/indian-express-malayalam/media/media_files/uploads/2019/06/virus-1.jpg)
കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിയിട്ട നിപ കാലത്തിന്റെ അതിജീവന കഥയുമായെത്തുന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ 'വൈറസ്.' ഈദ് റിലീസ് ആയി ജൂണ്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ വീണ്ടും സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിനിമയുടെ പ്രചാരണ പരിപാടികൾ നിര്‍ത്തിവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
തിങ്കളാഴ്ച മുതലാണ് പ്രമോഷന്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് മാറ്റിവയ്ക്കണം എന്ന ആവശ്യവും ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഈ ആവശ്യവുമായി നിരവധി കമന്റുകള്‍ സംവിധായകന്‍ ആഷിഖ് അബുവിന്റേയും ചിത്രത്തിന്റെ നിര്‍മ്മാതാവും, ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിമാ കല്ലിങ്കലിന്റേയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫെയ്സ്ബുക്കിലെ ചില സിനിമാ ഗ്രൂപ്പുകളിലും ഇത്തരത്തിൽ ചർച്ച നടക്കുന്നുണ്ട്.
/indian-express-malayalam/media/media_files/uploads/2018/09/Nipah-the-story-of-a-Virus-and-Real-Life-Heroes-Aashiq-Abu-film.jpg)
അതേ സമയം പ്രതികരണം ആരാഞ്ഞ് ടീം വൈറസിനെ ബന്ധപ്പെട്ടെങ്കിലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭിച്ചില്ല. ജൂൺ ഏഴിനാണ് ചിത്രത്തിന്റെ ആഗോളതലത്തിലുള്ള റിലീസ് പ്രഖ്യാപിച്ചിരുന്നത്.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും കടുത്ത പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ചും അതിന്റെ അതിജീവനത്തെ കുറിച്ചുമാണ് 'വൈറസ്' പറയുന്നത്. നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ചു മരണമടഞ്ഞ നഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്ന റിമ കല്ലിങ്കല്‍ ഉള്‍പ്പടെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ആഷിഖ് അബുവിന്റെയും റിമയുടേയും ഉടമസ്ഥതയിലുള്ള ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം.
നിപയെ കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയ കാലം മുതലേ ഇത്തരത്തില്‍ ഒരു ചിത്രത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്.
"ആദ്യ കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ സമയം മുതലേ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് ആലോചിച്ചിരുന്നു. 'വൈറസി'ന്റെ തിരക്കഥാകൃത്തായ മുഹ്സിന്‍ പെരാരിയുടെ ബന്ധു കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനി പുതുശ്ശേരിയെ ചികിത്സിച്ചത് അദ്ദേഹമായിരുന്നു. അതിനാല്‍ ആശുപത്രിയില്‍ എന്താണ് നടക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു," എന്നാണ് ആഷിഖ് അബു നേരത്തേ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ പറഞ്ഞത്.
നിപ പടര്‍ന്ന കാലത്ത് രോഗികളും അവരുടെ കുടുംബങ്ങളും സാമൂഹികമായി ഒറ്റപ്പെടൽ നേരിട്ടിരുന്നു എന്നും ആഷിഖ് അബു പറഞ്ഞിരുന്നു.
"കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ആ നാളുകളില്‍ വലിയ ഭീതിയുണ്ടായിരുന്നു. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, രോഗം ബാധിച്ചവര്‍ക്കും കുടുംബങ്ങള്‍ക്കും അന്ന് സാമൂഹിക വിലക്ക് വരെ ഉണ്ടായിരുന്നു. തെരുവുകളിലൊന്നും ആരും ഉണ്ടായിരുന്നില്ല. സാധാരണയായി നല്ല തിരക്കുണ്ടാവാറുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അത്യാഹിത വിഭാഗമൊക്കെ ആളൊഴിഞ്ഞ് കിടന്നു. ബസുകളിലും മറ്റും ആളുകള്‍ വിട്ടുവിട്ടിരുന്നു. എന്നാല്‍ അതിനെതിരെ പോരാടാനുള്ള കൂട്ടായ ആവേശമാണ് എന്നെ ആകര്‍ഷിച്ചത്. മെഡിക്കല്‍ വേസ്റ്റുകള്‍ നശിപ്പിക്കുന്ന ജോലിക്കാരില്‍ നിന്നും, ആംബലുന്‍സ് ഡ്രൈവര്‍മാരില്‍ നിന്നുമൊക്കെയാണ് ശരിക്കും അത് കാണാന്‍ സാധിച്ചത്. അവര്‍ മുന്നോട്ട് വന്ന് സ്വന്തം ജീവന്‍ പോലും അപകടത്തില്‍ നിര്‍ത്തി ഇതിനെതിരെ പോരാടി. മറ്റുള്ളവരെ പോലെ തുടക്കത്തില്‍ അവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ പോരാടി. ഈ കഥാപാത്രങ്ങളോടും അവരുടെ കഥകളോടും നീതിപുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്," ആഷിഖ് അബു പറയുന്നു.
Read More: 'ഒറക്കൊന്ന് കൂവ്യോക്ക്യാ മതി; അങ്ങനല്ലേ നമ്മള് ഇവിടെ വരെ എത്ത്യേത്'; 'വൈറസി'ലെ ഗാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.