ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോളാമ്പിയിൽ അരിസ്റ്റോ സുരേഷിന് നായികയായി നിത്യാ മേനൻ എത്തുന്നു. 2012ല്‍ പുറത്തിറങ്ങിയ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിനു ശേഷം നീണ്ട ആറുവർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു രാജീവ് കുമാര്‍ കോളാമ്പിയിലൂടെ സംവിധാനരംഗത്തേക്ക് തിരിച്ചുവരികയാണ്.

ഉച്ചഭാഷിണി സുപ്രീംകോടതി നിരോധിച്ചതോടെ അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന സിനിമയിൽ ‘ആംപ്ലിഫയര്‍ നാണു’ എന്ന കഥാപാത്രമായാണ് അരിസ്റ്റോ സുരേഷ് എത്തുന്നത്. കോളാമ്പി മൈക്ക് നിരോധനത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. രാജീവ്കുമാറിന്റെ ‘തല്‍സമയം ഒരു പെണ്‍കുട്ടി’ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നിത്യാമേനൻ തന്നെയാണ് ‘കോളാമ്പി’യിലെയും നായിക. നെയ്യാറ്റിന്‍കര കൃഷ്ണപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍,രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചായാഗ്രഹണം രവി വര്‍മ്മനും കലാസംവിധാനം സാബു സിറിളും ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിർവ്വഹിക്കും. രൂപേഷ് ഓമനയാണ് ചിത്രത്തിന്റെ നിർമാണം.

ബിഗ് ബോസ് റിയാലിറ്റി ഷോയാണ് അരിസ്റ്റോ സുരേഷിന് കോളാമ്പിയിലേക്കുള്ള വാതിൽ തുറക്കുന്നത്. ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറിയ സുരേഷിനെ തേടി അപ്രതീക്ഷിതമായി വന്ന കഥാപാത്രമാണ് ‘ആംപ്ലിഫയര്‍ നാണു’. ബിഗ്ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നേരിട്ടെത്തിയാണ് ടികെ രാജീവ് കുമാർ ‘കോളാമ്പി’യിലെ നായകനാവാൻ സുരേഷിനെ ക്ഷണിച്ചത്.

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നിത്യമേനനും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘100 ഡേയ്‌സ് ഓഫ് ലവ്’ ആണ് നിത്യ അവസാനമായി അഭിനയിച്ച മലയാളചിത്രം.

വി. കെ. പ്രകാശ് സംവിധാനം ചെയ്ത ‘പ്രാണ’ എന്ന വണ്‍ ആക്ടര്‍ സിനിമയിലെയും കേന്ദ്രകഥാപാത്രമാണ് നിത്യ. നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തുകയാണ് നിത്യാ മേനന്‍. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ‘പ്രാണാ’യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പി.സി.ശ്രീരാമാണ്. ചിത്രം ഉടനെ തിയേറ്ററുകളിലെത്തും.

അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായികയും കൂടിയാണ് നിത്യാ മോനന്‍. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം നിത്യ പാടിയിട്ടുണ്ട്. ‘പോപ്പിന്‍സ്’, ‘നത്തോലി ഒരു ചെറിയ മീനല്ല’, ‘റോക്‌സ്റ്റാര്‍’ എന്നീ മലയാളം ചിത്രങ്ങളിലാണ് നിത്യ പാടിയത്. ദുല്‍ഖര്‍ സല്‍മാനും നിത്യയും ചേര്‍ന്ന് അഭിനയിച്ച ‘100 ഡേയ്‌സ് ഓഫ് ലവ്’ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും നിത്യ പാടിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി മലയാളത്തില്‍ പാടിയത് മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാലി’ന് വേണ്ടിയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook