മലയാള സിനിമ പ്രേമികളുടെ പ്രിയനായകൻ നിവിൻ പോളിയുടെ ജന്മദിനമാണ് ഇന്ന്. നിവിന് ജന്മദിന സമ്മാനമായി എത്തിയിരിക്കുകയാണ് ‘പടവെട്ട്’ ടീം. ചിത്രത്തിന്റെ ലൊക്കേഷനിലെ പല രസകരമായ സംഭവങ്ങളും കോർത്തിണക്കിയുള്ള ഒരു വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.
സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. മാസ്സ് ലുക്കിലാണ് നിവിൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
Read More: ബ്രേക്ക് ഡാൻസ് ചെയ്യുന്ന ഈ കൊച്ചുമിടുക്കനെ മനസിലായോ?
ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്‌ഷന്‍ കൺട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്‌മങ്ക്സ്.
ഇതിന് പുറമെ, നിവിന് ജന്മദിനാശംസകളുമായി നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഗീതു മോഹൻദാസ്, മോഹൻലാൽ, പൂർണിമ, അജുവർഗീസ് തുടങ്ങിയവരെല്ലാം നിവിന് ആശംസകൾ നേർന്നു.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലും നിവിൻ പോളിയാണ് നായകൻ. തുറമുഖത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.