കൊച്ചി: നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ന്റെയും പ്രശസ്തനടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെയും ഷൂട്ടിംഗ് ഇന്ന് കൊച്ചിയിൽ​ ആരംഭിച്ചു.

‘മിഖായേൽ’ എന്ന ‘ഗാർഡിയൻ ഏയ്ഞ്ചൽ’

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഖായേൽ’. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണം. അദേനിയും നിവിനും ആദ്യമായി​ ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ‘ഗ്രേറ്റ് ഫാദറി’ന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദേനിയുടെതായിരുന്നു.

‘ഗാർഡിയൻ ഏയ്ഞ്ചൽ’ എന്ന ടാഗ് ലൈനോടെയാണ് ‘മിഖായേൽ’ അവതരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്. വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് അണിയറ വാർത്തകൾ. എന്നാൽ ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ദേശീയ അവാർഡ് ജേതാവായ ജെഡി ചക്രവർത്തി, കലാഭവൻ ഷാജോൺ, കെപിഎസി ലളിത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്നു രാവിലെ കൊച്ചിയിൽ നടന്ന പൂജാ ചടങ്ങിൽ സംവിധായകരായ അരുൺഗോപി, അനിൽ രാധാകൃഷ്ണ മേനോൻ, രൺജി പണിക്കർ, ശാന്തികൃഷ്ണ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു. ‘കായംകുളം കൊച്ചുണ്ണി’ എന്ന ചിത്രത്തിനു ശേഷം നിവിൻ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘മിഖായേൽ’. ഹീബ്രു ഭാഷയിൽ ‘മിഖായേൽ’ എന്നാൽ ‘ദൈവത്തെ പോലെ ആരുണ്ട്?’ എന്നാണർത്ഥം വരുന്നത്. ആരുടെ രക്ഷകനായിട്ടാണ് ചിത്രത്തിൽ നിവിൻ എത്തുന്നതെന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം.

‘An International ലോക്കൽ സ്റ്റോറി ‘

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നാണ് ഹരിശ്രീ അശോകന്റെ ആദ്യസംവിധാന സംരംഭമായ ‘An International ലോക്കൽ സ്റ്റോറി ‘ നിർമ്മിക്കുന്നത്. രഞ്ജിത്ത്, ഇബൻ, സനീഷ് അലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ബി.കെ ഹരിനാരായണൻ, വിനായകൻ എന്നിവരുടെ വരികൾക്ക് ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീതം പകരുന്നു.

രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ബിജു കുട്ടൻ, ദീപക്, അശ്വിൻ ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, അബു സലീം, മാല പാർവ്വതി, ശോഭ മോഹൻ, നന്ദലാൽ, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഒമ്പത് മണിക്ക് എറണാക്കുളം ടൗൺ ഹാളിൽ വെച്ച് ” An International ലോക്കൽ സ്റ്റോറി” യുടെ സ്വിച്ചോൺ കർമ്മം സംവിധായകൻ ജോഷി നിർവ്വഹിച്ചു .പ്രശസ്ത സംവിധായകൻ സിദ്ധിഖ് ആദ്യ ക്ലാപ്പടിച്ചു.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ