മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും സുഹൃത്താണ് ദുൽഖർ. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന നടൻ. മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങൾക്കും ദുൽഖർ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലിങ്ങോട്ട് നീളും ആ താരനിര.
സഹജീവികളോട് അലിവും സ്നേഹവുമുള്ള ദുൽഖർ തന്നെ അമ്പരപ്പെടുത്തിയ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടൻ നിർമൽ പാലാഴി. ആക്സിഡന്റായി കിടന്നപ്പോൾ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ പണം ദുൽഖർ അയച്ചതായിരുന്നുവെന്നാണ് നിർമൽ പറയുന്നത്.

“സലാല മൊബൈൽസ് എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” ഫേസ്ബുക്ക് കുറിപ്പിൽ നിർമൽ കുറിക്കുന്നു.
Read more: ഒരു സുഹൃത്തിനുമപ്പുറമാണ് നീ ഞങ്ങൾക്ക്; ദുൽഖറിന് പൃഥ്വിയുടെ ആശംസ