‘ബാംഗ്ലൂർ ഡെയ്‌സി’നു ശേഷം ഫഹദ് ഫാസിലിനൊപ്പം വീണ്ടുമൊരു ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ഒരുങ്ങുകയാണ് നിത്യ മേനൻ. വേറിട്ടൊരു പ്രണയകഥയാണ് ചിത്രം പറയുന്നതെന്നും ഇതൊരു മനോഹരമായ ചിത്രമായിരിക്കുമെന്നാണ് നിത്യ മേനൻ പറയുന്നത്. ഐഎഎൻഎസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ.
“ഇതൊരു മനോഹരമായ ചിത്രമായിരിക്കും,ഒട്ടും സാമ്പ്രദായികമല്ലാത്തൊരു പ്രണയകഥയാണ് ചിത്രം പറയുന്നത്. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ചിത്രീകരണം ആരംഭിക്കും. ഫഹദിനൊപ്പമുള്ള സിനിമ ഞാനേറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്, എന്നെ സംബന്ധിച്ച് ഫഹദിനെ പോലുള്ള മികച്ച അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിയുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്,” നിത്യ പറയുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ നിത്യ വെളിപ്പെടുത്തിയില്ല.
‘ബാംഗ്ലൂർ ഡെയ്‌സി’ൽ ഫഹദ് ഫാസിലിന്റെ പൂർവ്വകാമുകിയായി, ഒരു ഫ്ളാഷ് ബാക്ക് സ്റ്റോറിയുടെ ഭാഗമായി വന്നു പോകുന്ന കഥാപാത്രമാണെങ്കിലും നിത്യ അവതരിപ്പിച്ച നടാഷ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ നിത്യ വീണ്ടും ഫഹദിനൊപ്പം അഭിനയിക്കുന്നത്.
മലയാളത്തിലും ഹിന്ദിയിലും തമിഴിലുമൊക്കെയായി കൈനിറയെ ചിത്രങ്ങളുമായി തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് നിത്യയിപ്പോൾ. അക്ഷയ് കുമാർ നായകനാവുന്ന ‘മംഗൾ പാണ്ഡെ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് നിത്യ മേനൻ. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്ന മിഷൻ മംഗളിന്റെ കഥയാണ് ചിത്രം പറയുന്നത്.
നവംബർ അവസാനത്തോടെ മുംബൈയിലും ബെംഗളൂരുവിലുമായി ചിത്രീകരണം ആരംഭിക്കുന്ന ‘മംഗൾ പാണ്ഡെ’യിൽ അക്ഷയ് കുമാറിനും നിത്യയ്ക്കുമൊപ്പം തപ്സി പാന്നു, സൊനാക്ഷി സിൻഹ, വിദ്യ ബാലൻ എന്നിവരും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ ടിപി രാജീവ്കുമാറിന്റെ ‘കോളാമ്പി’യാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു നിത്യ മേനൻ ചിത്രം. ജയലളിതയുടെ ബയോപിക് ചിത്രത്തിലും നിത്യ അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ ‘ജയലളിത’ വേഷമാണ് നിത്യ ചെയ്യുന്നത്. എൻടിആറിന്റെ ബയോപിക് ചിത്രത്തിൽ പഴയകാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയെ അവതരിപ്പിക്കുന്നതും നിത്യ മേനൻ ആണ്.
Read more: കീര്‍ത്തി സുരേഷിന് പിന്നാലെ സാവിത്രിയായി നിത്യ മേനോനും
ഹിന്ദി, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി ചിത്രീകരിച്ച ‘പ്രാണ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ സന്തോഷവും നിത്യ പങ്കുവെച്ചു. “ആ 23 ദിവസങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടപ്പാടേറിയ ഷൂട്ടിംഗ് ദിനങ്ങൾ. എന്നെ സംബന്ധിച്ച് അഭിനയം സ്പൊണ്ടേനിയസ് ആയൊരു കാര്യമായതു കൊണ്ട് അധികം ടേക്കുകൾ എടുക്കേണ്ടി വന്നിരുന്നില്ല, എന്നാൽ ‘പ്രാണ’യ്ക്ക് വേണ്ടി ചെയ്തത് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വന്നു. ഓരോ സീനുകളും നാലു ഭാഷകളിലേക്കുമായി ആവർത്തിച്ച് അഭിനയിക്കേണ്ടി വന്നു. ഒപ്പം, നാലു ഭാഷകളിലെയും സംഭാഷണങ്ങളും പഠിക്കണമായിരുന്നു. കുറച്ചേറെ ചലഞ്ചിംഗ് ആയൊരു വേഷമായിരുന്നു പ്രാണയിലേത്, പക്ഷെ ഒരുവിധം അതു മാനേജ് ചെയ്യാൻ സാധിച്ചു. നാലു ഭാഷകളും അറിയാവുന്ന ലൊക്കേഷനിലെ ഏക ആളെന്ന രീതിയിൽ ഏറെ സ്ക്രിപ്റ്റ് വർക്കും ഈ ചിത്രത്തിനു വേണ്ടി ഞാൻ ചെയ്തിട്ടുണ്ട്,” നിത്യ പറയുന്നു.
മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ ചിത്രത്തിന്റെ അന്തസത്ത നഷ്ടപ്പെടരുതെന്ന് നിർബന്ധമുള്ളതുകൊണ്ട് ഓരോ ഭാഷയിലെ സ്ക്രിപ്റ്റിന്റെയും തിരക്കഥാകൃത്തുക്കളുമായി സംസാരിച്ച് ഡയലോഗുകൾ കൃത്യമായി മനസ്സിലാക്കാനും താൻ ശ്രമിച്ചിരുന്നതായി നിത്യ പറയുന്നു, “പ്രാണയിൽ അഭിനയിക്കുമ്പോൾ ഒരു മിനിറ്റ് പോലും റെസ്റ്റ് എടുത്തിരുന്നില്ല. ചിത്രം ഡിസംബർ റിലീസിനു തയ്യാറായി കൊണ്ടിരിക്കുകയാണ്. ചിത്രം ഫിലിം ഫെസ്റ്റിവലുകളിലേക്കും അയക്കുന്നുണ്ട്,” നിത്യ കൂട്ടിച്ചേർത്തു.
Read more: സ്ക്രിപ്റ്റിനെ മുൻനിർത്തിയാവണം ഒരു സിനിമയുടെ എല്ലാ തിരഞ്ഞെടുപ്പുകളും: നിത്യാ മേനന്‍
വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘പ്രാണാ’ ഒരു വണ്‍ ആക്ടര്‍ സിനിമയാണ്. ചിത്രത്തിന്റെ ട്രെയിലർ കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് റിലീസ് ചെയ്യപ്പെട്ടിരുന്നു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ‘പ്രാണാ’യുടെ ഛായാഗ്രഹണം പി.സി.ശ്രീരാമും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സിംഗിള്‍ ആക്ടര്‍, സിംഗിള്‍ ഹീറോയിന്‍, സറൗണ്ട് സിങ്ക് സൗണ്ട് എന്നിങ്ങനെയുള്ള പ്രത്യേകതകളുമായി ഇത്തരമൊരു ചിത്രം ഒരുങ്ങുന്നത്.