തട്ടുംപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിനു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാൽപ്പത്തിയൊന്ന്’. ലാൽ ജോസിന്റെ 25-ാമത്തെ ചിത്രമാണിത്. ബിജു മേനോൻ, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. അതിന് മുന്നോടിയായി നിമിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് കാഴ്ചക്കാരിൽ ചിരി ഉണർത്തുന്നത്.
Read More: തിയറ്ററില്‍ ആദ്യമായി കയ്യടി ലഭിച്ചത് ആ കഥാപാത്രത്തിന്, മറക്കില്ല: ബിജു മേനോന്‍
കാഷായ വേഷമണിഞ്ഞ് സൺഗ്ലാസും രുദ്രാക്ഷവും ധരിച്ച് മുടി മുകളിലേക്ക് കെട്ടി നിൽക്കുന്ന നിമിഷയോട് താഴ്മയായി അനുഗ്രഹം വാങ്ങുന്ന സംവിധായകൻ ലാൽ ജോസിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ലാൽ ജോസിന്റെ തന്നെ ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗാണ് ചിത്രത്തിന് ക്യാപ്ഷനായി നിമിഷ നൽകിയിരിക്കുന്നത്.
കണ്ണൂരിൽ നിന്നു തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ‘നാൽപ്പത്തിയൊന്ന്’ എന്ന ചിത്രത്തിന്‍റെ ഇതിവൃത്തം. കർണാടകയിലെ മടിക്കേരിയും വാഗമണ്ണും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാർത്ഥ സംഭവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ സിനിമയില്‍ ‘നാൽപ്പത്തിയൊന്ന്’ കഥാപാത്രങ്ങളാണുളളതെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്തിവാദി മലകയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ഇടതുപക്ഷ അനുഭാവിയായാണ് ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂർ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം എല്‍ജെ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുക. പ്രഗീഷ് പിജിയുടേതാണ് തിരക്കഥ. എസ്.കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.