അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയൊരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. മമ്മൂട്ടിയെ നായകനാക്കി ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘മിഖായേല്‍’ എന്നാണ്. ചിത്രത്തിന്റെ പേരും ടൈറ്റില്‍ പോസ്റ്ററും നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.

നേരത്തെ മമ്മൂട്ടിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിവിന്‍ പോളി തന്നെ നായകനാകുമെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ആന്റോ ജോസഫാണ് മിഖായേലിന്റെ നിര്‍മ്മാതാവ്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.

തന്റെ ആദ്യ രണ്ട് ചിത്രങ്ങളും പോലെ മിഖായേലും ആക്ഷനും സ്‌റ്റൈലുമൊക്കെ നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിവിന്‍ പോളിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ