/indian-express-malayalam/media/media_files/uploads/2018/09/Nipah-the-story-of-a-Virus-and-Real-Life-Heroes-Aashiq-Abu-film.jpg)
Nipah the story of a Virus and Real Life Heroes Aashiq Abu film
പ്രതികൂല സാഹചര്യങ്ങളാണ് പലപ്പോഴും 'ഹീറോ'കളെ സൃഷ്ടിക്കുന്നത്. ജീവിതം ഉയർത്തുന്ന വെല്ലുവിളികളെ മനക്കരുത്തുകൊണ്ടു മാത്രം അതിജീവിക്കുന്നവർ. മഹാവിപത്തുകൾക്കു മുന്നിലും പതറാതെ കർമ്മനിരതരാവുന്നവർ. മുൻ മാതൃകകളൊന്നുമില്ലെങ്കിലും പ്രതികൂലസാഹചര്യങ്ങളിൽ അവരോരുത്തരും കാണിക്കുന്ന ആർജ്ജവം കാണുമ്പോൾ, കാണികളായി നിൽക്കുന്നവർ പോലും അവരെ വിളിച്ചുപോവും, 'ഹീറോ' എന്ന്. ആ വിളിയിൽ ആൺ- പെൺ വ്യത്യാസമുണ്ടാകില്ല. അതിജീവനത്തിന്റെ വഴികളിൽ വീണു പോയെങ്കിൽ കൂടി പിന്നീടങ്ങോട്ട് മറ്റുള്ളവരുടെ മനസ്സിൽ നായക പരിവേഷത്തോടെ തന്നെ അവർ നിറഞ്ഞു നിൽക്കും.
പ്രതികൂല സാഹചര്യങ്ങളിൽ അസാമാന്യമായ കർമ്മനിരത കാഴ്ചവച്ച നിരവധി 'റിയൽ ലൈഫ് ഹീറോ'കളെ മലയാളിക്ക് കാണിച്ചു തന്നു കൊണ്ടാണ് 'നിപ എന്ന മഹാവൈറസ്' ഈ മണ്ണിൽ നിന്നും വിട വാങ്ങിയത്. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന പ്രതിരോധത്തിലൂടെ കേരളക്കര 'നിപ'യെ തുരത്തി എന്നു പറയുന്നതാവും കൂടുതൽ ഉചിതം.
Read More: 'നിപ'യെക്കുറിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം കവറേജ്
ആ പ്രതിരോധം കണ്ട് ലോകമൊട്ടാകെ കേരളത്തെ അഭിനന്ദങ്ങൾ കൊണ്ട് മൂടി. " നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു? എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു? നിങ്ങൾ 'നിപ' വൈറസിനെ പ്രതിരോധിച്ചത് ലോകം കണ്ടതാണ്. പ്രതികരിക്കുക, പ്രതിരോധിക്കുക... ജീവിച്ചു കാണിക്കാനായി മരണം വരെ ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്. ബിഗ് സല്യൂട്ട് കേരള", എന്ന് പ്രളയകാലത്ത് കേരളത്തിന്റെ അതിജീവനം കണ്ട തമിഴ്നാട് സ്വദേശി വികാരഭരിതനായി കുറിച്ചു.
ആ അതിജീവനത്തെ, പ്രതിരോധത്തെ ചരിത്രമാക്കാൻ, അഭ്രപാളികളിൽ കൊത്തി വയ്ക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ആഷിഖ് അബുവെന്ന വാർത്തയാണ് ഇന്നലെ മുതൽ കേരളത്തിലെ പ്രധാന വാർത്തകളിലൊന്ന്.
"നിപ പ്രതിരോധത്തിൽ കേരളം കാണിച്ച മികവാർന്ന മാതൃക കൈയ്യടി നേടുന്നതായിരുന്നു. ഒരു ത്രില്ലർ സ്വഭാവം ഉണ്ടായിരുന്നു നിപയ്ക്ക്. പക്ഷേ 'നിപ'യെന്ന വെല്ലുവിളിയെ മലയാളികൾ ഒന്നിച്ച് ചെറുത്തു തോൽപ്പിച്ചു. ആ ചെറുത്തുനിൽപ്പാണ് സിനിമയ്ക്ക് പ്രചോദനമായത്. മൾട്ടി സ്റ്റാർ സിനിമയാണ് 'വൈറസ്'. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. രോഗികൾ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, പൊതുജനം തുടങ്ങി കഥാപാത്രങ്ങൾക്കെല്ലാം തുല്യപ്രാധാന്യമാണ് സിനിമയിൽ," മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു പറയുന്നു.
'നിപ'യിലെ യഥാർത്ഥ താരങ്ങൾ
അപ്രതീക്ഷിതമായി കേരളക്കരയിലേക്ക് അടിച്ചെത്തിയ മറ്റൊരു പ്രളയത്തിന്റെ പേരായിരുന്നു 'നിപ'. പടർന്നു പിടിച്ചിരുന്നെങ്കിൽ പതിനായിരക്കണക്കിനു ജീവനുകളെ സംഹരിക്കാൻ കെൽപ്പുള്ള മഹാവൈറസ്. സംസ്ഥാനത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് പേരാമ്പ്ര സൂപ്പിക്കടയിൽ മുഹമ്മദ് സാദിഖ് എന്ന വ്യക്തിയിലായിരുന്നു.
പിന്നീടങ്ങോട്ട് 'നിപ' വൈറസ് ആക്രമണത്തെ കുറിച്ചുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വവ്വാലുകളിൽ നിന്നാണ് രോഗം പടരുന്നതെന്ന വാർത്തകൾ മലയാളികളെ പരിഭ്രാന്തരാക്കി. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ കേസും ആശങ്കയോടെയാണ് ജനങ്ങൾ എതിരേറ്റത്. കോഴിക്കോട്- മലപ്പുറം ജില്ലകളിലായി 17 ഓളം പേർ 'നിപ'യുടെ ആക്രമണത്തിൽ മരണപ്പെട്ടതോടെ ആ ജില്ലകളിലേക്ക് പോകാൻ കൂടി ആളുകൾ ഭയന്നു. ഭീതി വിതച്ച് പടർന്നു കൊണ്ടിരുന്ന 'നിപ'യെ പക്ഷേ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒടുവിൽ തളച്ചു.
മണിപ്പാൽ സെന്റർ ഓഫ് വൈറസ് റിസർച്ചിന്റെ തലവനായ ഡോ.അരുൺകുമാർ, ഡോ.ആർ.എസ്.ഗോപകുമാർ, കേരള സർക്കാർ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, കോഴിക്കോട് മെഡിക്കൽ ഓഫീസറായ ഡോ.വി.ജയശ്രീ, കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.ജി.സജിത്ത് കുമാർ ഇവരൊക്കെ മുൻനിരയിൽ നിന്ന് 'നിപ പോരാളി'കളുടെ 'സൈന്യ'ത്തെ നയിച്ചു.
കോഴിക്കോട് ചങ്ങരോത്ത് കുടുംബത്തിലെ മൂസ അസുഖവുമായി മുന്നിലെത്തിയപ്പോൾ അത് നിപ വൈറസിന്റെ ആക്രമണമാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഡോ. അരുൺ കുമാർ ആണ്. നിപ്പയെ കണ്ടെത്താനായി സാധാരണമല്ലാത്ത നിരവധി ടെസ്റ്റുകൾ ചെയ്യാൻ ഡോ. അരുൺ തയ്യാറായി. ആ ദീർഘവീക്ഷണമാണ് ഒരു ജനതയെ മൊത്തം എരിച്ചു കളയാൻ കെൽപ്പുള്ള 'നിപ' ആക്രമണത്തിന് ആദ്യം തടയിട്ടത്. അതിവേഗമുള്ള രോഗനിർണയവും ആരോഗ്യ വകുപ്പിന്റെ തീവ്രമായ ഇടപെടലുകളും അസുഖം കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ സഹായകമായി.
നിർഭയനായി കർമ്മ മുഖത്ത് നിന്ന് നിപ രോഗികളുടെ മരണം വരെ അവരെ ശുശ്രൂഷിച്ച ഡോ.ആർ.എസ്.ഗോപകുമാർ, നിപ മൂലം മരിച്ച പന്ത്രണ്ടോളം പേരുടെ സംസ്കാര ചടങ്ങുകളുടെ സൂപ്പർവൈസിങ്ങും നിർവ്വഹിച്ചു. വൈറസിനെ ഭയന്ന് ബന്ധുക്കൾ പോലും 'നിപ' രോഗികളുടെ ശവസംസ്കാരം ചെയ്യാൻ മടിച്ചപ്പോഴായിരുന്നു ഡോ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, രോഗം പടരുന്നത് പ്രതിരോധിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചു കൊണ്ട് മാതൃകാപരമായ രീതിയിൽ ശവസംസ്കാരം നടത്തിയത്.
രാജീവ് സദാനന്ദൻ എന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ സമയോചിതമായ ഇടപെടലുകളും 'നിപ' വൈറസ് കൂടുതൽ പേരിലേക്ക് പടരാതെ തടയുന്നതിന് സഹായകരമായി. ജില്ലാ തലത്തിൽ 'നിപ' വൈറസിനെതിരെയുള്ള യുദ്ധത്തിലെ സജീവ സാന്നിധ്യമായിരുന്നു കോഴിക്കോട് മെഡിക്കൽ ഓഫീസറായ ഡോ.വി.ജയശ്രീ. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.ജി.സജിത്ത് കുമാറിന്റെ സേവനവും ശ്ലാഘനീയമായിരുന്നു. രോഗികളെ പ്രത്യേകം താമസിപ്പിക്കാനുളള വാർഡുകളുടെ അപര്യാപ്തത ഉണ്ടായിട്ടും വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോവാൻ ഡോക്ടർക്കും ടീമിനും കഴിഞ്ഞു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി രോഗികളെ ചികിത്സിക്കുക എന്നതായിരുന്നു ഞങ്ങൾ നേരിട്ട വെല്ലുവിളി എന്ന് ഡോ. കെ.ജി.സജിത്ത് കുമാർ പറയുന്നു.
'നിപ' കാലത്തെ, കണ്ണീർ നനവുള്ള ഓർമയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ലിനി പുതുശ്ശേരി. വൈറസ് രോഗികളെ ശ്രുശൂഷിക്കുന്നതിനിടയിലാണ് ലിനിക്ക് തന്റെ ജീവൻ നഷ്ടമായത്.
"സിനിമയുടെ കാസ്റ്റിങ് തീരുമാനിക്കുന്നതേയുള്ളൂ. നഴ്സ് ലിനിയുടെ വേഷം റിമയും ആരോഗ്യമന്ത്രിയുടെ വേഷം രേവതിയും കൈകാര്യം ചെയ്യും. ബാക്കി റോളുകൾ തീരുമാനിക്കുന്നതേയുള്ളൂ. ഡിസംബറിൽ ആവും ഷൂട്ടിങ് തുടങ്ങുക," ആഷിഖ് അബു പറയുന്നു.
ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി ഇനിയുമേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്. ഈ പ്രിയ താരങ്ങൾ ഏതു കഥാപാത്രമായാണ് സ്ക്രീനിലെത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഒപിഎം ബാനറാണ് ചിത്രം നിർമിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കും. വസ്ത്രാലങ്കാരം സമീറ സനീഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.