കൊച്ചി: സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ നിഷ സാരംഗ് പരിപാടിയില്‍ തന്നെ തുടരുമെന്ന് ഫ്ലവേഴ്സ് ചാനല്‍ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് ചാനലിന്റെ വിശദീകരണം. നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരുമെന്നും മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ലെന്നും ചാനല്‍ അറിയിച്ചു. ‘പ്രശസ്ത ചലച്ചിത്ര – ടിവി താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെന്റ് അറിയിച്ചു. അറുനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും.

Read More: ‘ഇനി ഉപ്പും മുളകും സീരിയലില്‍ അഭിനയിക്കില്ല’; സംവിധായകന്‍ പകവെച്ച് പെരുമാറുന്നുവെന്നും നിഷ സാരംഗ്

നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്. എന്നാല്‍ സംവിധായകനെ മാറ്റാതെ താന്‍ ഇനി പരിപാടിയില്‍ തുടരില്ല എന്നായിരുന്നു നടിയുടെ നിലപാട്. ചാനല്‍ ഇതിനെ കുറിച്ച് വിശദീകരിച്ചിട്ടില്ല. സംവിധായകനെതിരായ ആരോപണങ്ങളിലും ചാനല്‍ മൗനം പാലിച്ചു.

ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സീരിയൽ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു. സീരിയലിന്റെ സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും ഇനി താൻ സീരിയലിൽ അഭിനയിക്കില്ലെന്നുമായിരുന്നു നിഷ പറഞ്ഞത്.

Read More: നിഷ സാരംഗിനെ മമ്മൂട്ടി വിളിച്ചു, പിന്തുണയുമായി ‘അമ്മ’

നിഷയുടെ ആരോപണങ്ങൾക്കുപിന്നാലെ വിഷയത്തിൽ അമ്മ, ആത്മ സംഘടനയും ഫ്‌ളവേഴ്സ് ചാനലും ഇടപെട്ടു. ”അമ്മ, ആത്മ സംഘടനയിൽനിന്നും പലരും വിളിച്ചുവെന്നും എല്ലാവരും മികച്ച പിന്തുണയാണെന്നും” നിഷ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ചാനൽ അധികൃതരും വിഷയത്തിൽ ഇടപെട്ടുവെന്നും നിഷ പറഞ്ഞു.

ഫ്‌ളവേഴ്സ് ചാനലിൽ തിങ്കൾ മുതൽ വെളളിവരെ രാത്രി എട്ടു മണിയ്ക്കാണ് ഉപ്പും മുളകും സംപ്രേക്ഷണം ചെയ്യുന്നത്. ഇതിൽ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അതരിപ്പിക്കുന്നത്. ഏറെ ജനപ്രിയ പരമ്പരയാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ