുടേത്, അതു തന്നെ ആയിരുന്നു കായംകുളം കൊച്ചുണ്ണിയുടെയും. മാത്രമല്ല, ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഇത്തിക്കരയും കായംകുളവും തമ്മിൽ വലിയ ദൂരമില്ല. ഒരു പക്ഷേ അവർ കണ്ടിരിന്നിരിക്കാം എന്നുള്ള ഒരു വാചകത്തിൽ നിന്നാണ് ഇത്തിക്കരപ്പക്കി എന്ന കഥാപാത്രത്തെ ഈ സിനിമയിൽ ക്രിയേറ്റ് ചെയ്യുന്നത്. അത്തരത്തിൽ വരികൾക്കിടയിലെ വായന ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.
രണ്ടുപേരും ഒരു തരം ‘കമ്മ്യൂണിസ്റ്റ്’ ചിന്താഗതിയുള്ള കള്ളൻമാർ ആണെന്നു പറയാം. പാവപ്പെട്ടവർക്കു വേണ്ടി നില കൊള്ളുന്ന കള്ളൻമാർ.
പിന്നെ അന്നത്തെ പാവങ്ങൾ എന്നു പറയുമ്പോൾ കീഴ്ജാതിക്കാരായ ആളുകളായിരുന്നല്ലോ. അപ്പോൾ അവരെ സഹായിച്ചു എന്നു പറയുമ്പോൾ എന്തായിരിക്കും അതിന് പിന്നിൽ? വെറുതെ ഒരു സഹായം ആവുമോ അത്? അത്തരം ചില ചിന്തകൾ കൂടി മനസ്സിലേക്ക് കടന്നു വന്നിരുന്നു.
അവരുടെ ഉള്ളിലൊരു വിപ്ലവ ചിന്തകൂടി ഉണ്ടായിരിക്കണം, എന്നാണോ?
സഞ്ജയ്: ഉണ്ടായിരിക്കണം. കാരണം, കായംകുളം കൊച്ചുണ്ണിയുടെ പേരിലൊരു അമ്പലമുണ്ട് പത്തനംത്തിട്ട കോഴഞ്ചേരിയിൽ. കായംകുളം കൊച്ചുണ്ണി അവിടുത്തെ പ്രതിഷ്ഠയാണ്. ഒരു മുസൽമാന്റെ പേരിൽ ക്ഷേത്രമുണ്ടെന്ന് ഈ സിനിമയുമായി ബന്ധപ്പെട്ട റിസർച്ചിനിടെ കണ്ടെത്തിയ കാര്യമാണ്. കള്ളനായ ഒരാളുടെ പേരിൽ ഒരു ക്ഷേത്രം വരണമെങ്കിൽ, അയാളൊരു ദൈവ സങ്കൽപ്പമാകണമെങ്കിൽ എന്തായിരിക്കും അയാൾ ചെയ്തിരിക്കുക? അങ്ങനെയും കൂടി ചിന്തിച്ചു. അയാൾ വെറുമൊരു കള്ളനായിരുന്നോ? ഇത്തരത്തിലുള്ള ഒരുപാട് ചിന്തകൾ ഒരുമിച്ചു വന്നപ്പോഴാണ് ഞങ്ങൾ ഞങ്ങളുടേതായ രീതിയിലൊരു കഥയുണ്ടാക്കുന്നത്.
Read More: ‘കായംകുളം കൊച്ചുണ്ണി’ ഗംഭീരം എന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍
സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രത്തിന് നിവിൻ പോളിയുടെ മുഖമായിരുന്നോ മനസ്സിൽ? നിവിന്‍ മതി എന്ന് തോന്നാന്‍ കാരണമെന്തായിരുന്നു?
സഞ്ജയ്: കായംകുളം കൊച്ചുണ്ണിയെ കുറിച്ചൊരു സിനിമ ഐഡിയ വരുമ്പോൾ ആരും ഞങ്ങളുടെ മനസ്സിൽ ഇല്ലായിരുന്നു. ഈ ഐഡിയ ഒരു സിനിമയാക്കിയാലോ എന്ന് ഞങ്ങൾ റോഷനോട് സംസാരിക്കുന്നു. റോഷൻ സമ്മതം പറയുന്നു. സിനിമയാക്കാം എന്നു തീരുമാനിക്കുന്നു. അതിനുശേഷം കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് നിവിൻ പോളി തന്നെയാണ്. കാരണം നിവിൻ എന്ന നടന്റെ ‘വൾനറബിളിറ്റി’ ഞങ്ങൾക്ക് ആവശ്യമായിരുന്നു.
കായംകുളം കൊച്ചുണ്ണി ഒരു സൂപ്പർ ഹീറോ ആയിട്ടല്ല ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സാധാരണ മനുഷ്യനാണ് അയാൾ. അയാൾക്ക് പ്രണയമുണ്ട്. അയൽപ്പക്കത്തെ പയ്യനായിരുന്നു അയാൾ. അതിന് നിവിൻ തന്നെയാവും അനുയോജ്യൻ എന്നു തോന്നി.
ബോബി: യുവാവിൽ നിന്ന് ഒരു പൂർണ പുരുഷനിലേക്കുള്ള ഒരു ട്രാൻസ്ഫർമേഷൻ ഉണ്ട് കഥയിൽ. കഥാപാത്രം ചെറുപ്പക്കാരനായി വരുമ്പോൾ ഒരു ബോയിഷ് ലുക്ക് വേണം. അതേ സമയം പ്രായമായി വരുമ്പോൾ മുതിർന്ന ഒരാളായും തോന്നണം. ഈ രണ്ടു ക്രൈറ്റീരിയകളെയും തൃപ്തിപ്പെടുത്തുന്ന ആളായിരുന്നു നിവിൻ. ക്ലീൻ ഷേവ് ചെയ്തു വരുമ്പോൾ നിവിനിൽ ഒരു ബോയ് ഉണ്ട്. അതേ സമയം റിയൽ കഥാപാത്രമായി വരുമ്പോൾ അയാൾ ശരിക്കും ഒരു മുതിർന്ന പുരുഷനാണ്. എല്ലാ നടന്മാർക്കും ആ പരിവര്‍ത്തനം അത്ര എളുപ്പമല്ല. സാധാരണ മുതിർന്ന ഒരാളെ ബോയ് ആയി കാണിക്കുമ്പോൾ അതിലൊരു ഏച്ചുകെട്ടൽ തോന്നും. നിവിനിൽ അതില്ല. നിവിനെന്ന ആർട്ടിസ്റ്റിന്റെ ഒരു പ്രത്യേകതയാണ് ആ റേഞ്ച്. കഥയ്ക്ക് യോജിച്ച നടൻ എന്ന രീതിയിലാണ് നിവിനെ തീരുമാനിക്കുന്നത്.
ആരാണ് ഇത്തിക്കരപ്പക്കി? എത്രത്തോളം പ്രാധാന്യമുണ്ട് ആ കഥാപാത്രത്തിന് ഈ സിനിമയിൽ?
സഞ്ജയ്: ഇത്തിക്കരപ്പക്കി ഒരു കള്ളനാണ്. പക്കി എന്നാൽ പക്ഷി എന്നാണ് അർത്ഥം. മരത്തിൽ നിന്നു ചാടി മരത്തിലുറങ്ങി കൊണ്ടിരുന്ന ഒരാളാണെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. കായികബലം ഒരുപാട് ഉള്ള ഒരാളായിരുന്നു ഇത്തിക്കരപ്പക്കി. അയാളുടെ ചലനങ്ങൾക്ക് പോലും പ്രത്യേകതയുണ്ട്.
ഷൂട്ടിംഗ് തുടങ്ങിയപ്പോഴും ആരു വേണം ഇത്തിക്കരപ്പക്കി എന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. പലരെയും ആലോചിച്ചെങ്കിലും ഇതു പോരാ, ഇതു പോരാ എന്നൊരു അസംതൃപ്തിയുണ്ടായിരുന്നു. റോഷനും മോഹൻലാലും ഏതാണ്ട് മൂന്നു പടങ്ങളിലോളം ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. ആ ബന്ധത്തിന്റെ പുറത്ത് റോഷൻ വിളിച്ചപ്പോൾ, റോഷനോടുള്ള വിശ്വാസത്തിന്റെ പുറത്താണ് മോഹൻലാൽ ആ കഥാപാത്രത്തെ ഏറ്റെടുത്തത്.
Read More: ഇത്തിക്കരപ്പക്കി: കഥയും കഥാപാത്രവും
ബോബി: സമകാലികരാണ് ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയും. അവർ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടിയേക്കാം എന്നൊരു സാധ്യതയെയാണ് സിനിമ ഉപയോഗപ്പെടുത്തുന്നത്.
ഈ സിനിമയുടെ വളരെ പ്രധാനപ്പെട്ടൊരു ഭാഗത്ത് വരികയും കഥാഗതിയിൽ ഒരു ടേണിംഗ് പോയിന്റ് ഉണ്ടാക്കുകയും ചെയ്യുന്ന ഒരാളാണ് ഇത്തിക്കരപ്പക്കി. മോഹൻലാലിന്റെ പ്രസൻസ് ആ കഥാപാത്രത്തെ മറ്റൊരു ലെവലിൽ എത്തിച്ചിട്ടുമുണ്ട്.
എത്ര സമയമെടുത്തു ഈ സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ?
സഞ്ജയ്: ഏതാണ്ട് 10 മാസത്തോളം സമയമെടുത്തിട്ടുണ്ട്. കാരണം ഒരു കഥാപാത്രത്തിന് പേരിടുമ്പോൾ പോലും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ടായിരുന്നു. ഇന്ന ജാതിക്കാരന് ഇന്ന പേര് പറ്റില്ല, അക്കാലത്ത് ഉണ്ടായ പേരുകൾ ആവണം. അങ്ങനെ കുറേ കാര്യങ്ങൾ.