അഭിനയത്തിനൊപ്പം പാട്ടിലും തിളങ്ങുന്ന നിരവധി അഭിനേത്രികൾ നമുക്കുണ്ട്. മംമ്ത മോഹൻദാസ്, രമ്യ നമ്പീശൻ, മീര നന്ദൻ, അപർണ ബാലമുരളി തുടങ്ങി നിത്യ മേനൻ വരെ നീളുന്ന ഒരു നീണ്ട ലിസ്റ്റാണത്. നിത്യ മേനന്റെ പാട്ടാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഗുരു ദത്തും മധുബാലയും അഭിനയിച്ച 1955 ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ആൻഡ് മിസ്സിസ്സ് 55’ എന്ന ചിത്രത്തിൽ മുഹമ്മദ് റാഫിയും ഗീത ദത്തും ചേർന്ന് ആലപിച്ച ‘ജാനേ കഹാ മേരാ ജിഗർ ഗയേ ഹെ’ എന്നു തുടങ്ങുന്ന ഗാനമാണ് നിത്യ മേനൻ പാടിയിരിക്കുന്നത്. ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോ നിത്യ മേനനും പങ്കുവെച്ചിട്ടുണ്ട്. ആരാധകർക്കായി ഗാനത്തിന്റെ ഫുൾ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമെന്നും നിത്യ പറയുന്നു.

ചെറുപ്പത്തിൽ തന്നെ പാട്ടിനോട് ആഭിമുഖ്യം പുലർത്തുന്ന നിത്യ തെലുങ്കിലാണ് കൂടുതലും പാട്ടുകൾ പാടിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്ത അടുത്തിടെ റിലീസായ ‘പ്രാണ’യിലും നിത്യ ഒരു ഗാനം ആലപിച്ചിരുന്നു. എന്തായാലും നിത്യയുടെ പാട്ടിനെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിൽ തന്റെ പ്രതിഭ രേഖപ്പെടുത്തി കഴിഞ്ഞ നിത്യ മേനൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അക്ഷയ് കുമാർ നായകനാവുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെയാണ് നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. അക്ഷയിനെയും നിത്യയേയും കൂടാതെ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായ വിശേഷവും നിത്യ മേനൻ പങ്കുവെച്ചിരുന്നു.

Read more: അക്ഷയ് കുമാറിനു നന്ദി പറഞ്ഞ് നിത്യ മേനനും തപ്സി പാന്നുവും

സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലും നിത്യ തന്നെയാണ് നായിക. ജയലളിതയായാണ് ചിത്രത്തിൽ നിത്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ നിത്യയുടെ ലുക്കും ശ്രദ്ധേയമായിരുന്നു.

Read more: ജയലളിതയായി നിത്യ മേനോന്റെ പരകായപ്രവേശം; രൂപസാദൃശ്യം കണ്ട് വാ പൊളിച്ച് ആരാധകര്‍

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോളാമ്പി’യാണ് അണിയറയിൽ പുരോഗമിക്കുന്ന നിത്യയുടെ മറ്റൊരു ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിനു ശേഷം നീണ്ട ആറുവർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു രാജീവ് കുമാര്‍ കോളാമ്പിയിലൂടെ സംവിധാനരംഗത്തേക്ക് തിരിച്ചുവരികയാണ്. ‘തത്സമയം ഒരു പെൺകുട്ടി’യിലും നിത്യ ആയിരുന്നു നായിക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook