മലയാളത്തിൽ ആദ്യമായി ഒരു നൈജീരിയക്കാരൻ അഭിനയിക്കുന്ന സിനിമ എന്ന നിലയില്‍ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സിനിമ തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി മുന്നേറവെ നൈജീരിയയിലും ചിത്രത്തെ കുറിച്ചുളള ചര്‍ച്ച സജീവമായി.

മജീദ് (സൗബിൻ ഷാഹിർ) എന്ന ഫുട്ബോൾ പ്രാന്തന്റെ സെവൻസ് ഫുട്ബോൾ ടീമിൽ കളിക്കാനെത്തുന്നു നൈജീരിയക്കാരനാണ് സാമുവേൽ അബിയോള റോബിൻസൺ (അതെ പേരിലുള്ള നൈജീരിയൻ സിനിമാ താരം). എന്നാല്‍ സാമുവല്‍ അഭിനയിച്ചത് ‘ബോളിവുഡ്’ ചിത്രത്തില്‍ ആണെന്നാണ് നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഡെസ്പെറേറ്റ് ഹൗസ്‍വൈവ്സ് ആഫ്രിക്ക’ എന്ന ടിവി സീരീസില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് സാമുവല്‍. ആദ്യമായി ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കറുത്ത വര്‍ഗക്കാരന്‍ താന്‍ ആണെന്ന് സാമുവല്‍ പറയുന്നു. നൈജീരിയയുടേയും ആഫ്രിക്കയുടേയും നേട്ടമാണ് താന്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചതോടെ സ്വന്തമായതെന്ന് അദ്ദേഹം നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയും ആഫ്രിക്കയും തമ്മിലുളള സാസ്കാരിക- സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നും സാമുവല്‍ വ്യക്തമാക്കി. മലപ്പുറത്തെ ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് സുഡാനി ഫ്രം നൈജീരിയ ഒരുങ്ങിയത്. മലപ്പുറത്തുകാരനായ മജീദിന്റെ പ്രാദേശിക ടീമിന് പുത്തൻ ഉണർവും വിജയങ്ങളും നല്കിയാണ് സാമുവലിന്റെ കടന്നുവരവ്. കുറെ സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്നങ്ങളും കാരണം വിഷമിക്കുന്ന മജീദിന് അയാൾ നേടി തന്ന വിജയങ്ങൾ ആശ്വാസമാകുന്നു. സാമുവലിനു ആരാധകർ ഉണ്ടാകുന്നു. ആഫ്രിക്കൻ ഗോത്രത്തിൽ നിന്നുള്ള ഫുട്ബോൾ താരം സുഡാനിൽ നിന്നുള്ള ആളാകും എന്ന ധാരണയിൽ നാട്ടുകാർ അയാളെ സുഡു എന്ന് വിളിക്കുന്നു. അങ്ങനെ വളരെ സന്തോഷത്തോടെ അയാളും മജീദും സുഹൃത്തുക്കളും ഫുട്ബോൾ കളിയുമായി നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു സംഭവമുണ്ടാകുന്നു.

അതിന്റെ തുടർച്ചകളും മജീദിന്റെയും സാമുവലിന്റെയും ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളും ഒക്കെയാണ് സുഡാനി ഫ്രം നൈജീരിയ. സാമുവലും അയാൾ എത്തിപ്പെട്ട ഈ നാടും തമ്മിലുള്ള ബന്ധത്തിലൂടെ അല്ലെങ്കിൽ നാട്ടുകാർക്ക് ആയാളോടു തോന്നുന്ന സാഹോദര്യത്തിലൂടെയും ഇഴയടുപ്പത്തിലൂടെയും ആണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. 2013ലാണ് നൈജീരിയന്‍ സിനിമയിലേക്കുളള സാമുവലിന്റെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ടിവി സീരീസുകളില്‍ അദ്ദേഹം അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook