സെലിബ്രിറ്റികളെ കുറിച്ചുള്ള ഗോസിപ്പുകൾ സമൂഹമാധ്യമങ്ങൾക്ക് പുതിയ കാര്യമല്ല. വ്യാജ വാർത്തകളും ഗോസിപ്പുകളുമൊക്കെ പരക്കുമ്പോൾ പലപ്പോഴും സെലബ്രിറ്റികൾ തന്നെ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ട് രംഗത്തുവരാറുണ്ട്. അടുത്തിടെ കാട്ടുതീ പോലെ പടർന്നൊരു വാർത്ത, നിത്യമേനോൻ വിവാഹിതയാവുന്നു, വരൻ മലയാളത്തിലെ പ്രമുഖ നടൻ എന്നതായിരുന്നു. അധികം വൈകാതെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കികൊണ്ട് നിത്യ തന്നെ രംഗത്തെത്തിയിരുന്നു.
സമീപകാലങ്ങളിൽ തന്നെ കുറിച്ച് വന്ന ഗോസിപ്പുകളെ കുറിച്ചും വ്യാജവാർത്തകളെ കുറിച്ചും സംസാരിക്കുകയാണ് നിത്യ മേനൻ.
“സത്യം പറഞ്ഞാൽ എവിടെ നിന്നാണ് വിവാഹ വാർത്ത വന്നത് എന്നറിയില്ല. എന്നെ കുറിച്ചുള്ള പല ഗോസിപ്പുകളും ഞാൻ അറിയാറുപോലുമില്ല. വൈകി അറിയുമ്പോഴേക്കും മറുപടി പറയേണ്ട സമയം കഴിഞ്ഞിരിക്കും. വിവാഹവാർത്തയുടെ സത്യാവസ്ഥ തേടി ഒന്നോ രണ്ടോ പേരെ എന്നെ വിളിച്ചുള്ളൂ. അവരോട് ഞാൻ മറുപടി പറയുകയും ചെയ്തു. പക്ഷേ, ഗോസിപ്പു കേട്ടതോടെ അതിനെ കുറിച്ച് അന്വേഷിക്കാതെ ബാക്കിയെല്ലാവരും അതു വാർത്തയാക്കി.”
“ഇപ്പോഴൊന്നും ഞാൻ കല്യാണം കഴിക്കാൻ പോകുന്നില്ല. നിങ്ങൾ കേട്ട വിവാഹവാർത്തയിൽ ഒരു തരി പോലും സത്യമില്ല. അങ്ങനെയൊരു ആലോചന പോലും മനസ്സിലില്ല.”
“മുൻപൊക്കെ ചിന്തിച്ചിട്ടുണ്ട് ഇത്തരം വാർത്തകൾ എങ്ങനെയാണ് വരുന്നതെന്ന്? ചിന്തിച്ചു ചിന്തിച്ചു എനിക്കു തന്നെ ഉത്തരം പിടികിട്ടി. സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്ന കാലത്താണ് പല കഥകളും വരുന്നത്. എന്തിനാണ് ബ്രേക്ക് എന്ന് ചിന്തിച്ച് ആരോ ഉണ്ടാക്കുന്നതാവും ഈ വാർത്തകൾ. മുൻപൊരിക്കൽ ഒരു വർഷത്തോളം ഞാൻ സിനിമയിൽ നിന്നും വിട്ടുനിന്നു. ആ ബ്രേക്കിൽ കേട്ടത് ഗർഭിണിയായതുകൊണ്ടാണ് ഞാൻ സിനിമയിൽ നിന്നു മാറി നിൽക്കുന്നത് എന്നാണ്.”
“മെഷിനോ റോബട്ടോ പോലെ ജോലി ചെയ്യുന്ന ശീലം എനിക്കില്ല. കുറച്ചു നല്ല സിനിമകൾ ചെയ്യും. ചില കഥാപാത്രങ്ങളും കഥയും ആവർത്തിക്കുന്നു എന്നു തോന്നുമ്പോൾ ബ്രേക്കെടുക്കും. മനസ്സ് നന്നായി റീചാർജ് ചെയ്തു തിരിച്ചുവരും. ഇപ്പോൾ പരുക്ക് പറ്റി ബ്രേക്ക് എടുത്തതാണ് വിവാഹഗോസിപ്പിന്റെ പിന്നിലെ രഹസ്യം,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നിത്യ പറഞ്ഞു.
വീട്ടിലെ പടിക്കെട്ടിൽ നിന്നും തെന്നി വീണ് കാൽവണ്ണയിലെ ലിഗ്മെന്റിന് പരുക്ക് പറ്റിയതിനാൽ വിശ്രമത്തിലാണ് താനെന്നും നിത്യ വ്യക്തമാക്കി.