മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നിമിഷ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ തന്റെ പ്രതിഭ തെളിയിച്ച താരമാണ്. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കിയിരുന്നു.
മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചതാണ് നിമിഷയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
അഭിനയ ജീവിതത്തിന്റെ തിരക്കിലാണെങ്കിലും വീണ്ടും തായ്‌കൊണ്ടോയിലേക്ക് തിരിച്ചെത്തുകയാണ് നിമിഷ.കാക്കനാട് സ്ഥിതി ചെയ്യുന്ന വൺ സ്റ്റെപ്പ് ക്ലബിലാണ് നിമിഷ പരിശീലനത്തിന് എത്തിയത്.മാസ്റ്റർ ജിയോയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്റെ സൗന്ദര്യപരിചരണത്തിലും വ്യത്യസ്തമായ രീതികൾ പിൻതുടരുന്ന താരം കൂടിയാണ് നിമിഷ. സിനിമയ്ക്ക് അപ്പുറത്ത് അധികം മേക്കപ്പ് അണിയാൻ ഇഷ്ടമില്ലാത്ത ആളാണ് താനെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ നിമിഷ വ്യക്തമാക്കിയിട്ടുണ്ട്.
ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’, ‘നായാട്ട്’, ‘മാലിക്’, ‘ഒരു തെക്കൻതല്ലുകേസ്’ എന്നിവയൊക്കെ സമീപകാലത്ത് ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ ആണ് ഇനി റിലീസ് ചെയ്യാനുള്ള നിമിഷയുടെ ചിത്രങ്ങളിലൊന്ന്. മറാത്തി ചിത്രം ‘ഹവാഹവായി’ലും നിമിഷ നായിക വേഷത്തിലെത്തിയിരുന്നു.