കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കും വരെ പലരും കേൾക്കാതെ പോയൊരു പേരായിരുന്നു സനൽകുമാർ ശശിധരന്റെ ‘ചോല’. ഇനിയും തിയേറ്ററുകളിൽ റിലീസിനെത്തിയിട്ടില്ലാത്ത ‘ചോല’ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവേളയിൽ പ്രൗഢോജ്ജ്വലമായ നേട്ടമാണ് കൈവരിച്ചത്. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷ സജയന് ലഭിക്കാൻ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തോളം തന്നെ ‘ചോല’യിലെ പ്രകടനവും പങ്കുവഹിച്ചിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ‘ജോസഫി’നൊപ്പം തന്നെ ‘ചോല’യിലെ കൂടെ അഭിനയം കണക്കിലെടുത്താണ്.
‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരനെ തേടിയെത്തി. ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ചിത്രം നാലു സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ വേളയിൽ ചിത്രത്തിലെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.
നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകൾ നിമിഷയ്ക്കുണ്ട്. ജാനു എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. ” 15 വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്, ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്. രണ്ട് മൂന്ന് ഗെറ്റപ്പുകൾ ഉണ്ട്. ജോജു ചേട്ടനും അഖിൽ എന്നൊരു പുതുമുഖവും ഞാനുമാണ് സിനിമയിലുള്ളത്. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് കഥ. ചില സിറ്റുവേഷൻ വരുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറഞ്ഞു പോവുന്നത്,” ചിത്രത്തെ കുറിച്ച് നിമിഷ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read more: പതിഞ്ഞ താളത്തിലെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍: നിമിഷ സജയന്‍