ജിഷ്‌ണു പ്രണോയിയുടെ കുടുംബത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതീകാത്മക പ്രതിഷേധവുമായി നിവിൻ പോളി. ഫെയ്‌സ്ബുക്കിൽ തന്റെ പ്രൊഫൈൽ ചിത്രം നിവിൻ ഇന്ന് കറുപ്പാക്കിയത് സംഭവത്തോടുളള പ്രതിഷേധമറിയിച്ചാണെന്നാണ് സൂചന. പ്രൊഫൈൽ ചിത്രം കറുപ്പാക്കിയെന്നല്ലാതെ ഈ വിഷയത്തിൽ നിവിൻ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല.

നിവിൻ പോളിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രം

നിവിൻ പോളി നായകനായെത്തുന്ന സഖാവ് എന്ന ചിത്രം തിയേറ്ററുകളിലെത്താനിരിക്കുകയാണ്. സിദ്ധാർത്ഥ് ശിവ ഒരുക്കുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത വേഷത്തിലാണ് നിവിൻ എത്തുന്നത്. തീപ്പൊരി സഖാവായ കൃഷ്‌ണനായും സഖാവ് കൃഷ്‌ണകുമാറായും. സഖാവ് സിനിമയുടെ ഓഡിയോ റിലീസ് ഇന്ന് ആലപ്പുഴ ബീച്ചിൽ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം സിനിമയുടെ പ്രചരണാർത്ഥം നിവിൻ തലശ്ശേരിയിൽ റോഡ് ഷോ നടത്തിയിരുന്നു.വൻ ജനാവലി പങ്കെടുത്ത റോഡ് ഷോ എംഎൽഎ എം.എൻ.ഷംസീറാണ് ഉദ്ഘാടനം ചെയ്‌തത്.ബിനീഷ് കോടിയേരിക്കൊപ്പമായിരുന്നു നിവിൻ തലശ്ശേരിയിലെത്തിയത്. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് സഖാവ് നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ