നിരവധി അഭിനേതാക്കളാണ് അടുത്തകാലത്ത് തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിട്ടുള്ളത്. പ്രായഭേദമന്യേ സ്ത്രീകള്‍ പീഡനങ്ങള്‍ നേരിടുന്ന കാലത്ത് അഞ്ചാം വയസ്സില്‍ താന്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചാണ് നിവേദ പെതുരാജ് എന്ന നടി പറയുന്നത്. തമിഴ് നടിയും മോഡലുമാണ് നിവേദ പെതുരാജ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു നിവേദയുടെ തുറന്നു പറച്ചില്‍.

കുട്ടികളെ ലൈംഗികാതിക്രങ്ങളില്‍ നിന്നു രക്ഷപ്പെടുത്താനുള്ള മാര്‍ഗവും നിവേദ നിര്‍ദ്ദേശിക്കുന്നുണ്ട്. ‘ശിശു ലൈംഗിക പീഡനം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ നാട് ഇന്നു നേരിടുന്നുണ്ട്. ഞാന്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ ശിശു ലൈംഗിക പീഡനത്തിന്റെ ഇരകളാണ്,’ നിവേദ പറയുന്നു.

ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് വീട്ടില്‍ നിന്നാണെന്ന് നിവേദ പറയുന്നു. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കണം. ഏതൊരാളും തങ്ങളെ സ്പര്‍ശിക്കുമ്പോള്‍ അതിന്റെ ഉദ്ദേശം മനസ്സിലാക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും നിവേദ പറയുന്നു.

‘അഞ്ചാമത്തെ വയസിലാണ് എനിക്ക് ഈ അനുഭവം ഉണ്ടാകുന്നത്. ആ പ്രായത്തില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്കു പോലും മനസിലായിട്ടില്ല. പിന്നെ ഞാന്‍ എങ്ങനെ അത് രക്ഷിതാക്കളോടു വിവരിക്കും? നിവേദ ചോദിക്കുന്നു.

‘അപരിചിതരില്‍ നിന്നല്ല, അടുപ്പക്കാരില്‍ നിന്നു തന്നെയാണ് ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ഉള്‍പ്പെടെ നമുക്ക് പരിചയമുള്ളവര്‍ തന്നെയാണ് ഈ കൃത്യം നടത്തുന്നത്. എന്റെ അഭിപ്രായത്തില്‍ രക്ഷിതാക്കള്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. കുറച്ചു ബുദ്ധിമുട്ടാണെങ്കിലും, ഇത്തരം കാര്യങ്ങള്‍ കുട്ടികളുമായി സംസാരിക്കണം. രണ്ടു വസയസുമുതല്‍ തന്നെ അതു തുടങ്ങണം’ നിവേദ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ