ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയ ഒരു വിവാഹപരസ്യത്തിനു പിന്നാലെയാണ്. ‘ബിബീഷ് ബാലനും ചന്ദ്രിക രവീന്ദ്രനും ഉടൻ വിവാഹിതരാകുന്നു’ എന്ന പത്രപരസ്യം നിരവധി താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്താണ് സംഭവമെന്നല്ലേ, നിരഞ്ജന അനൂപ് നായികയാവുന്ന പുതിയ ചിത്രത്തിന്റെ പരസ്യമാണിത്.
“മാന്യരേ, ചില പ്രത്യേക സാഹചര്യങ്ങളാൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.
തീരുമാനങ്ങൾ പെട്ടെന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു,” ഇങ്ങനെ പോവുന്നു വിവാഹപരസ്യത്തിലെ വാക്കുകൾ.
ഒന്നൊന്നര പരസ്യമായിപ്പോയി, അപ്പോൾ ഒന്നാമത്തെ മകൾ ഫ്രീയാണ്- നോട്ട് ദി പോയന്റ്, നിങ്ങൾ ഒക്കെ പോസ്റ്റുന്നത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആണ്….ഒർജിനൽ ആണോ പുതിയ പടം ആണോന്ന് ആർക്കറിയാം എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ആദിത്യൻ ചന്ദ്രശേഖറിൻെറ സംവിധാനത്തിൽ ഒരുങ്ങുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിൻെറ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഫ്രൈ ഡെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരഞ്ജന അനൂപ്, ബോസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, തൻവി റാം എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു.