മലയാള സിനിമയിലൂടെ ബാലതാരമായി അരങ്ങേറി പിൽകാലത്ത് തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് നിവേദ തോമസ്. സമൂഹമാധ്യമങ്ങളിലൂടെ ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള നിവേദ, ഇപ്പോഴിതാ ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കിയ സന്തോഷമാണ് നിവേദ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കൊടുമുടിക്ക് മുകളിൽ ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് തന്റെ അഭിമാനനേട്ടം ആരാധകരെ അറിയിച്ചിരിക്കുന്നത്.
വടക്ക് കിഴക്കന്‍ ടാന്‍സാനിയയിലാണ് കിളി മഞ്ചാരോ സ്ഥിതി ചെയ്യുന്നത്. ഒരു നിഷ്ക്രിയ അഗ്നിപര്‍വതമാണ് ഇത്. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. ഉഹ്റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. 5,895 മീറ്ററാണ് ഇവിടത്തെ ഉയരം. അവിടെ നിന്നുമുള്ള ചിത്രമാണ് നിവേദ പോസ്റ്റ് ചെയ്തത്.
Also Read: ദുഃഖത്തിന്റെ അഞ്ച് ഘട്ടങ്ങൾ; വ്യത്യസ്ത ഫൊട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ
ബാലതാരമായിട്ടാണ് നിവേദ മലയാള സിനിമയിലേക്കെത്തിയത്. വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുളള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായ ‘റോമൻസ്’ ചിത്രത്തിൽ നായികയായെത്തിയെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.
തുടർന്ന് തമിഴിലേക്ക് നിവേദ ശ്രദ്ധ ചെലുത്തി. എന്നാൽ കോളിവുഡിൽ നിവേദയ്ക്ക് വിജയിക്കാനായില്ല. ജില്ലയിൽ വിജയ്യുടെ അനിയത്തിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ മറ്റു ചിത്രങ്ങളൊക്കെ പരാജയമായി. തമിഴിൽനിന്നുമാണ് നിവേദ തെലുങ്കിലേക്കെത്തിയത്. തെലുങ്കിലെ നിവേദയുടെ ആദ്യ ചിത്രം ജെന്റിൽമാൻ ആയിരുന്നു. അതിലെ അഭിനയത്തിന് മികച്ച പുതുമുഖ നായികയ്ക്കുളള സൈമയുടെ അവാർഡ് ലഭിച്ചു. ഇപ്പോൾ പത്തിലധികം ചിത്രങ്ങൾ പൂർത്തിയാക്കി തെലുങ്കിൽ സജീവമായി തുടരുകയാണ് നിവേദ.