Kayamkulam Kochunni Review: 351 ൽ പരം തിയേറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് തിയേറ്ററുകളിലെത്തിയ ‘കായംകുളം കൊച്ചുണ്ണി’ ഒരു ‘ഹെവി’ പടമാണ്. 45 കോടിയുടെ ബജറ്റിൽ,  161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷം വെള്ളിത്തിരയിലെത്തിയ കൊച്ചുണ്ണി പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നു മാത്രമല്ല, ആദ്യം മുതൽ അവസാനം വരെ ആവേശത്തോടെ കാഴ്ചക്കാരെ പിടിച്ചിരുത്താനും സിനിമയ്ക്കു സാധിക്കുന്നുണ്ട്. പ്രളയാനന്തര കേരളത്തിൽ മുങ്ങിപ്പോയ സിനിമാവ്യവസായത്തിന് പുത്തൻ ഉണർവ്വു നൽകുകയാണ് ‘കായംകുളം കൊച്ചുണ്ണി’.

പട്ടിണി സഹിക്കാൻ പറ്റാതെ അരി മോഷ്ടിച്ച ഉപ്പയെ നാട്ടുപ്രമാണികൾ തല്ലി ചതയ്ക്കുന്നതു കാണേണ്ടി വന്ന കുട്ടിയാണ് കൊച്ചുണ്ണി. അന്നാട്ടിൽ നിന്നാൽ മകൻ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ ഉമ്മ അവനോട് നാടു വിട്ടു പോവാൻ പറയുന്നു. കള്ളൻ ബാപ്പുട്ടിയുടെ മകനാണെന്ന് ആരോടും പറയേണ്ടൊന്നൊരു ഉപദേശവും ഉമ്മ അവനായി നൽകുന്നുണ്ട്. ആ മേൽവിലാസം അവന്റെ ജീവിതത്തിൽ നിഴൽ വീഴ്ത്തുമെന്ന ദീർഘവീക്ഷണവും ആ ഉമ്മയ്ക്കുണ്ട്.

അവൻ ചെന്നെത്തുന്നത് കായംകുളത്താണ്. സത്യസന്ധതയും പ്രായത്തിന്റേതായ ചാപല്യങ്ങളും പ്രണയങ്ങളും ചുറ്റുമുള്ളവരോട് കനിവുമൊക്കെയുള്ള സാധാരണക്കാരനായ യുവാവാണ് കൊച്ചുണ്ണി. അതേസമയം സമൂഹത്തിലെ ജാതിവ്യവസ്ഥയോടും ബ്രിട്ടീഷ് ഭരണത്തോടുമൊക്കെ പ്രതിഷേധവുമുണ്ട് കൊച്ചുണ്ണിയ്ക്ക്. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവവികാസങ്ങൾ കൊച്ചുണ്ണിയെ മാറ്റുകയാണ്.

Read More: സിനിമാ ജീവിതത്തിലെ സുപ്രധാന കഥാപാത്രവുമായി പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളി എത്തുന്നു: ‘കായകുളം കൊച്ചുണ്ണി’ തിയേറ്ററുകളില്‍

Kayamkulam Kochunni Review: ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹൻലാൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിസ്മയിപ്പിക്കുകയാണ്. കൊച്ചുണ്ണിയുടെ ജീവിതത്തിലെ വളരെ നിർണായകമായൊരിടത്ത് പ്രത്യക്ഷപ്പെടുന്ന ഇത്തിക്കരപ്പക്കിയായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടി. തന്റെ ചലനങ്ങളിൽ പോലും പ്രത്യേകത സൂക്ഷിച്ച, കായംകുളത്തെ ഓരോ ഇലയനക്കവും അറിയുന്ന, അനീതി വാഴുന്ന എല്ലാ നാടുകളിലും തന്നെയും കൊച്ചുണ്ണിയേയും പോലെ കമ്മ്യൂണിസ്റ്റ് ചിന്തയുള്ള കള്ളൻമാർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഇത്തിക്കരപ്പക്കിയെ ഏറെ സൂക്ഷ്മമായി, മനോഹരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് മോഹൻലാൽ. പലപ്പോഴും അയാൾക്ക് പരുന്തിന്റെ ഭാവമാണ്. അത്രയും പെര്‍ഫെക്ഷനോടെയാണ് രൂപത്തിലും ഭാവത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായിരിക്കുന്നത്. നോട്ടം കൊണ്ടും ചലനം കൊണ്ടും ഇത്തിക്കരപ്പക്കി വലിയൊരു ഓളമാണ് സൃഷ്ടിക്കുന്നത്. തിയേറ്ററിന്റെ മൊത്തം കയ്യടി വാങ്ങിയെടുക്കുന്ന ലാൽ മാജിക് ആണ് ‘കായംകുളം കൊച്ചുണ്ണി’യുടെ ഹൈലൈറ്റ്.

Read More: ഇത്തിക്കരപ്പക്കി: കഥയും കഥാപാത്രവും

Image may contain: 1 person, smiling, standing, sky, outdoor and nature

Kayamkulam Kochunni Review: നിവിൻ പോളിയുടെ കരിയറിലെയും ഏറ്റവും മികച്ച ചിത്രമാണ് കായംകുളം കൊച്ചുണ്ണി എന്നു തന്നെ പറയേണ്ടി വരും. ആദ്യ പകുതിയിൽ നമ്മൾ പലപ്പോഴും കണ്ട അയൽപ്പക്കത്തെ ചെറുപ്പക്കാരൻ ഇമേജിലാണ് നിവിൻ എത്തുന്നതെങ്കിൽ, രണ്ടാം പകുതിയിൽ അയാൾ നല്ല അസ്സൽ കള്ളനാണ്. ഉള്ളിൽ നന്മയും തന്നെ ചതിച്ചവരോട് പകയും ജാതിമേൽക്കൊയ്മ കൊണ്ട് ജീവിതം ദുസ്സഹമായ താഴ്ന്ന ജാതിക്കാരോട് കനിവുമുള്ള കള്ളനായി നിവിൻ പോളി അഭിനയത്തിന്റെ രണ്ടു റേഞ്ചുകളിലേക്കും സഞ്ചരിക്കുന്നുണ്ട്. ചിത്രത്തിന്റെ പകുതിയിൽ മോഹൻലാൽ നേടിയ കയ്യടി, ക്ലൈമാക്സിൽ നേടിയെടുക്കാൻ കൊച്ചുണ്ണിയ്ക്കും ആവുന്നുണ്ട്. മോഹൻലാൽ എന്ന അഭിനയപ്രതിഭ ഉണ്ടാക്കിവെയ്ക്കുന്ന ഒരു വലിയ ഓളം പിന്നീടങ്ങോട്ടും നിലനിർത്തി കൊണ്ടു പോവുക എന്നതാണ് നിവിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. എന്നാൽ ആ ഉദ്യമത്തിൽ നല്ലൊരളവു വരെ നിവിൻ വിജയിച്ചിട്ടുണ്ട്.  ഒരു സാധാരണ യുവാവില്‍ നിന്നും വവ്വാക്കാടിന്റെ അധിപനായ ‘കായംകുളം കൊച്ചുണ്ണി’ എന്ന മഹാകള്ളനായി നിവിൻ മാറുന്ന കാഴ്ച കൗതുകത്തോടെ തന്നെ കണ്ടിരിക്കാം.

‘കായംകുളം കൊച്ചുണ്ണി’ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ കയ്യൊപ്പു പതിഞ്ഞ സിനിമയാണ്. കളിമണ്ണിൽ ഇഷ്ടരൂപങ്ങൾ മെനെഞ്ഞെടുക്കുന്ന ഒരു ശില്പിയുടെ വൈദഗ്ധ്യത്തോടെ തന്നെ നിവിൻ പോളി എന്ന നടനിൽ നിന്നും കൊച്ചുണ്ണിയെ കണ്ടെത്താൻ റോഷൻ ആൻഡ്രൂസിന് സാധിച്ചിട്ടുണ്ട്. മറ്റൊരു കാലത്തേക്കു പോയി വന്ന അനുഭൂതിയാണ് സിനിമയുടെ പശ്ചാത്തലം പ്രേക്ഷകന് സമ്മാനിക്കുക. പഴയ കാലം പുനസൃഷ്ടിക്കുക എന്ന വെല്ലുവിളിയെ സിനിമ നല്ല രീതിയിൽ തന്നെ സാക്ഷാത്കരിച്ചിട്ടുണ്ട്. ഭൂപ്രകൃതി, വസ്ത്രധാരണം, ഭക്ഷണരീതി, സാമൂഹിക ആചാര അനുഷ്ഠാനങ്ങള്‍ തുടങ്ങിയ എല്ലാം അതിന്റേതായ രീതിയിൽ തന്നെ ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

Read More: കായംകുളം കൊച്ചുണ്ണി: കഥാപാത്രങ്ങള്‍, ലൊക്കേഷന്‍, കലാ സംവിധാന വിശേഷങ്ങള്‍

Kayamkulam Kochunni Review: കുഞ്ഞു നാളിൽ വായിച്ചു പോയ അമര്‍ചിത്രകഥകളിൽ നിന്നും ചതിയും വഞ്ചനയും പ്രണയവും കണ്ണീരും പോരാട്ടവുമെല്ലാം നിറഞ്ഞ ഒരു കഥയാക്കി കൊച്ചുണ്ണിയെ മലയാളികൾക്ക് മുന്നിലെത്തിക്കുന്നതിൽ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥയ്ക്ക് മികച്ചൊരു റോൾ തന്നെയുണ്ട്. ‘കായംകുളം കൊച്ചുണ്ണി’ എന്ന പാടിപതിഞ്ഞ കഥയിൽ നിന്നും ഒരു സിനിമയ്ക്ക് വേണ്ട ഘടകങ്ങൾ കണ്ടെത്തി എന്നത് തിരക്കഥാകൃത്തുക്കളുടെ ബ്രില്ല്യൻസായി തന്നെ രേഖപ്പെടുത്തേണ്ടതാണ്.  കടൽ പോലെ കടന്നു കിടക്കുന്ന കൊച്ചുണ്ണി ചരിതത്തിൽ നിന്നും ഒരു സിനിമയുടെ ഫോർമാറ്റിലേക്കു വേണ്ട എലമെന്റുകൾ മാത്രം കൃത്യമായി ‘പിക്ക്’ ചെയ്തെടുക്കുകയാണ് ബോബിയും സഞ്ജയ്യും ചെയ്തിരിക്കുന്നത്.  മുൻപ് സീരിയലായും സിനിമയായുമൊക്കെ മലയാളികൾ കണ്ട ‘കായംകുളം കൊച്ചുണ്ണി’യുടെ കഥകളിൽ നിന്നും ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും ആ വരികൾക്കിടയിലെ സൂക്ഷ്മമായ വായന തന്നെയാണ്. ഒരു കാലഘട്ടത്തിന്റെ ഭാഷ പുനരാവിഷ്ക്കുന്നതിനൊപ്പം തന്നെ തിയേറ്ററിനെ ത്രസിപ്പിക്കുകയും മനസ്സിൽ സ്പർശിക്കുകയും ചെയ്യുന്ന പഞ്ച് ഡയലോഗുകൾ ഒരുക്കുന്നതിലും അഭിനന്ദനാർഹമായ മികവാണ് തിരക്കഥാകൃത്തുകൾ പുലർത്തിയിരിക്കുന്നത്. കഥ വായിച്ചവരുടെയും അന്നത്തെ സാമൂഹ്യപരിസരങ്ങളെകുറിച്ച് ഗൗരവമായി പഠിച്ചവരുടേയും കണ്ണില്‍പെടാതെപോയ ഒരു കാര്യം സിനിമ പറയുന്നുണ്ട്, കേരളം ഇതുവരെ കേള്‍ക്കാത്ത രഹസ്യം. അതു തന്നെയാണ് സിനിമയുടെ  ഹൈലൈറ്റ്.

Read More: ഐതിഹ്യമാലയില്‍ നിന്നും അഭ്രപാളികളിലേക്ക്: ‘കായംകുളം കൊച്ചുണ്ണി’യുടെ എഴുത്ത് വഴികള്‍

ബാബു ആന്റണിയാണ് ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച മറ്റൊരു താരം. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തിൽ നിർണായക പങ്കുള്ള തങ്ങൾ എന്ന കഥാപാത്രമായാണ് ബാബു ആന്റണി എത്തുന്നത്. ബാബു ആന്റണി എന്ന നടന്റെ ശരീരഘടനയെ തങ്ങൾ എന്ന കളരിഗുരുവിനായി നല്ല രീതിയിൽ തന്നെ സിനിമ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേശവനായെത്തുന്ന സണ്ണി വെയ്നും കൊച്ചുപ്പിള്ളയായി​ എത്തുന്ന ഷൈൻ ടോം ചാക്കോയും കുഞ്ഞുമരക്കാറായി എത്തുന്ന രോമാഞ്ചും സുഹ്റയായെത്തുന്ന പ്രിയങ്ക തിമ്മേഷുമെല്ലാം തന്റെ കഥാപാത്രങ്ങളെ മനോഹരമാക്കി. മണികണ്ഠൻ ആചാരി, സുധീര്‍ കരമന, മുകുന്ദൻ, സിദ്ദാർത്ഥ് ശിവ, സാദിഖ്, തെസ്നിഖാൻ, ജൂഡ് ആന്റണി, സുദേവ് നായർ, സുനിൽ സുഗദ, ഇടവേള ബാബു എന്നു വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജാനകി എന്ന കൊച്ചുണ്ണിയുടെ പ്രണയിനിയായെത്തുന്ന പ്രിയ​ ആനന്ദിന് കഥയിൽ നിർണായകമായ റോളുണ്ട്.

Kayamkulam Kochunni Review: മികച്ച ദൃശാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യമികവ് ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. 2018 ൽ നിന്നു ഈ സിനിമ കാണുന്ന ഒരു മലയാളികളെ നൂറ്റാണ്ടുകൾക്ക് അപ്പുറത്തേക്ക് കൂട്ടി കൊണ്ടു പോവുകയാണ് സിനിമോട്ടോഗ്രാഫി. മംഗലളൂരു, ഉഡുപ്പി ഭാഗങ്ങളിലായി പുനസൃഷ്ടിച്ച കേരളത്തിന്റെ പശ്ചാത്തലം സിനിമയ്ക്ക് നല്ല രീതിയിലുള്ളൊരു ബാക്ക് ഗ്രൗണ്ട് ഒരുക്കുന്നു. ശ്രീലങ്കയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ ക്ലൈമാക്സ് സംഘട്ടനങ്ങളും മികവു പുലർത്തി. കേവലമൊരു ദൃശ്യാനുഭവം എന്നതിന് അപ്പുറത്തേക്ക് മഹാകള്ളനായ കൊച്ചുണ്ണിയെക്കുറിച്ചും പഴയകാല കേരളത്തെകുറിച്ചും കൂടുതലായി മനസ്സിലാക്കാന്‍ വളരെ സൂക്ഷ്മമായ സജ്ജീകരണങ്ങളിലൂടെ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.  ‘ദേവദാസ്’, ‘രംഗ് ദേ ബസന്തി’ എന്നീ ചിത്രങ്ങളുടെ സിനിമോട്ടോഗ്രാഫറായ ബിനോദ്  പ്രധാനാണ് ചിത്രത്തിന്റെ പ്രധാന സിനിമോട്ടോഗ്രാഫർ. ചില സീനുകൾ സിനിമോട്ടോഗ്രാഫർമാരായ നീരവ് ഷായും സുധീർ പൽസാനയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

മികവു പുലർത്തിയ സംഘട്ടനമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംഘട്ടന രംഗങ്ങൾക്ക് ചിത്രത്തിൽ ഏറെ പ്രാഘാന്യമുണ്ട്. കളരിയെന്ന ആയോധനകലയെ ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തുകയാണ് ചിത്രം. സാഹസികമായ ഒരുപാട് സീനുകള്‍ സിനിമയിലുണ്ട്. ഫൈറ്റ് സ്വീകൻസുകളുടെ മികവ് കാഴ്ചക്കാരെ ത്രസിപ്പിക്കും. രാജശേഖർ ആണ് ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ.

ഗോപിസുന്ദറിന്റെ സംഗീതം കഥയോടും  കഥയുടെ  പശ്ചാത്തലത്തോടും നീതി പുലർത്തുന്നുണ്ട്. ഷോബിൻ കണ്ണൻകാട്ടിന്റെയും റഫീക്ക് അഹമ്മദിന്റെയും വരികൾ ചിത്രത്തിലെ പാട്ടുകളെയും ശ്രദ്ധേയമാക്കുന്നുണ്ട്. വിജയ് യേശുദാസും ശ്രേയ ഘോഷാലും ആലപിച്ച ‘കളരിയടവും ചുവടിൻ അഴകും കണ്ടു ഞാൻ’ എന്ന ഗാനവും ക്ലൈമാക്സിലെ പ്രാർത്ഥനാഗീതവുമൊക്കെ മികവു പുലർത്തുന്നു. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് ചിത്രത്തിന് ‘വെൽ പാക്ക്ഡ്’ ഫീൽ നൽകുന്നുണ്ട്.

Kayamkulam Kochunni Review: ശ്രീ ഗോകുലം മൂവീസ് ആണ് മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബജറ്റ് ചിത്രമായ ‘കായംകുളം കൊച്ചുണ്ണിയു’ടെ  നിർമ്മാതാക്കൾ. 35 കോടി ബജറ്റിൽ നിർമ്മിച്ച ജയരാജിന്റെ ‘വീരം’ എന്ന ചിത്രത്തെ പിന്നിലാക്കിയാണ് കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും ‘വിലപിടിച്ച ചിത്രം’ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പട്ടികയെടുത്താൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ഇതോടെ ഗോകുലം ഫിലിംസ് തന്നെ കൊണ്ടുപോവുകയാണ്,  27 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ‘കേരള വർമ്മ പഴശ്ശിരാജ’യായിരുന്നു മുൻപ് ഗോകുലം മൂവീസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് കാറ്റഗറി ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook