ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ. പരിപാടിയുടെ ഏറ്റവും വലിയ ആകർഷണം, അതിന്റെ അവതാരകനായ നടൻ സുരേഷ് ഗോപി തന്നെയാണ്. മത്സരാർഥികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹപൂർവമായ പെരുമാറ്റം. വലിയ ആവശ്യങ്ങൾ ചുമലിലേറ്റിയാണ് പലരും വരുന്നത്. പലപ്പോഴും നിരാശയോടെ മടങ്ങേണ്ടി വരാറുമുണ്ട്. എന്നാൽ ചിലരെയെല്ലാം സഹായിക്കാൻ സുരേഷ് ഗോപി തന്നെ മുന്നിട്ട് എത്താറുണ്ട്.

Read More: അങ്കിത അവന്റെ കാമുകി മാത്രമായിരുന്നില്ല; പിരിഞ്ഞിട്ടും സുശാന്തിന് വേണ്ടി പ്രാർഥിച്ചു

ഇത്തരത്തിൽ ഒരു വലിയ ആവശ്യവുമായി കോടീശ്വരനിലെത്തിയ തൃക്കരിപ്പൂർ സ്വദേശിയായ നിമ്മിക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. മകൾ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് നിമ്മി വന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. പക്ഷെ മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നൽകി. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോൾ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോൾ, അമേയയ്ക്ക് സർപ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കൾ.

ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. മൂന്ന് സർജറികൾ കഴിഞ്ഞിരുന്നു. ഒരു സർജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂവെന്ന് പരിപാടിയിൽ നിമ്മി പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ പത്ത് ലക്ഷം രൂപയുടെ കടമുള്ള കുടുംബത്തിന് ഉടൻ ഒരു സർജറിയുടെ ഭാരം കൂടി താങ്ങാൻ ആകില്ലെന്നു നിമ്മി വേദിയിൽ വച്ച് പറയുകയുണ്ടായി.

80,000 രൂപ വരെ നേടുന്ന ഘട്ടത്തിലെത്തിയ നിമ്മിക്ക് അടുത്ത ഉത്തരം തെറ്റിയപ്പോൾ സമ്മാനം 10000 രൂപയായി ചുരുങ്ങുകയായിരുന്നു. പക്ഷേ സുരേഷ്ഗോപി വാക്കു നൽകി, “മോളുടെ ഓപ്പറേഷൻ മുടങ്ങില്ല ഞാനേറ്റു” എന്ന്. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ച് സുരേഷ് ഗോപി തന്നെ എല്ലാം ഏർപ്പാടാക്കി. അമേയയുടെ സർജറിയും സുരേഷ് ഗോപിയുടെ പിറന്നാളും ഒരു ദിവസം വന്നു. ആശുപത്രി ചെയർമാൻ ഡോ. കെ.ജി.അലക്സാണ്ടർ വിളിച്ചപ്പോഴാണ് അവൾക്ക് പൂക്കൾ നൽകണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഡോ. ടി.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook