അക്ഷയ് കുമാർ നായകനാവുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നിത്യ മേനോൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിശേഷം പങ്കുവെയ്ക്കുകയാണ് നിത്യ മേനൻ. അക്ഷയ് കുമാർ എടുത്ത തന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ നിത്യ പങ്കുവെയ്ക്കുന്നു. ‘ലൊക്കേഷനിലെ എല്ലാ തമാശകളും കളിയാക്കലുകളും മിസ്സ് ചെയ്യുമെന്നും നമ്മൾ ശരിക്കും ഒരു ടീമായിരുന്നു,’ എന്നുമാണ് നിത്യ പറയുന്നത്. അക്ഷയിനെയും നിത്യയേയും കൂടാതെ തപ്സി പന്നു, വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നിത്യയ്ക്ക് ഒപ്പം തന്നെ ‘മിഷൻ മംഗൾ’ ടീമിനും അക്ഷയ് കുമാറിനും നന്ദി പറയുകയാണ് നടി തപ്സി പന്നുവും. “മറ്റൊരു മനോഹരയാത്ര അവസാനിക്കുന്നു. ഓരോ ചിത്രങ്ങളും ഏതെങ്കിലും തരത്തിൽ ചിലതൊക്കെ പഠിപ്പിക്കുന്നുണ്ട്, ടീം വർക്കിന്റെ ഇന്ദ്രജാലത്തെ കുറിച്ചാണ് ഈ ചിത്രം പഠിപ്പിച്ചത്. അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന ഇത്രയേറെ അഭിനേതാക്കൾ ഒറ്റ ഫ്രെയിമിൽ എന്നത് എന്നെന്നും ഒാർത്തുവയ്ക്കാവുന്ന അമൂല്യമായൊരു അനുഭവമായിരുന്നു,” തപ്സി പറയുന്നു. കൃതിക അഗർവാൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ തപ്സി അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗളിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരായാണ് ഇരുവരും ചിത്രത്തിൽ അഭിനയിക്കുന്നത്. 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. യാദൃശ്ചികമെന്നവണ്ണം ‘മിഷൻ മംഗളി’ന്റെ ചിത്രീകരണവും 2018 നവംബർ അഞ്ചിനു തന്നെയാണ് ആരംഭിച്ചത്. 2019 ഓഗസ്റ്റ് 15 ന് ചിത്രം തിയേറ്ററുകളിലെത്തും.
Read more: കീര്‍ത്തി സുരേഷിന് പിന്നാലെ സാവിത്രിയായി നിത്യ മേനോനും