പുതിയ ചിത്രം ‘പടവെട്ടി’ പോസ്റ്റർ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് നടൻ നിവിൻ പോളി. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. അദിതി ബാലനാണ് ചിത്രത്തിലെ നായിക. ഒരു പൊളിറ്റിക്കൽ ഡ്രാമയായ ചിത്രം 2022 ൽ പ്രദർശനത്തിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
” സംഘർഷത്തിന്റെ കഥ, പോരാട്ടം… അതിജീവനം… മനുഷ്യൻ ഉള്ളടത്തോളം കാലം പോരാട്ടം തുടരും,” പോസ്റ്റർ പങ്കുവച്ച് നിവിൻ കുറിച്ചു. “ആദ്യം കേട്ടപ്പോൾ തന്നെ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥയാണ് ഇത്. രണ്ടാമതും ലഭിക്കുന്ന അവസരങ്ങളുടെയും തെറ്റിനെതിരെ നിൽക്കാനുള്ള മനോബലം ഉണ്ടാക്കുന്നതിന്റെയും കഥയാണിത്. കഥാഗതിയും വികാരങ്ങളും കഥാപാത്രങ്ങളുടെ മനോഹരമായ ചിത്രീകരണവും പ്രേക്ഷക മനസ്സിൽ സ്വീകാര്യത നേടുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു,” നിവിൻ പറയുന്നു.
ആൻഡ്രോയ്ഡ് കുത്തപ്പൻ എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ ആണ് റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു നിവിൻ ചിത്രം. സുധീഷ് , ജാഫർ ഇടുക്കി, ജോയ് മാത്യു, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് തുടങ്ങി വലിയ താരനിര തന്നെ നിവിനോടൊപ്പം അഭിനയിക്കുന്നുണ്ട്.