‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നായികയാണ് നിഖില വിമൽ. പിന്നീട് ഞാൻ പ്രകാശൻ, ഒരു യെമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദി പ്രീസ്റ്റ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഇർഷാദ് പരാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘അയൽവാശി’യാണ് നിഖിലയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ നിഖില ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ ഫിറ്റ്നസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ഫിറ്റ്നസ് കോച്ചിനൊപ്പം വെയ്റ്റ് ലിഫ്റ്റിങ്ങ് ചെയ്യുകയാണ് നിഖില. ‘ബിഗ് ലിഫ്റ്റ് ഡെ’ എന്ന് അടികുറിപ്പ് നൽകിയ വീഡിയോ അജിത്ത് ബാബു എന്ന ഫിറ്റ്നസ് ട്രെയിനറുടെ അക്കൗണ്ടിലാണ് പ്രത്യക്ഷപ്പെട്ടത്. നിഖിലയുടെ പൊട്ടിച്ചിരിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ക്യാമറ നോക്കിയാണ് നിഖില ചിരിക്കുന്നത്.
ട്രെയിനറുടെ അടുത്തു നിന്ന് വെള്ളം വാങ്ങി കുടിച്ച ശേഷം അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ലിഫ്റ്റ് ചെയ്യുന്നത്. വ്യായാമം ചെയ്ത് കഴിഞ്ഞുള്ള നിഖിലയുടെ മുഖത്തെ ഭാവമാണ് പലർക്കും രസകരമായി തോന്നിയത്. ലെ നിഖില- ഞാൻ കോച്ചിനെ ആക്ട് ചെയ്ത് പറ്റിച്ചെ, ഇപ്പ ചത്തേനെ ന്ന് ദാറ്റ് സെക്കന്റ് സ്ക്വാട്,ഉളുക്കി ഉളുക്കി ആരും അറിയണ്ട ഇങ്ങനെ അങ്ങ് നടന്ന് പോകാം, നിഖിലയുടെ മുഖഭാവം ഇങ്ങനെ തോന്നിക്കുന്നു, “തൃപ്തിയായി ഗോപിയേട്ടാ, തൃപ്തി ആയി” ,തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ’18+’, വിഘ്നേഷ് രാജ ചിത്രം ‘പോർതൊഴിൽ’ എന്നിവയാണ് നിഖിലയുടെ പുതിയ ചിത്രങ്ങൾ.