/indian-express-malayalam/media/media_files/uploads/2018/04/Nithya-Menen-Manju-Warrier.jpg)
മഞ്ജുവാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'മോഹന്‍ലാലി'ലെ വാ വാ വോ എന്ന ഗാനം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടിയതാണ്. മനുമഞ്ജിതിന്റെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നടി നിത്യാ മേനോനും സുജിത് സുരേശനും ചേര്‍ന്നാണ്.
ഈ ഗാനം തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നു നിത്യ പറയുന്നു. പാട്ടിനെക്കുറിച്ച് പറഞ്ഞപ്പോഴേ വളരെ ഇഷ്ടമായെന്നും, വളരെ ലളിതമായൊരു പാട്ടാണെന്നും പറഞ്ഞ നിത്യ, തന്റെ ശബ്ദത്തിന് വളരെ ചേര്‍ന്നതാണ് ഈ പാട്ടെന്നും കൂട്ടിച്ചേര്‍ത്തു.
'നിരവധി വികാരങ്ങള്‍ ചേര്‍ത്തു പാടേണ്ട ഒരു പാട്ടാണിത്. കുട്ടിയെ കുറിച്ചാണ് പാടുന്നത്. ആ വികാരം പാടുമ്പോള്‍ ശബ്ദത്തില്‍ വരണം. എന്റെ ശബ്ദം അതിനു ചേര്‍ന്നതാണെന്ന് ടോണി ജോസഫിന് തോന്നിയതില്‍ വളരെ സന്തോഷമുണ്ട്. അദ്ദേഹം വളരെ കഴിവുള്ള ഒരു സംഗീതജ്ഞനാണ്. ഞാന്‍ ഇതുവരെ പാടിയതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്,' നിത്യ മേനോന്‍ പറഞ്ഞു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം നിത്യ നേരത്തേയും പാടിയിട്ടുണ്ട്. പോപ്പിന്‍സ്, നത്തോലി ഒരു ചെറിയ മീനല്ല, റോക്‌സ്റ്റാര്‍ എന്നീ മലയാളം ചിത്രങ്ങളിലാണ് നിത്യ പാടിയത്. ദുല്‍ഖര്‍ സല്‍മാനും നിത്യയും ചേര്‍ന്ന് അഭിനയിച്ച 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും നിത്യ പാടിയിട്ടുണ്ട്. മുന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിത്യാ മേനോന്‍ മലയാളത്തില്‍ വീണ്ടും പാടുന്നത്.
'മോഹന്‍ലാല്‍' വിഷുവിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മീനുക്കുട്ടി എന്നാണ് ചിത്രത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്തും എത്തുന്നു. 1980 ലെ ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രമാണ് മലയാളത്തിന് മോഹന്‍ലാല്‍ എന്ന നടനെ സമ്മാനിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസമാണ് നായിക മീനുക്കുട്ടി ജനിക്കുന്നത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്.
സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.