പ്രളയ കാലത്ത് കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന് വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി നടി നിത്യാ മേനന്‍. നിങ്ങൾ കാണുന്നില്ല എന്നതിന്റെ അർത്ഥം ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യാ മേനൻ പറഞ്ഞു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നിത്യ ഇക്കാര്യം വ്യക്തമാക്കിയത്.

നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് പലരും വിമർശനവുമായി എത്തിയത്. എന്നാൽ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങൾ ഒരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർത്ഥമില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു.

മറ്റുള്ളവരെ വിമർശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താൻ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാൽ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ നിങ്ങൾക്ക് സാധിക്കില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു.

Read More: പ്രളയമുഖത്ത് കൈതാങ്ങായി ടൊവിനോയും ജയസൂര്യയും

സിനിമ പ്രമോഷൻ എന്നത് താൻ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്തേ പറ്റൂവെന്നും അതിന് ആരും പ്രത്യേകിച്ച് പണമൊന്നും തരുന്നില്ലെന്നും നിത്യാ മേനന്‍ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന്‍റെ കഥ പറയുന്ന മിഷൻ മംഗളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയാണ് നിത്യ.

ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ് എന്നുമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നിത്യ പറഞ്ഞത്.

Read More: ഐ എസ് ആർ ഒ ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിച്ച് അക്ഷയ് കുമാറിന്റെ ‘മിഷൻ മംഗൾ’; ട്രെയിലർ

അക്ഷയ് കുമാർ, വിദ്യ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വന്‍ താരനിരയുണ്ട് ‘മിഷൻ മംഗൾ’ ചിത്രത്തില്‍. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ജഗൻ സാക്ഷിയാണ് ‘മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ തന്നെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ആദ്യ ശ്രമത്തിൽ 2014 സെപ്റ്റംബർ 24 ന് ചൊവ്വാ ഓർബിറ്റർ മിഷൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. അതിന്റെ ദൗത്യജീവിതം ആറുമാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, 2017 ജൂണിൽ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തിൽ 1000 ദിവസം പൂർത്തിയാക്കി. ഇപ്പോഴും ചൊവ്വയിൽ നിന്നുള്ള വിവരങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്ന മാർസ് ഓബിറ്റർ മിഷൻ ഇന്ത്യയ്ക്ക് ഒന്നാകെ അഭിമാനകരമായ ബഹിരാകാശ മിഷനുകളിൽ ഒന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook