മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ തിളക്കത്തിലാണ് യുവ അഭിനേത്രികളിൽ ശ്രദ്ധേയയായ നിമിഷ സജയനിപ്പോൾ. പുരസ്കാരനേട്ടത്തിനു പുറമെ ഇരട്ടിമധുരം പോലെ സ്വപ്നവാഹനവും സ്വന്തമാക്കിയിരിക്കുകയാണ് നിമിഷ ഇപ്പോൾ. ബെൻസിന്റെ പ്രീമിയം ലക്ഷ്വറി ഹാച്ച്ബാക്കായ മേഴ്‌സിഡസ് ബെന്‍സ് എ ക്ലാസ് ആണ് നിമിഷ സ്വന്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന നിമിഷയെന്ന ഇരുപത്തിരണ്ടുകാരിയ്ക്ക് മികച്ച തുടക്കമാണ് 2019 സമ്മാനിച്ചിരിക്കുന്നത്.

രണ്ടു വർഷങ്ങൾക്കിടെ അഞ്ചു സിനിമകൾ മാത്രം ചെയ്ത് വ്യക്തിത്വമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ പേര് തങ്കത്തിളക്കത്തോടെ​ രേഖപ്പെടുത്താൻ സാധിച്ച അഭിനേത്രികളിൽ ഒരാളാണ് നിമിഷ. ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലാണ് നിമിഷ സജയൻ എന്ന അഭിനയ പ്രതിഭയെ മലയാളി ആദ്യം തിരിച്ചറിഞ്ഞത്. ചിത്രത്തിലെ ശ്രീജ എന്ന ശക്തയായ കഥാപാത്രത്തെ ജീവസ്സുറ്റ രീതിയിൽ തന്നെ അവതരിപ്പിക്കാൻ നിമിഷയ്ക്ക് സാധിച്ചു. ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കണ്ടെത്തൽ തെറ്റിയില്ലെന്ന് അടിവരയിട്ടു ഉറപ്പിക്കുന്ന പ്രകടനമാണ് പിന്നീട് വന്ന ചിത്രങ്ങളിലും നിമിഷ കാഴ്ച വച്ചത്. ‘ഈട’, ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയമാണ് നിമിഷ കാഴ്ച വെച്ചത്. നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്തത് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ഹന്ന എലിസബത്ത് എന്ന വക്കീൽ കഥാപാത്രവും ഇനിയും തിയേറ്ററുകളിൽ എത്തിയിട്ടില്ലാത്ത ‘ചോല’ എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രവുമാണ്.

നിമിഷ സജയനൊപ്പം ജോജു ജോര്‍ജ്, പുതുമുഖതാരമായ അഖിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. 15 വയസ്സുള്ള ഒരു സ്കൂൾ കുട്ടിയായാണ് നിമിഷ അഭിനയിക്കുന്നത്. രണ്ട് മൂന്ന് ഗെറ്റപ്പുകളിലും നിമിഷ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസിനെത്തിയിരുന്നു. സനൽകുമാർ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷ സജയന് നേടി കൊടുത്തതിനൊപ്പം തന്നെ മികച്ച സ്വഭാവനടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ‘ജോസഫി’നൊപ്പം തന്നെ ‘ചോല’യിലെ കൂടെ അഭിനയം കണക്കിലെടുത്താണ്.

‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരനെ തേടിയെത്തിരുന്നു. ഒപ്പം ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

‘തട്ടിൻപ്പുറത്ത് അച്യുതനു’നു ശേഷം ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ നിമിഷ സജയൻ അവതരിപ്പിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ബിജു മേനോനാണ് ചിത്രത്തിലെ നായകൻ. കണ്ണൂരിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. നവാഗതനായ പ്രഗീഷ് പി ജി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Read more: ലാൽ ജോസ് ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനും ഒന്നിക്കുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ