മലയാളസിനിമയ്ക്ക് അഞ്ച് പുതുമുഖതാരങ്ങളെയും ഒരു നവാഗത സംവിധായകനെയും സമ്മാനിച്ച ചിത്രമായിരുന്നു 2010 ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’. സ്വന്തമായി രചനയും സംവിധാനവും നിർവ്വഹിച്ച് വിനീത് ശ്രീനിവാസൻ സ്വതന്ത്രസംവിധായകനായി വെള്ളിത്തിരയിലേക്ക് കയറി വന്നപ്പോൾ നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാരെ കൂടെ മലയാളസിനിമയിലേക്ക് കൈപ്പിടിച്ചു കയറ്റുകയായിരുന്നു. ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലർവാടിയിലെ ആ പഴയ കൂട്ടുകാർ വീണ്ടുമൊന്നിക്കുകയാണ് ധ്യാൻ ശ്രീനിവാസന്റെ ‘ലവ് ആക്ഷൻ ഡ്രാമ’യിൽ. ചേട്ടന്റെ ചിത്രത്തിലൂടെ തങ്ങളുടെ അരങ്ങേറ്റം കുറിച്ചവർ അനിയന്റെ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. ധ്യാനിന്റെ ആദ്യ സംവിധാനസംരംഭമാണ് ‘ലവ് ആക്ഷൻ ഡ്രാമ’.

നിവിൻ, അജു വർഗ്ഗീസ്, ഹരികൃഷ്ണൻ, ഭഗത് എന്നിവർ ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ശ്രാവൺ ഇല്ല, അധികം വൈകാതെ ശ്രാവണും ഞങ്ങൾക്കൊപ്പം ജോയിൻ ചെയ്യുമെന്നാണ് ഇവർ പറയുന്നത്. ഉത്തരമലബാറിലെ ഒരു നാട്ടിൻപ്പുറത്തുള്ള മലർ‌വാടി എന്ന ആർട്സ് ക്ലബ്ബിന്റെയും അതിലെ അംഗങ്ങളായ അഞ്ചു സുഹൃത്തുക്കളുടെയും സുഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘മലർവാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്’.

നിവിൻ പോളിയും നയൻതാരയുമാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ദിനേശനായി നിവിൻ, ശോഭയായി നയൻതാര: ‘ലവ് ആക്ഷൻ ഡ്രാമ’ തുടങ്ങി

മലർവാടി താരങ്ങൾക്കൊപ്പം ഉർവശിയും ചിത്രത്തിൽ​ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് നയൻതാര വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പുതിയ നിയമം’ ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ