/indian-express-malayalam/media/media_files/uploads/2017/09/nim1.jpg)
മുംബൈ മലയാളി എന്നു വിളിച്ചാല്‍ നിമിഷയ്ക്ക് കലിയിളകും. പറയുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനെക്കുറിച്ചാണ്. തൊണ്ടിമുതലിനു ശേഷം അഭിനയിച്ച രണ്ടാമത്തെ ചിത്രം 'ഈട' ഈ മാസം റിലീസിനൊരുങ്ങവെയാണ് നിമിഷ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ചത്.
'എല്ലാവരും എന്നെ മുംബൈ മലയാളി എന്നാണ് വിളിക്കുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണെന്നേയുള്ളൂ. അതിനെന്തിനാ മുംബൈ മലയാളി എന്നു പറയുന്നത്. അച്ഛനും അമ്മയും ഞങ്ങളെ സാധാരണ മലയാളികളായി തന്നെയാ വീട്ടില്‍ വളര്‍ത്തിയിട്ടുള്ളത്. എനിക്ക് തീരെ ഇഷ്ടമില്ല ആ വിളി കേള്‍ക്കാന്‍. ഞാനൊരു തനി മലയാളിയാണ്. ഒരു സാധാരണ മലയാളി പെണ്‍കുട്ടി. മലയാളി എവിടെ പോയാലും മലയാളിയല്ലേ?' നിമിഷ തിരിച്ചൊരു ചോദ്യം ബൗൺസ് ചെയ്തു.
ആദ്യത്തെ സിനിമയില്‍ ആലപ്പുഴക്കാരി ശ്രീജയായാണ് നിമിഷ ബിഗ്‌സ്‌ക്രീനില്‍ എത്തിയതെങ്കില്‍ അടുത്ത ചിത്രത്തില്‍ കണ്ണൂരുകാരി ഐശ്വര്യയാണ്. ആലപ്പുഴയില്‍ നിന്ന് കാസർഗോഡ് പോയി താമസിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഭാഷ ഒരല്‍പം പ്രശ്‌നം ഉണ്ടാക്കി. കാസര്‍ഗോഡ് ആളുകള്‍ വന്ന് സംസാരിക്കുമ്പോള്‍ ആദ്യമൊക്കെ നിമിഷയ്ക്കു പേടിയായിരുന്നത്രേ. കാസർകോട്ടെ ഭാഷയുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണൂരുകാരുടെ ഭാഷ വളരെ എളുപ്പമായിരുന്നെന്നാണ് നിമിഷ പറയുന്നത്.
'തൊണ്ടിമുതലില്‍ അഭിനയിക്കുമ്പോള്‍ ഭാഷകൊണ്ടാണ് ഞാന്‍ ബുദ്ധിമുട്ടിയത്. കാരണം കാസര്‍ഗോഡ് ഉപയോഗിക്കുന്നത് സാധാരണ മലയാളമല്ലല്ലോ, നല്ല വ്യത്യാസമില്ലേ. ശ്രീജ എന്ന കഥാപാത്രം ആലപ്പുഴക്കാരി ആയിരുന്നതുകൊണ്ട് കാസര്‍ഗോഡ് ഭാഷ ഉപയോഗിക്കേണ്ടി വന്നില്ല. പക്ഷെ ഷൂട്ടിങ് സെറ്റില്‍ ആളുകള്‍ സംസാരിക്കാനൊക്കെ വരുമ്പോഴായിരുന്നു പ്രശ്‌നം. സത്യത്തില്‍ ഞാന്‍, ആളുകള്‍ വന്നു സംസാരിക്കുന്നതു പേടിച്ച് സെറ്റിന് പുറത്തു പോലും ഇറങ്ങാറുണ്ടായിരുന്നില്ല ആദ്യമൊന്നും. എന്നാല്‍ 'ഈട'യിലെ ഐശ്വര്യയാകാന്‍ അത്രതന്നെ പ്രയാസം ഇല്ലായിരുന്നു. ഐശ്വര്യ കണ്ണൂരുകാരി ആയിരുന്നെങ്കിലും സിനിമയുടെ ഷൂട്ടിങ് കോഴിക്കോടായിരുന്നു.'
പ്രശസ്ത സിനിമാ എഡിറ്റര്‍ അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഈട'. കിസ്മത്ത്, c/o സൈറാബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്ന്‍ നിഗമാണ് നായകന്‍. ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'ഈടയെക്കുറിച്ച് പറയാന്‍ ഒരുദിവസം രാവിലെയാണ് രാജീവേട്ടന്‍ എന്നെ വിളിക്കുന്നത്. ഞാന്‍ നല്ല ഉറക്കത്തിലാണ്. ഫോണ്‍ എടുത്ത ഉടനെ എന്നോടു ചോദിച്ചു, 'എടീ, നിനക്ക് ചേച്ചിമാരുടെ വേഷം മാത്രം ചെയ്താല്‍ മതിയോ? നിന്റെ പ്രായത്തിലുള്ള ഒരാളുടെ വേഷം ചെയ്യേണ്ടേ? വേണേല്‍ ബാഗും പാക്ക് ചെയ്ത് നാളെ ഇങ്ങു കേറിക്കോ' എന്നു. സിനിമയെ കുറിച്ച് നേരത്തേ എന്നോടു പറഞ്ഞിരുന്നു. തൊണ്ടിമുതലില്‍ 26 വയസൊക്കെ ഉള്ള ഒരു കഥാപാത്രമായിരുന്നല്ലോ ശ്രീജ. അതാണ് രാജീവേട്ടന്‍ ചേച്ചിമാരുടെ വേഷം എന്നു പറഞ്ഞത്.'
വടക്കന്‍ കേരളത്തില്‍ 'ഇവിടെ' എന്നാണ് 'ഈട' എന്ന വാക്കിന്റെ അര്‍ത്ഥം. 'ചിത്രത്തില്‍ ഒരു കോളേജ് വിദ്യാർത്ഥിനി ആയാണ് ഞാന്‍ അഭിനയിക്കുന്നത്. ഐശ്വര്യയും ഒരു തനി മലയാളി പെണ്‍കുട്ടിയാണ്. പിന്നെ കോളേജ് വിദ്യാർത്ഥിനി ആയതുകൊണ്ട് ശ്രീജയെക്കാള്‍ കുറച്ച് മോഡേണ്‍ ആണ് ഐശ്വര്യ.'
'അജിത്തേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഈട. പക്ഷെ അതിന്റെ ഒരു പതറിച്ചയും ഇല്ല. വളരെ പ്രൊഫഷണല്‍ ആണ്. തൊണ്ടി മുതല്‍ പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട ഒരു സെറ്റാണ് ഈടയുടേയും. നായകന്‍ ഷെയ്ന്‍ ആണ്‍. വളരെ നല്ലൊരു പെര്‍ഫോമര്‍ ആണ് ഷെയ്ന്‍. അവന്റെ കൂടെ കട്ടയ്ക്കു കട്ടയ്ക്കു പിടിച്ചു നില്‍ക്കം. ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ഞങ്ങള്‍ ടോം ആന്‍ഡ് ജെറി പോലാണ്. മുഴുവന്‍ സമയവും അടികൂടലാണ് പരിപാടി. ഷൂട്ടിങ് നടക്കുന്നത് മാങ്ങാക്കാലത്താണ്. വഴിയില്‍ എവിടെ മാങ്ങ കണ്ടാലും പെറുക്കിയെടുക്കലാണ് ഞങ്ങള്‍ക്ക് പണി. അതിപ്പോള്‍ ഞാനും ഷൈനും മാത്രമല്ല. സെറ്റിലെ എല്ലാവരും അങ്ങനെയൊക്കെ തന്നെയായിരുന്നു.'
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് തന്റെ റോള്‍ മാത്രം നോക്കിയല്ലെന്ന് നിമിഷ. 'എന്റെ സ്‌ക്രീന്‍ സ്‌പേസ് നോക്കി മാത്രം ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ എനിക്ക് താത്പര്യമില്ല. തീര്‍ച്ചയായും ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എത്രത്തോളം അഭിനയ സാധ്യതയുണ്ടെന്നു നോക്കും. പക്ഷെ, എനിക്ക് പ്രധാനം സിനിമ എത്തരത്തിലുള്ളതാണ് എന്നതാണ്. മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയും കഥാപാത്രവുമാണോ എന്നാണ് ശ്രദ്ധിക്കാറ്. ഞാന്‍ മാത്രമല്ല, ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. അപ്പുച്ചേച്ചിയൊക്കെ (അപര്‍ണ ബാലമുരളി) ഇതുതന്നെയാണ് പറയാറുള്ളത്. നായിക ആകുന്നതിനെക്കാള്‍ നടിയാകുന്നതാണ് എനിക്കിഷ്ടം. അതൊരു വലിയ വെല്ലുവിളിയുമാണ്. മുമ്പത്തെ പോലെയല്ല, ഇപ്പോള്‍ പ്രേക്ഷകര്‍ സിനിമയെ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. നിരീക്ഷിക്കുന്നുണ്ട്. ഓരോ അഭിനേതാവിനേയും അവര്‍ വിലയിരുത്തുന്നുണ്ട്. സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിനിമയാണ് പ്രധാനം. പിന്നെ സിനിമ ചെയ്യുന്ന ആളുകള്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം ഞാന്‍ നോക്കാറുണ്ട്. ഭാഗ്യവശാല്‍ എനിക്കു കിട്ടിയ രണ്ടു ചിത്രങ്ങളുടെയും ടീം നല്ലതായിരുന്നു. വളരെ പ്രൊഫഷണലും.'
പുതുതായി സിനിമയിലേക്ക് വരുന്ന എല്ലാവരും പറയാറുണ്ട് തങ്ങളുടെ ഡ്രീം റോളുകളെക്കുറിച്ച്. പക്ഷെ തനിക്കങ്ങനെ ഒരു ഡ്രീം റോളൊന്നും ഇല്ല എന്നാണ് നിമിഷ പറയുന്നത്. 'മലയാള സിനിമകള്‍ ഒരുപാട് കാണാറുണ്ട്. കന്മദത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രത്തോട് വല്ലാത്തൊരു ഇഷ്ടം ഉണ്ട്. അങ്ങനെയൊരു കഥാപാത്രം ചെയ്യണം എന്നല്ല പറയുന്നത്. പക്ഷെ ആ കഥാപാത്രത്തോട് എന്തോ ഒരു അടുപ്പം തോന്നാറുണ്ട്. മഞ്ജുച്ചേച്ചിയേയും വലിയ ഇഷ്ടമാണ്. നല്ല വേഷങ്ങള്‍ ചെയ്യുക, പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ഡ്രീം റോളൊന്നും എനിക്കില്ല.'
സിനിമയിലെത്തിയതിനു ശേഷമുള്ള ആദ്യ ഓണമാണ് നിമിഷയ്ക്ക്. കൊച്ചിയില്‍ തന്നെയായിരിക്കും ഓണത്തിനെന്ന് നിമിഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.