നാടക രംഗത്ത് സ്ത്രീകൾ കടന്നു വരാൻ മടിച്ചിരുന്നൊരു കാലത്താണ് മുസ്‌ലിം സമുദായത്തിൽ നിന്നൊരു പെൺകുട്ടി നാടക വേദിയിലേക്ക് എത്തിയത്. സമുദായ എതിർപ്പുകളെ മറികടന്ന് അരങ്ങിലെത്തിയ നിലമ്പൂർ അയിഷ എന്ന പെൺകുട്ടി കീഴടക്കിയത് നാടക വേദി മാത്രമായിരുന്നില്ല, ജനഹൃദയങ്ങൾ കൂടിയായിരുന്നു. 60 ലേറെ വർഷങ്ങളായി നാടക വേദിയിൽ നിറഞ്ഞു നിൽക്കുന്ന അയിഷയുടെ ജീവിതം പക്ഷേ കയ്പേറിയ അനുഭവങ്ങൾ നിറഞ്ഞതാണ്. തന്റെ ആദ്യ നാടക ഓർമകൾ മാല പാർവ്വതിയുമായി പങ്കുവയ്ക്കുകയാണ് ആയിഷ.
സമ്പന്ന കുടുംബത്തിലായിരുന്നു ആയിഷയുടെ ജനനമെങ്കിലും ബാപ്പയുടെ മരണത്തോടെ സ്ഥിതിഗതികൾ ആകെ മാറി. ബാപ്പയുടെ മരണവും ഉമ്മയുടെ അസുഖവും കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടു. ഇതിനിടയിൽ തന്റെ 13-ാം വയസിൽ 45 ഓളം വയസ് പ്രായമുളളയാളെ ആയിഷയ്ക്ക് വിവാഹം ചെയ്യേണ്ടി വന്നു. ”ബാപ്പയുടെ മരണത്തിനുപിന്നാലെ എന്റെ വിവാഹം കഴിഞ്ഞു. 43-45 വയസ് പ്രായമുളള ആളായിരുന്നു എന്നെ വിവാഹം ചെയ്തത്. മൂന്നു ദിവസം മാത്രമേ അയാൾക്കൊപ്പം ജീവിച്ചുളളൂ. പിന്നെ സ്വന്തം വീട്ടിലേക്ക് വന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലാവുന്നത്. അതിനിടയിൽ ഒരു ദിവസം ഇനി ജീവിക്കേണ്ടെന്നു തോന്നി. അങ്ങനെ ആത്മഹത്യക്കു ശ്രമിച്ചു. എന്റെ സഹോദരൻ കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടത്. മരിച്ചു കാണിക്കുകയല്ല, ജീവിക്കുകയാണ് വേണ്ടതെന്ന് സഹോദരൻ എന്നോട് പറഞ്ഞു. ആ വാക്കുകളാണ് മുന്നോട്ട് ജീവിക്കാൻ ധൈര്യം പകർന്നത്,” ആയിഷ പറയുന്നു.
ഇ.കെ.അയമു എന്ന നാടകകൃത്താണ് നിലമ്പൂർ ആയിഷയെ നാടകരംഗത്തേക്ക് എത്തിക്കുന്നത്. ഒരിക്കൽ ഇ.കെ.അയമുവിന്റെ നാടകം കാണാൻ ഇഎംഎസ് എത്തി. ആ നാടകത്തിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുളളൂ. ആ കാലഘട്ടത്തിൽ സ്ത്രീകൾ ആരും അഭിനയിച്ചിരുന്നില്ല. നാടകത്തിൽ രണ്ടു സ്ത്രീകൾ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് ഇഎംഎസ് പറഞ്ഞു. അതിനുശേഷമാണ് സ്ത്രീകൾക്കു വേണ്ടി ഇ.കെ.അയമു തിരഞ്ഞത്. അങ്ങനെ നിലമ്പൂരിൽനിന്നും ജാനകി എന്ന പെൺകുട്ടിയെ കിട്ടി. ഇനിയും ഒരു പെൺകുട്ടിയെ വേണമായിരുന്നു. ആ അന്വേഷണം എത്തിനിന്നത് നിലമ്പൂർ ആയിഷ എന്ന പെൺകുട്ടിയിലായിരുന്നു.
”ഒരു ദിവസം ഉമ്മയുടെ ഗ്രാമഫോൺ റെക്കോർഡിലെ ഒരു പാട്ട് ഉച്ചത്തിൽ ഞാൻ പാടുകയായിരുന്നു. ഈ പാട്ട് പാടുമ്പോഴാണ് ഇ.കെ.അയമു കയറിവരുന്നത്. എന്തുകൊണ്ട് നിനക്ക് നാടകത്തിൽ അഭിനയിച്ചു കൂട എന്നു ചോദിച്ചു. ഞാൻ റെഡിയാണെന്ന് പറഞ്ഞു. പക്ഷേ ഉമ്മയ്ക്ക് സമുദായത്തെ പേടിയായിരുന്നു. രക്ഷിക്കാൻ കഴിയാത്ത മതസ്ഥർ ശിക്ഷിക്കാൻ നടക്കരുതെന്ന് ഞാൻ പറഞ്ഞതോടെ ഉമ്മയ്ക്ക് ധൈര്യമായി, അഭിനയിക്കാൻ സമ്മതിച്ചു. അന്ന് എനിക്ക് 14 വയസേ ഉണ്ടായിരുന്നുളളൂ.”
”നാടകത്തിന്റെ റിഹേഴ്സൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കി. നാടകത്തിന്റെ തലേദിവസം ‘ഏറനാടിന്റെ വിരിമാറിൽനിന്നും ഒരു അനാഘാത പുഷ്പം, ആയിഷ എന്ന പെൺകുട്ടി നാടകത്തിലേക്ക്’ എന്നൊതു പത്രവാർത്ത വന്നു. ഇതു കണ്ടതോടെ ഏറനാട്ടിൽ നിന്നുളള ആ പെൺകുട്ടി ആരാണെന്ന് അറിയാനുളള ആകാംക്ഷയിലായി എല്ലാവരും. ഫറൂഖിലായിരുന്നു നാടകം. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഏറനാടിൽനിന്നുളളവരും ഫറൂഖിൽനിന്നുളളവരും ചേർന്ന് ജന മഹാസമുദ്രത്തെയാണ് കണ്ടത്. ചുവപ്പ് വോളന്റിയേഴ്സ് കൊകോർത്ത് പിടിച്ചതിനു ഇടയിലൂടെ നടന്നാണ് ഞാൻ സ്റ്റേജിലേക്ക് കയറിയത്,” ആയിഷ പറയുന്നു.