പെൻണ്ടോറയെന്ന വിദൂരഗ്രഹത്തിന്റെ മായക്കാഴ്ചകൾ കാട്ടി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ ‘അവതാർ’. 1200 കോടി രൂപയെന്ന ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ ചിത്രത്തിലൂടെ മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് ജെയിംസ് കാമറൂൺ പറഞ്ഞത്. പതിമൂന്നു വർഷങ്ങൾക്കിപ്പുറവും സാങ്കേതിക മികവിൽ ‘അവതാറി’നെ കവച്ചുവെയ്ക്കാൻ മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ലെന്നതും വിസ്മയാവഹമായ കാര്യമാണ്. മായക്കാഴ്ചകളുമായി ‘അവതാറി’ന്റെ രണ്ടാം ഭാഗം ഈ ഡിസംബർ 16ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
അവതാറിലെ ശ്രദ്ധേയ കഥാപാത്രങ്ങളായ ‘ഡ്രാഗണു’കളെ കണ്ട് അമ്പരന്നിരിക്കുന്ന നിലയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് നടിയും അവതാരകയും വ്ളോഗറുമായ പേളി മാണി. സിംഗപ്പൂർ യാത്രയ്ക്കിടയിൽ, ഗാർഡൻസ് ബൈ ദ ബേയിൽ ഒരുക്കിയ അവതാർ ഫിലിം ഫ്രാഞ്ചൈസിയെ ചുറ്റിപ്പറ്റിയുള്ള ദൃശ്യവിസ്മയം കാണാൻ എത്തിയതായിരുന്നു പേളിയും കുടുംബവും. 10,000 ചതുരശ്ര മീറ്റർ ഗ്രീൻഹൗസ് – ക്ലൗഡ് ഫോറസ്റ്റിനുള്ളിലാണ് ഈ വാക്ക്ത്രൂ അനുഭവം സ്ഥാപിച്ചിരിക്കുന്നത്.
നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. അച്ഛനുമമ്മയും മാത്രമല്ല, മകൾ നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്.
ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി വന്ന് പ്രണയത്തിലായ പേളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാര്‍ച്ചിലാണ് പേളി മകള്‍ നിലയ്ക്കു ജന്മം നല്‍കിയത്.