scorecardresearch
Latest News

എന്തു കൊണ്ട് ഗൗരിയമ്മ?; അച്ഛന്റെ മറുപടി ഓർത്ത് നിഖില

“അന്ന് അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്,” നിഖില കുറിക്കുന്നു

Nikhila Vimal, Nikhila Vimal Gouri Amma

കേരള രാഷ്ട്രീയത്തിലെ ഇതിഹാസം കെ ആർ ഗൗരിയമ്മയ്ക്ക് വിട നൽകുകയാണ് കേരളക്കര. തന്റെ അച്ഛൻ എം ആർ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി നിഖില വിമൽ. സഹോദരി അഖില വിമൽ എഴുതിയ കുറിപ്പാണ് നിഖില ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.

“ഇടതുപക്ഷനേതാക്കളിൽ എം. വി. രാഘവനുമായും കെ. ആർ. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എൻ്റെ അച്ഛൻ എം. ആർ. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആർ. ഗൗരിയമ്മയും സി.പി.ഐ.(എം) ൽ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛൻ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുന്നതും.”

“സ്വന്തം പാർട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛൻ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛൻ്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേർച്ച എം. വി. രാഘവനായതിനാൽ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാൻ അച്ഛനോട് ചോദിച്ചു. “അവർ വല്ലാതെ നീതി അർഹിക്കുന്നു,” എന്നായിരുന്നു അതിന് അച്ഛൻ്റെ മറുപടി. എം.വി.ആറും അച്ഛനും ഓർമ്മയായി; ഇപ്പോൾ ഗൗരിയമ്മയും. കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ,” കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു നിഖിലയുടെ പിതാവും സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും സിപിഐഎം എൽ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ എം ആർ പവിത്രൻ അന്തരിച്ചത്.

Read More: കാലം സാക്ഷി, കരയാത്ത ഗൗരി, ചരിത്രം സാക്ഷി, തളരാത്ത ഗൗരി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nikhila vimal remembering gouri amma