scorecardresearch

ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; 'മൂത്തോൻ' വിശേഷങ്ങളുമായി നിവിൻ പോളി

എനിക്ക് പറ്റുമെന്ന് ഞാൻ വിചാരിച്ചതിലും അപ്പുറത്തേക്ക് ഗീതു എന്നെ പുഷ് ചെയ്തിട്ടുണ്ട്

എനിക്ക് പറ്റുമെന്ന് ഞാൻ വിചാരിച്ചതിലും അപ്പുറത്തേക്ക് ഗീതു എന്നെ പുഷ് ചെയ്തിട്ടുണ്ട്

author-image
Dhanya K Vilayil
New Update
Nivin Pauly, നിവിൻ പോളി, Nivin Pauly interview, നിവിൻ പോളി അഭിമുഖം, Moothon, മൂത്തോന്‍, ഗീതു മോഹന്‍ദാസ്‌, moothon release, moothonin movie release, nivin pauly moothon

നിവിൻ പോളി എന്ന പേര് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തെളിയുക, അൽപ്പം കുസൃതിയും ഉഴപ്പും തമാശകളും ചിരികളികളുമൊക്കെയുള്ള അയൽപ്പക്ക പയ്യനെയാവും. 'കായംകുളം കൊച്ചുണ്ണി', 'മിഖായേൽ', 'ആക്ഷൻ ഹീറോ ബിജു', '1983', 'ഹേയ് ജൂഡ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ആ ഇമേജിനെ മറികടക്കാൻ നിവിൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ കൂടിയും. അവസാനം തിയേറ്ററുകളിലെത്തിയ 'ലവ് ആക്ഷൻ ഡ്രാമ'യിലും അടുത്ത വീട്ടിലെ പയ്യൻ ഇമേജായിരുന്നു നിവിന്. അതുകൊണ്ടു തന്നെ, ഇതുവരെ കാണാത്ത രൂപഭാവങ്ങളിൽ സങ്കീർണ്ണമായ കഥാപാത്രമായി 'മൂത്തോനി'ൽ നിവിൻ എത്തുമ്പോൾ പ്രേക്ഷകർക്കും ആകാംക്ഷയേറുകയാണ്.

Advertisment

ഇതുവരെ കണ്ട നിവിനെയല്ല 'മൂത്തോൻ' മലയാളി പ്രേക്ഷകർക്കു മുന്നിലേക്കു നീക്കി നിർത്തുന്നത്. നവംബർ എട്ടിന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ, 'മൂത്തോന്റെ' വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് നിവിൻ.

കേരളത്തിലെ തിയേറ്ററുകളിലെത്തും മുൻപ്, ടൊറന്റോയിലും മുംബൈ ചലച്ചിത്രമേളയിലുമൊക്കെ തിളങ്ങിയതിനു ശേഷമാണല്ലോ 'മൂത്തോന്റെ' വരവ്. ഇത്തരമൊരു അനുഭവം ആദ്യമല്ലേ?

അതെ, വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു. നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരു സിനിമ രാജ്യാന്തര ചലച്ചിത്രമേളകളിൽ പങ്കെടുക്കുന്നു, അവിടെ ശ്രദ്ധ കിട്ടുന്നു, ആളുകൾ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നു, നമ്മൾ അതിന്റെ ഭാഗമാകുന്നു- അതൊക്കെ സുഖമുള്ള അനുഭവമായിരുന്നു. അതൊരു അച്ചീവ്മെന്റായി നമുക്കു തന്നെ ഫീൽ ചെയ്യും. ടൊറന്റോ കഴിഞ്ഞ് മുംബൈ ചലച്ചിത്രമേളയിൽ പോയി. അവിടെ ഓപ്പണിങ് സിനിമയായിരുന്നു 'മൂത്തോൻ'. ഒരുപാട് സിനിമകളിൽനിന്നാണ് നമ്മുടെ സിനിമ തെരെഞ്ഞെടുക്കപ്പെടുന്നത്. അതു തന്നെ വലിയ സന്തോഷമാണ്.

Advertisment

Nivin Pauly, നിവിൻ പോളി, Nivin Pauly interview, നിവിൻ പോളി അഭിമുഖം, Moothon, മൂത്തോന്‍, ഗീതു മോഹന്‍ദാസ്‌, moothon release, moothonin movie release, nivin pauly moothon

ടൊറന്റോയിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം നേരിട്ടപോയി ആളുകളുടെ പ്രതികരണങ്ങൾ അടുത്തറിയാൻ സാധിച്ചുവല്ലോ? ഏറ്റവും ഹൃദയസ്പർശിയായ എന്തെങ്കിലും അനുഭവങ്ങൾ?

മലയാളികൾ അല്ലാത്തവർ നമ്മുടെ സിനിമയുടെ ക്വാളിറ്റി, കണ്ടന്റ് അതിനെ കുറിച്ചൊക്കെ സംസാരിക്കുന്നത് എന്തൊരു സന്തോഷമാണ്. സിനിമ കണ്ടിറങ്ങി അവർ നേരിട്ട് സംസാരിക്കുന്നു.അവർക്കെന്ത് ഫീൽ ചെയ്തുവെന്നത് എക്സ്പ്രസ് ചെയ്യുന്നു. അതൊക്കെ വേറിട്ട അനുഭവമായിരുന്നു. ആ പ്രതികരണങ്ങൾ നേരിട്ടുകേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.

'മൂത്തോൻ' എന്ന സിനിമയ്ക്കു വേണ്ടി നിവിൻ നടത്തിയ തയ്യാറെടുപ്പുകൾ?

പ്രധാനമായും കഥാപാത്രത്തിനായി വണ്ണം കൂട്ടണമായിരുന്നു. ചിത്രത്തിൽ രണ്ടു കാലഘട്ടം കാണിക്കുന്നുണ്ട്. അതിനായി അൽപ്പം ബൾക്കി ആയി വരണം എന്നു പറഞ്ഞു. ഏഴെട്ടു കിലോയോളം അങ്ങനെ കൂട്ടി. വണ്ണം വയ്ക്കുക എളുപ്പമായിരുന്നു. നന്നായി ഭക്ഷണം കഴിച്ചാൽ മതിയല്ലോ. പക്ഷേ കുറയ്ക്കൽ പരിപാടി ഇത്തിരി ബുദ്ധിമുട്ടായിരുന്നു. ഇനിയും കുറയാനുണ്ട്. ഇനിയാണ് ശരിക്കും കഷ്ടപ്പാട് കിടക്കുന്നത്. (ചിരിക്കുന്നു)

Nivin Pauly, നിവിൻ പോളി, Nivin Pauly interview, നിവിൻ പോളി അഭിമുഖം, Moothon, മൂത്തോന്‍, ഗീതു മോഹന്‍ദാസ്‌, moothon release, moothonin movie release, nivin pauly moothon

നിവിൻ എന്ന നടനെ മാക്സിമം ഉപയോഗപ്പെടുത്തിയ സംവിധായിക ആരായിരിക്കും?

എനിക്കു തോന്നുന്നത് അതു ഗീതു തന്നെയാണെന്നാണ്. എന്നെ ഏറ്റവും നന്നായി ഉപയോഗിച്ചത് 'മൂത്തോനു' വേണ്ടിയാവും. എനിക്ക് പറ്റുമെന്ന് ഞാൻ വിചാരിക്കുന്നതിലും അപ്പുറം ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞ് പുഷ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട് ഗീതു. ഞാനാദ്യം ചെയ്തതും ഒടുവിൽ ചെയ്തതും തമ്മിലുള്ള വ്യത്യാസം കാണുമ്പോൾ അറിയാം, എത്രമാത്രമാണ് ഒരു ഡയറക്ടർ ആക്റ്ററിനെ പുഷ് ചെയ്തത് എന്ന്. തന്റെ സിനിമ നന്നാവണം എന്നു മാത്രമല്ല,​ അതിനകത്തുള്ള​ അഭിനേതാക്കളും നന്നാവണം, അവരെക്കുറിച്ച് ആളുകൾ സംസാരിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഗീതു അതു ചെയ്യുന്നത്. ആ ഒരു പ്രോസസ് വളരെ നല്ലതായിരുന്നു.

ഓരോ സീനും എന്തിന് ഒരു നോട്ടം പോലും ഒരുപാട് ചിന്തിച്ചാണ് ചെയ്തത്. ഒരു ചിരി പോലും കുറേ ചിന്തിച്ചും സമയമെടുത്തുമേ ചെയ്യാൻ സമ്മതിക്കുകയുള്ളൂ. പെട്ടെന്ന് അങ്ങ് ചെയ്തു പോവാൻ ഒന്നും സമ്മതിക്കില്ല. ഗീതുവിനൊപ്പം വർക്ക് ചെയ്യുമ്പോൾ അത് മനസ്സിലാവും. ഞാൻ വിചാരിച്ചതിലും രണ്ടു ലെവൽ അപ്പുറത്തേക്ക് ഗീതു എന്നെ പുഷ് ചെയ്തിട്ടുണ്ട്.

ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക ആണ്. പുള്ളിക്കാരി മനസ്സിൽ കാണുന്ന സിനിമയ്ക്ക് അതിന്റേതായൊരു സ്റ്റാൻഡേർഡ് വേണം. ഇന്റർനാഷണൽ തലത്തിലൊക്കെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണെന്ന് വിചാരിക്കുന്ന ഒരു സംവിധായികയാണ്. എളുപ്പം കൺവിൻസ് ചെയ്യാൻ പറ്റില്ല. അത് ടെക്നിക്കൽ കാര്യങ്ങളിലായാലും പെർഫോമൻസിന്റെ കാര്യത്തിലായാലും അതെ. എളുപ്പപ്പണികളൊന്നും നടക്കില്ല, കറക്റ്റായിട്ടെ ചെയ്യൂ. ഇത്തരം ഫിലിമേക്കർ ഉണ്ടാകുന്നത് ഇൻഡസ്ട്രിയ്ക്കും ഗുണമാണ്.

'മൂത്തോനി'ലെ ഏതു സീനാണ് അഭിനയത്തിൽ വെല്ലുവിളിയായത്?

എല്ലാ സീനും ബുദ്ധിമുട്ടായിരുന്നു (ചിരിക്കുന്നു). അത്രയ്ക്ക് എളുപ്പം ചെയ്തു പോവുന്ന ഒരു സീനും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അത്ര ആഴത്തിൽ ചെയ്തിട്ടുള്ള ഒരു സ്ക്രിപ്റ്റാണ്. ഓരോ സീനും ഡിമാൻഡിങ് ആയിരുന്നു, ക്യാമറ ഡിപ്പാർട്ട്മെന്റും സൗണ്ട് ഡിപ്പാർട്ട്മെന്റ് പോലും ഡിമാൻഡിങ് ആയി ചെയ്യേണ്ട ജോലിയായിരുന്നു. ചെറിയ സീനുകൾ പോലും എളുപ്പം എന്ന സംഭവം വിട്ടിട്ട് ചെയ്യുകയായിരുന്നു.

പുതിയ ചിത്രങ്ങൾ?

രാജീവ് രവി ചിത്രം 'തുറമുഖം' ഷൂട്ടിംഗ് കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. 'പടവെട്ട്' എന്നൊരു ചിത്രം കൂടി വരുന്നുണ്ട്.

Read more: ‘മൂത്തോന്‍’ വന്ന വഴികള്‍: ഗീതു മോഹന്‍ദാസ്‌ അഭിമുഖം

New Release Nivin Pauly Geethu Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: