കമല്‍ ഹാസന്റെ പാപനാശം എന്ന ചിത്രത്തില്‍ മകളുടെ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. മലയാളികള്‍ക്ക് അല്ലാതെ തന്നെ നിവേദയെ അറിയാം. പാപനാശത്തിനു ശേഷം പിന്നീട് നിവേദ തെലുങ്ക് സിനികളില്‍ സജീവമായി, അവിടുത്തെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളുമായി.

ഇപ്പോള്‍ മറ്റൊരു വലിയ അവസരമാണ് നിവേദയെ തേടി എത്തിയിരിക്കുന്നത്. രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ മകളായി നിവേദ എത്തുന്നു എന്നതാണ് പുതിയ വിവരം. ‘തലൈവര്‍ 167’ എന്നാണ് താത്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മുരുകദോസും അണിയറ പ്രവര്‍ത്തകരും നിവേദയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇതേക്കുറിച്ച് പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമായി രജനികാന്തിനെ വച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് രജനി എത്തുന്നത് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും തലൈവറെ കാക്കിയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുകയായിരിക്കും.

ഫോട്ടോ ഷൂട്ടിന്റെ ഭാഗമായുള്ള ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ലീക്ക് ആകുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി ഈ ചിത്രങ്ങള്‍ പുറത്തുവിടുന്നതു വരെ തലൈവര്‍ ആരാധകരോട് ഇത് പ്രചരിപ്പിക്കുന്നതില്‍ ഭാഗമാകരുതെന്ന് അദ്ദേഹത്തിന്റെ വക്താവ് അഭ്യര്‍ത്ഥിച്ചിരുന്നു.

ഏപ്രില്‍ 10ന് സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി നയന്‍താര എത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നേരത്തേ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook