‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റചിത്രത്തിലൂടെ മലയാളക്കരയുടെ മുഴുവൻ സ്നേഹവും ഏറ്റുവാങ്ങിയ പ്രിയതാരം സാമുവൽ അബിയോള റോബിൻസൺ വീണ്ടുമെത്തുന്നു. ‘പർപ്പിൾ’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാം വരവ്. ഇത്തവണ കണ്ണീരണിയിക്കാനല്ല, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന വില്ലനായി നെഗറ്റീവ് റോളിലാണ് സാമുവൽ എത്തുന്നത്.

സാമുവൽ തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘കാഞ്ചനമാല കേബിൾ ടിവി’ എന്ന തെലുങ്കു ചിത്രത്തിന്റെ സംവിധായകനായ പാർത്ഥസാരഥിയാണ് ‘പർപ്പിൾ’ ഒരുക്കുന്നത്. നിര്‍മ്മാണം രതീഷ് നായരാണ്. വിഷ്ണു വിനയന്‍, മറിന മൈക്കിള്‍, വിഷ്ണു ഗോവിന്ദ്, നിഹാരിക, ഋഷി പ്രകാശ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ‘പർപ്പിൾ’ ഒരു ക്യാംപസ് ചിത്രമാണ്.

പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന്‌ സഹായം നല്‍കണം എന്നവശ്യപ്പെട്ടു കൊണ്ട് ഒരു വീഡിയോ റിലീസ് ചെയ്തിരുന്നു സാമുവേല്‍ കഴിഞ്ഞ ദിവസം.  അതിനു മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു എന്നും സാമുവേല്‍ ഈദ് ആശംസകള്‍ക്കൊപ്പമുള്ള തന്റെ കുറിപ്പില്‍ പറഞ്ഞു.

“കേരളത്തെ സഹായിക്കാനുള്ള നിങ്ങളുടെ സംഭാവനകള്‍ക്ക് നന്ദി. വലിയ ശക്തിയും മനുഷ്യത്വവുമാണ് മലയാളികള്‍ കാട്ടിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവര്‍ ഒത്തു ചേര്‍ന്ന് പ്രളയത്തില്‍ പെട്ട് പോയവരെ സഹായിക്കാന്‍ മുന്നോട്ട് വന്ന മനോഹരമായ കാഴ്ച കേരളത്തില്‍ ഇല്ലെങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്യാന്‍ സാധിച്ചു. എന്റെ ഫേസ്ബുക്ക്‌ വീഡിയോ അര മില്ല്യന്‍ ആളുകള്‍ കണ്ടു എന്നും അത് മൂലം കേരളത്തിന്‌ കുറച്ചു സഹായം ചെയ്യാന്‍ കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ മുഖം ഇങ്ങനെയായിരുന്നു. ദൂരയാണെങ്കിലും എന്നാല്‍ കഴിയുന്ന വിധം കേരളത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കേരളത്തെ വീണ്ടും പഴയ ശോഭയിലേക്ക് എത്തിക്കാന്‍ നിങ്ങളും കൈകൊര്‍ത്ത് സഹായിക്കൂ”, സാമുവേല്‍ എഴുതി.

 

ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍, നൈജീരിയയില്‍ നിന്നുള്ള കളിക്കാരനും മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ ടീം മാനേജരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’ സാമുവലിന്​​ ഏറെ പ്രശസ്തി നേടി കൊടുത്ത സിനിമയായിരുന്നു. ഭാഷ അഭിനയത്തിന് ഒരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു സാമുവലില്‍. കാല്‍പ്പന്തുകളിയുടെ ആവേശത്തിനപ്പുറം ദേശവും ഭാഷയും തടസ്സമാകാത്ത സ്‌നേഹത്തെയും വൈകാരിക ബന്ധങ്ങളെ കുറിച്ചും സംസാരിച്ച സിനിമ മികച്ച ബോക്സോഫീസ് വിജയം നേടുകയും ചെയ്തിരുന്നു.

സ്‌നേഹത്തോടെ ഒരു നാടുമുഴുവൻ സാമുവലിനെ സുഡുമോനെന്ന് ഓമനപ്പേരിട്ട് വിളിച്ചപ്പോൾ പ്രേക്ഷകരും ആ വിളി ഏറ്റെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook