സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് യുവനടിമാരിൽ ശ്രദ്ധേയരായ അനു സിതാരയും നിമിഷ സജയനും. ‘ഒരു കുപ്രസിദ്ധ പയ്യൻ’എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തുടങ്ങിയ പരിചയം വളർന്ന് പരസ്പരം എന്തും തുറന്നു പറയാവുന്ന സൗഹൃദമായി മാറിയിരിക്കുകയാണ് ഇവർക്കിടയിൽ. നിമിഷയ്ക്ക് അനു സിതാര ചിങ്ങിണിയാണ്, അനുവിന് നിമിഷ പ്രിയപ്പെട്ട നിമ്മിയും.
ഇപ്പോഴിതാ, നിമിഷയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് അനു സിതാര. എന്റെ പ്രിയപ്പെട്ട തല്ലുകൊള്ളിയ്ക്ക് ജന്മദിനാശംസകൾ എന്നാണ് അനു സിതാര കുറിക്കുന്നത്.
View this post on Instagram

സൗഹൃദത്തെ കുറിച്ച് അനു സിതാരയും നിമിഷയും
അനു സിതാര: സാധാരണ ആളുകളോട് സംസാരിക്കുമ്പോൾ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉള്ള ആളാണ് ഞാൻ. അങ്ങോട്ട് പോയി സംസാരിക്കാൻ ഒക്കെ മടിയാണ്. പക്ഷേ ആളുകൾ ഇങ്ങോട്ട് സംസാരിച്ചു തുടങ്ങിയാൽ, പിന്നെ ഞാനും കൂളായി സംസാരിക്കും. എന്താണെന്നറിയില്ല, ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ലൊക്കേഷനിൽ വെച്ച് നിമ്മിയെ കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പോയി സംസാരിക്കുകയാണ് ചെയ്തത്. നോക്കിയപ്പോഴുണ്ട്, കുറേ കാലമായി പരിചയമുള്ള ഒരാളോടെന്ന പോലെ തോളിലൊക്കെ കയ്യിട്ട് നിമ്മി സംസാരിക്കുന്നു.
നിമിഷ: കണ്ട ദിവസം തന്നെ ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി. ‘നീ എപ്പോ എത്തി’ എന്നൊക്കെ ചോദിച്ച് അന്ന് തുടങ്ങിയ സംസാരമാണ് ഞങ്ങളിപ്പോഴും അതു തുടർന്നു കൊണ്ടേയിരിക്കുന്നു. ഒരു സുഹൃത്ത് മാത്രമല്ല, എനിക്ക് ചിങ്ങിണി. എന്റെ ചേച്ചിയെ പോലെയാണ്. സുഹൃത്തുക്കൾ ചിലപ്പോൾ നമുക്കു വിഷമമായാലോ എന്നൊക്കെ ഓർത്ത് നമ്മുടെ തെറ്റുകളൊന്നും ചൂണ്ടി കാണിക്കാതെ ഇരിക്കുമല്ലോ. പക്ഷേ ചിങ്ങിണി അങ്ങനെയല്ല, എന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ ‘നീ ചെയ്തത് തെറ്റാണ്’ എന്നു മുഖത്തു നോക്കി തന്നെ പറയും. അതാണ് ചിങ്ങിണിയിൽ എനിക്കേറെയിഷ്ടമുള്ള കാര്യങ്ങളിൽ ഒന്ന്.
അനു സിതാര: നിമ്മിയുമതെ, എന്തുണ്ടെങ്കിലും പറയും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ‘ഇഷ്ടപ്പെട്ടില്ല’ എന്നു തന്നെ പറയും. അതു കൊണ്ട് എനിക്കും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ഇവളുടെ അടുത്ത്. ഞാൻ വിമർശിച്ചാലും അവൾ അത് ആ സെൻസിൽ മാത്രമേ എടുക്കൂ. അങ്ങനെ ഒരു സുഹൃത്തിനെയായിരുന്നു എനിക്കും ആവശ്യം. അതു മാത്രമല്ല, പുതിയ സിനിമകളൊക്കെ കാണുമ്പോൾ നിമ്മി എന്നെ വിളിച്ചു പറയും, നല്ലതാണ് തീർച്ചയായും കാണണം എന്നൊക്കെ. സിനിമയെ വളരെ ഗൗരവമായി കാണുന്ന ഒരാളാണ് അവൾ. അഭിനയത്തിനപ്പുറം സിനിമയുടെ മറ്റെല്ലാ വശങ്ങളും ശ്രദ്ധിക്കുകയും അതിനെ കുറിച്ച് പഠിക്കുകയും ഒക്കെ ചെയ്യുന്ന ഒരാൾ. നാളെ ചിലപ്പോൾ ഇവളൊരു സംവിധായിക ഒക്കെ ആയേക്കാം.
നിമിഷ സജയൻ: ചിങ്ങിണി എന്റെ കുടുംബത്തിലെ ഒരംഗം തന്നെയാണിപ്പോൾ. ഞങ്ങൾ നിത്യം വിളിച്ച് സംസാരിക്കാറില്ലെങ്കിലും എന്റെ അമ്മയും വിഷ്ണു ചേട്ടനും (അനുവിന്റെ ഭർത്താവ്) മിക്കവാറും എല്ലാ ദിവസവും വിളിച്ച് ഞങ്ങളുടെ വിശേഷങ്ങൾ ഒക്കെ തിരക്കും. രണ്ടുപേരും അഭിനയിക്കുന്നവരായതു കൊണ്ട് നിത്യം വിളിക്കുന്നതൊക്കെ അത്ര പ്രായോഗികമല്ലെന്ന് അറിയാം. ഷൂട്ടിംഗ് തിരക്കുകളുണ്ടാകും, ചിലപ്പോൾ ക്ഷീണിച്ചാവും വന്നു കയറുന്നത്. അതൊക്കെ പറയാതെ മനസ്സിലാക്കാൻ കഴിയാറുണ്ട്.
അനു സിതാര: നിമ്മിയെ എന്റെ പപ്പയ്ക്കും മമ്മിയ്ക്കും അനിയത്തിക്കുമെല്ലാം വലിയ ഇഷ്ടമാണ്. വയനാട്ടിൽ പോവുമ്പോൾ ഇവൾ നേരെ മമ്മിയെ വിളിച്ച് അങ്ങു പോവും. ഞാൻ എറണാകുളത്തെത്തുമ്പോൾ മമ്മിയുടെ ഫുഡ് മിസ്സ് ചെയ്യുമ്പോൾ നേരെ ചെല്ലുക നിമ്മിയുടെ വീട്ടിലേക്കാണ്. സ്വന്തം വീടുപോലെയാണ് എനിക്കവിടം.
നിമിഷ സജയൻ: അതേയതെ, ചിങ്ങിണി സാധാരണ വീട്ടിൽ വന്നാൽ പിന്നെ ആളാണ് എന്റെ വീട്ടിലെ കുട്ടി. ഞാൻ പിന്നെ പുറത്തുള്ള മോളാണ്. മകളും മരുമോനും വിരുന്നു വന്നതുപോലെയാണ് മമ്മി ചിങ്ങിണിയെ നോക്കുക. ഞാനുമായി എന്തെങ്കിലും കാര്യത്തിന് പിണങ്ങിയാൽ ഉടനെ ചിങ്ങിണി പറയും, ‘നീയിറങ്ങി പോടീ എന്റെ വീട്ടിൽ നിന്ന്, ഞാൻ മമ്മിയുടെ കൂടെ നിന്നോളാം ‘ എന്ന്. റോസിയ്ക്ക് ഇഷ്ടമില്ലെങ്കിൽ റോസി ഈ വീട്ടിൽ നിന്നു പൊയ്ക്കോളൂ എന്നു പറയുന്ന ലൈനാണ് ചിങ്ങിണിയുടേത്. (ചിരിക്കുന്നു)
അനു സിതാര: കഴിഞ്ഞ ന്യൂ ഇയറിന്റെ സമയത്ത് ഞങ്ങൾ ബാംഗ്ലൂരിൽ പോയി. ടിക്കറ്റൊക്കെ ബുക്ക് ചെയ്തിട്ട് ‘തലേ ദിവസമാണ് നീ കൂടെ വാ’ എന്നു പറഞ്ഞ് അവളെ വിളിക്കുന്നത്. രസകരമായ യാത്രയായിരുന്നു അത്. ബാംഗ്ലൂരിലെ കൊമേഴ്സ്യൽ സ്ട്രീറ്റിലൂടെ ഒക്കെ ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നു. റോഡിലൂടെ ചുമ്മാ തേരാപ്പാര നടക്കുന്ന ഞങ്ങളെ കണ്ട് കുറേ മലയാളികളൊക്കെ അടുത്തു വന്ന് സംസാരിച്ചു. നിമ്മിയുടെ കൂടെ ആയിരിക്കുമ്പോൾ ഞാനെപ്പോഴും ഹാപ്പിയാണ്.
നിമിഷ: ചിങ്ങിണി എറണാകുളത്തപ്പോൾ പിന്നെ ഞങ്ങളെപ്പോഴും ഒന്നിച്ചാണ്. ഒന്നുകിൽ എന്റെ വീട്ടിൽ, അല്ലേൽ കൊച്ചിയിലെ ചിങ്ങിണിയുടെ വീട്ടിൽ. ഒന്നിച്ചിരുന്ന് കഴിച്ചും സംസാരിച്ചുമൊക്കെ എത്ര നേരം വേണേലും ചെലവഴിക്കും.
അനു സിതാര: പൊതുവേ ഞാനൽപ്പം മടിച്ചിയാണ്. പക്ഷേ നിമ്മി ഒട്ടുമല്ല, എപ്പോഴും ഉഷാറായി ഇരിക്കണമെന്ന് അവൾക്കുണ്ട്. അതു മാത്രമല്ലാട്ടോ എന്നെ മടി പിടിച്ചിരിക്കാനും അവള് സമ്മതിക്കില്ല. എന്തെങ്കിലും ഉഷാറായി ചെയ്തു കൊണ്ടിരിക്കാൻ നിർബന്ധിച്ചുകൊണ്ടിരിക്കും. എന്റെ മടിയെ ഒക്കെ ഓടിക്കുന്നത് നിമ്മിയാണ്. ഇവളെ പോലൊരു സുഹൃത്ത് എന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ല.
Read more: ‘പദ്മാവതി’ലെ പാട്ടിന് ചുവടു വച്ച് അനു സിതാരയും നിമിഷയും