പട്ടാള സിനിമകളുടെ സംവിധായകനാണ് മേജർ രവി. കീർത്തി ചക്ര, കുരുക്ഷേത്ര തുടങ്ങി അദ്ദേഹം ചെയ്‌ത മിക്ക സിനിമകൾക്കും ഒരു പട്ടാള ചായ്‌വുണ്ടായിരുന്നു. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഒന്നു ചുവട് മാറ്റി പിടിക്കാനൊരുങ്ങുകയാണ് മേജർ രവി. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു പ്രണയ ചിത്രവുമായി എത്തുകയാണ് മേജർ രവി. ചിത്രത്തിൽ നായകനായെത്തുന്നത് യുവതാരങ്ങളിലെ ശ്രദ്ധേയനായ നിവിൻ പോളിയാണ്. മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേഴ്‌സാണ് മേജർ രവിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രിലിൽ ഈ ചിത്രം തിയേറ്ററിലെത്തും.

“ആദ്യമായിട്ടാണ് ഒരു പ്രണയ ചിത്രം ചെയ്യുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുളള പ്രണയ കഥയാണിത്. പ്രണയം എല്ലായ്‌പ്പോഴും വിജയിക്കും, കാരണം അതിന് വേണ്ടി എന്തും ചെയ്യാൻ നിങ്ങൾ തയാറായിരിക്കുമെന്നതാണ് ചിത്രത്തിന്റെ പ്രമേയം. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നിവിനുമായി ചിത്രത്തിന്റെ അന്തിമ ധാരണയിലെത്തിയത്. ഒരുപാട് വലിയ താരങ്ങളുളള ചിത്രമാണിത്. ചിത്രത്തിനായി ഒരു പുതുമുഖ നായികയെ തേടുകയാണ്.”- മേജർ രവി പറഞ്ഞു.

മേജർ രവിയുടെ പിക്കറ്റ് 43 ക്കായി ക്യാമറ ചലിപ്പിച്ച ജോമോൻ ടി.ജോണാണ് ഈ പ്രണയ ചിത്രത്തിന്റ ഛായാഗ്രാഹകൻ. സംഗീതം നൽകുന്നത് ഗോപി സുന്ദറായിരിക്കും. ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

അതേസമയം, മോഹൻലാലും മേജർ രവിയും ഒന്നിക്കുന്ന 197 ബിയോണ്ട് ബോർഡേഴ്‌സാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. യുദ്ധത്തെ അടിസ്ഥാനമാക്കിയുളള കഥയാണ് ചിത്രം പറയുന്നത്. കേണൽ മഹാദേവനായും മേജർ സഹദേവനായും മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നുണ്ട്. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ