scorecardresearch

സ്ക്രിപ്റ്റിനെ മുൻനിർത്തിയാവണം ഒരു സിനിമയുടെ എല്ലാ തിരഞ്ഞെടുപ്പുകളും: നിത്യാ മേനന്‍

അഭിനേതാക്കളെയല്ല, പറയുന്ന കഥയെ കേന്ദ്രീകരിച്ചാണ് സിനിമകള്‍ ഉണ്ടാവേണ്ടത് എന്ന് നിത്യാ മേനന്‍

അഭിനേതാക്കളെയല്ല, പറയുന്ന കഥയെ കേന്ദ്രീകരിച്ചാണ് സിനിമകള്‍ ഉണ്ടാവേണ്ടത് എന്ന് നിത്യാ മേനന്‍

author-image
WebDesk
New Update
Nithya Menen to debut in Bollywood with V K Prakash Praana

Nithya Menen to debut in Bollywood with V K Prakash Praana

തെന്നിന്ത്യ കടന്ന് ബോളിവുഡിലേക്ക് എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം നിത്യാ മേനന്‍. മോഹന്‍ലാലിനെ നായകനാക്കി കെ.പി.കുമാരന്‍ സംവിധാനം ചെയ്ത 'ആകാശഗോപുരം' എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ നിത്യ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ഹാപ്പി ജേര്‍ണി', അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടല്‍', സന്തോഷ്‌ ശിവന്റെ 'ഉറുമി', ജനൂസ് മുഹമ്മദിന്റെ '100 ഡേയ്സ് ഓഫ് ലവ്', അഞ്ജലി മേനോന്റെ 'ബാംഗ്ലൂര്‍ ഡേയ്സ്' എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെ മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നിത്യ ഏറ്റവുമൊടുവിലായി അഭിനയിച്ച ചിത്രം വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പ്രാണാ' എന്ന വണ്‍ ആക്ടര്‍ സിനിമയാണ്. നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് നിത്യാ മേനന്‍.

Advertisment

Read More: Nithya Menen’s Praana is a one-actor movie made in four languages

ബോളിവുഡില്‍ നിന്നും ഇതിനു മുന്‍പും അവസരങ്ങള്‍ വന്നിട്ടുണ്ട് എന്നാല്‍ തന്നിലെ അഭിനേത്രിയോട് പൂര്‍ണ്ണമായും നീതി പാലിക്കുന്ന ഒരു വേഷം ചെയ്തു കൊണ്ട് ഹിന്ദി സിനിമയിലേക്ക് എത്താന്‍ ആഗ്രഹിച്ചിരുന്നു.  തന്റെ കഥാപാത്രം മാത്രമുള്ള 'പ്രാണാ' തന്റെ ഹിന്ദി ഡെബ്യൂവിന് പറ്റിയ ചിത്രമായിരുന്നു എന്നും എക്സ്പ്രസ്സ്‌ ഒപീനിയനു നല്‍കിയ അഭിമുഖത്തില്‍ നിത്യ പറഞ്ഞു.

"ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഒരു ചിത്രമാണ് 'പ്രാണാ'. മികച്ച സാങ്കേതിക വിദഗ്‌ധര്‍ (പി.സി.ശ്രീരാം - ക്യാമറ, റസൂല്‍ പൂക്കുട്ടി - ശബ്ദലേഖനം) ഈ ചിത്രത്തിന് പിന്നിലുണ്ട്. ഇങ്ങനെ ഒരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യം വരുന്ന സിംഗിള്‍ ആക്ടര്‍, സിംഗിള്‍ ഹീറോയിന്‍, സറൗണ്ട് സിങ്ക് സൗണ്ട് എന്നിങ്ങനെ ഈ ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്‌", നിത്യ വെളിപ്പെടുത്തി.

Advertisment

Image may contain: 15 people, text

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ധാരാളം വിജയ ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞ ഈ യുവ നടി പക്ഷേ വിജയത്തിന് പിന്നാലെയല്ല പോകുന്നത്. മറിച്ച്, തനിക്ക് ശരിയെന്നു തോന്നുന്നതും തന്റെ അഭിരുചികൾക്ക് ഇണങ്ങിയതുമായ സിനിമകളാണ് ചെയ്യുന്നത്. എല്ലാവരും പിന്തുടരുന്ന ഒരു പാതയിലൂടെ സഞ്ചരിക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്ന് അഭിമുഖത്തില്‍ നിത്യ വ്യക്തമാക്കി.

"സൗത്ത് ഇന്ത്യൻ സിനിമയിൽ ഞാൻ അഭിനയിച്ച സിനിമകൾ ഏറെയും (സ്ക്രിപ്റ്റ് സെന്റ്രിക്ക് ആവുന്നതിനു പകരം) ആക്ടര്‍ സെന്റ്രിക്ക് ആയിരുന്നു. ഒരു നടനെയോ സംവിധായകനെയോ മറ്റു ഏതെങ്കിലും വ്യക്തികളെയോ ചുറ്റിപ്പറ്റി ഒരു പ്രൊജക്റ്റ് നിർമ്മിക്കപ്പെടുമ്പോൾ അതിന്റെ ബാലന്‍സ് നഷ്ടപ്പെടും. ആ സ്ഥിതിയില്‍ ഒരു മാറ്റം ഉണ്ടായാല്‍, സ്ക്രിപ്റ്റിന് യോജിച്ച കഥാപാത്രങ്ങൾ വന്നു ചേര്‍ന്നാല്‍, കൂടുതൽ കഴിവുള്ള പ്രതിഭകൾക്ക് അവസരം ലഭിക്കും, ഇൻഡസ്ട്രി കൂടുതൽ വികസിക്കുകയും ചെയ്യും. സ്ക്രിപ്റ്റിനെ മുൻനിർത്തിയാവണം ഒരു സിനിമയുടെ എല്ലാ തിരഞ്ഞെടുപ്പുകളും", തെന്നിന്ത്യന്‍ സിനിമാ രംഗത്ത്‌ വന്നു കാണാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് നിത്യയുടെ മറുപടി ഇതായിരുന്നു.

അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായികയും കൂടിയാണ് നിത്യാ മേനന്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം നിത്യ പാടിയിട്ടുണ്ട്. 'പോപ്പിന്‍സ്', 'നത്തോലി ഒരു ചെറിയ മീനല്ല', 'റോക്‌സ്റ്റാര്‍' എന്നീ മലയാളം ചിത്രങ്ങളിലാണ് നിത്യ പാടിയത്. ദുല്‍ഖര്‍ സല്‍മാനും നിത്യയും ചേര്‍ന്ന് അഭിനയിച്ച '100 ഡേയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും നിത്യ പാടിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി മലയാളത്തില്‍ പാടിയ പാട്ട് മഞ്ജു വാര്യര്‍ ചിത്രമായ 'മോഹന്‍ലാലി'ന് വേണ്ടിയായിരുന്നു.

ഈ ഗാനം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നു നിത്യ പറഞ്ഞിരുന്നു. പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോഴേ വളരെ ഇഷ്ടമായെന്നും, വളരെ ലളിതമായൊരു പാട്ടാണെന്നും പറഞ്ഞ നിത്യ, തന്റെ ശബ്ദത്തിന് വളരെ ചേര്‍ന്നതാണ് ഈ പാട്ടെന്നും കൂട്ടിച്ചേര്‍ത്തു.

"നിരവധി വികാരങ്ങള്‍ ചേര്‍ത്തു പാടേണ്ട ഒരു പാട്ടാണിത്. കുട്ടിയെ കുറിച്ചാണ് പാടുന്നത്. പാടുമ്പോള്‍ ആ വികാരം ശബ്ദത്തില്‍ വരണം. എന്റെ ശബ്ദം അതിനു ചേര്‍ന്നതാണെന്ന് ടോണി ജോസഫിന് തോന്നിയതില്‍ വളരെ സന്തോഷമുണ്ട്. അദ്ദേഹം വളരെ കഴിവുള്ള ഒരു സംഗീതജ്ഞനാണ്. ഞാന്‍ ഇതുവരെ പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്".

Read More: ഞാന്‍ പാടിയതില്‍ ഏറ്റവും പ്രിയപ്പെട്ട പാട്ട്: 'മോഹന്‍ലാലി'ലെ ഗാനത്തെ കുറിച്ച് നിത്യാ മേനോന്‍

Nithya Menen Bollywood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: