/indian-express-malayalam/media/media_files/uploads/2017/07/nimisha-vettukili.jpg)
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായികാ കഥാപാത്രമായ ശ്രീജയ്ക്ക് അച്ഛന്‍ കഥാപാത്രം ശ്രീകണ്ഠനായി അഭിനയിച്ച വെട്ടുകിളി പ്രകാശ് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐഇ മയാളത്തിലൂടെ കത്തിന് മറുപടി നല്‍കുകയാണ് ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയന്‍.
Read More: 'ശ്രീജക്കുട്ടി, അച്ഛന് മോള് എന്നും കൊച്ചാണ്' ശ്രീകണ്ഠന്‍ ശ്രീജയ്‌ക്കെഴുതുന്നു..
പ്രിയപ്പെട്ട അച്ഛന്,
അച്ഛനയച്ച 'ഹൃദയാഭരണം' കിട്ടി. പ്രസാദേട്ടനും എനിക്കും അച്ഛന്റെ സമ്മാനം ഒരുപാട് ഇഷ്ടമായി. അച്ഛന്‍ കരുതുന്നതു പോലെ ഞങ്ങള്‍ക്ക് അച്ഛനോട് ദേഷ്യമോ, പിണക്കമോ, പരിഭവമോ ഒന്നും ഇല്ല. പക്ഷെ അച്ഛനന്ന് എന്നെ തല്ലിയത് ഒരുപാട് വേദനിച്ചു. ശരീരത്തിനല്ല, മനസ്സിന്. അമ്മ എന്നെ വഴക്കു പറഞ്ഞപ്പോഴും അടിച്ചപ്പോഴുമൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു, എന്റെ അച്ഛനെന്നെ മനസ്സിലാക്കുമെന്നും ഞങ്ങളുടെ പ്രണയത്തിനൊപ്പം നില്‍ക്കുമെന്നും. പക്ഷെ, എനിക്കു തെറ്റി.
എത്ര ദൂരെയാണെങ്കിലും അച്ഛനും അമ്മയും ചേച്ചിയും എന്നും എന്റെ മനസിലുണ്ട്. നിങ്ങള്‍ മൂന്നുപേരും എന്റെ എല്ലാമാണ്. എന്നും അങ്ങിനെതന്നെ ആയിരിക്കും. ഇപ്പോള്‍ ആ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വന്നു. എന്റെ പ്രസാദേട്ടന്‍. എനിക്ക് നിങ്ങളെ മൂന്നുപേരെയും കാണാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ശ്രീക്കുട്ടി എന്നും നിങ്ങളെയൊക്കെ ഓര്‍ക്കാറുണ്ട്. നിങ്ങള്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്.
/indian-express-malayalam/media/media_files/uploads/2017/07/nimisha2.jpg)
അന്നൊരുദിവസം രാത്രി അച്ഛനെന്നെ വിളിച്ചത് ഓര്‍ക്കുന്നില്ലേ? ഞാനന്ന് എന്തുമാത്രം സന്തോഷിച്ചെന്നോ.. പക്ഷെ, അച്ഛന്‍ പറഞ്ഞത് കാശെന്തെങ്കിലും വേണമെങ്കില്‍ പറഞ്ഞാല്‍ മതി, അങ്ങോട്ടു വരേണ്ടാ എന്നായിരുന്നു. അച്ഛനറിയാമോ, കാശിനെക്കാളും മറ്റെന്തിനെക്കാളും ഞാന്‍ സ്‌നേഹിക്കുന്നത് നിങ്ങളെയൊക്കെയാണ്. അതിന് പകരംവെക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നും ഇല്ല.
പ്രസാദേട്ടന്‍ പുകയില കൃഷിയുടെ ആവശ്യത്തിനു പുറത്തൊക്കെ പോകുമ്പോള്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാണ്. അപ്പോഴൊക്കെ ഞാന്‍ നമ്മുടെ നാടും വീടും അച്ഛനേയും അമ്മയേയും ചേച്ചിയേയും ഓര്‍ക്കും. എന്നും രാത്രി അച്ഛന്‍ ഓട്ടം കഴിഞ്ഞുവരുന്നതും കാത്ത് ഞാന്‍ വീടിന്റെ പടിയ്ക്കല്‍ ഇരിക്കാറുണ്ടായിരുന്നതും.. അച്ഛന്റെ കൈയ്യിൽ എനിക്കു വേണ്ടി കൊണ്ടുവരാറുണ്ടായിരുന്ന പലഹാരപ്പൊതിയും... എന്താന്നറിയില്ല, ഇതൊക്കെ എഴുതുമ്പോള്‍ പോലും എന്റെ കണ്ണു നിറയുന്നു.
അല്ല, അച്ഛനെങ്ങനെയാ ഇവിടുത്തെ കള്ളന്മാരെക്കുറിച്ചൊക്കെ അറിഞ്ഞത്? കത്തില്‍ സൂചിപ്പിച്ചിരുന്നില്ലേ സൂക്ഷിക്കണം എന്ന്. നമ്മുടെ നാട്ടുകാരാരെങ്കിലും ഇവിടെ അടുത്തെങ്ങാനും ഉണ്ടോ?
അച്ഛന് ഞങ്ങള്‍ താമസിക്കുന്ന വീടും ഞങ്ങളുടെ കൃഷിയുമൊക്കെ കാണണ്ടേ? ഞാനും പ്രസാദേട്ടനും അങ്ങോട്ടു വരുന്നതിലല്ലേ കുഴപ്പമുള്ളൂ.. അമ്മയേയും ചേച്ചിയേയും കൂട്ടി അച്ഛനൊരു ദിവസം ഇങ്ങോട്ടു വരണം. എത്ര നാളായി എല്ലാവരേയും കണ്ടിട്ട്.. രണ്ടാളോടും എന്റെയും പ്രസാദേട്ടന്റേയും സ്‌നേഹം അറിയിക്കണം.
ഒരുപാട് സ്‌നേഹത്തോടെ
അച്ഛന്റെ ശ്രീക്കുട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.