2000 ലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് പട്ടം സ്വന്തമാക്കുന്നത്. താരം വിജയം നേടുന്നത് ടിവിയിലൂടെ അന്ന് കണ്ടിരുന്നു എന്നു തന്റെ അമ്മായിയമ്മ ഡെനിസ് പറഞ്ഞത് ഓർക്കുകയാണ് പ്രിയങ്ക. അമ്മയ്‌ക്കൊപ്പം കുഞ്ഞ് നിക്കും അന്ന് മിസ്സ് വേൾഡ് മത്സരം കാണിനിരുന്നെന്നും പ്രിയങ്ക പറഞ്ഞു.
തങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം കാണിക്കുന്ന ഈ വിവരം കേട്ടപ്പോൾ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് തനിക്കറിയില്ലായിരുന്നെന്നും പ്രിയങ്ക, ജെന്നിഫർ ഹഡ്സന്റെ ടോക്ക് ഷോയിൽ പറഞ്ഞു. 2018 ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ‘ലോങ്ങ് ടൈം കപ്പിൾ’ എന്നു തങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്ന് പ്രിയങ്ക പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു.
“എന്റെ അമ്മായിയമ്മ ഈ കഥ പറയുമ്പോൾ എനിക്കൊന്നും അറിയില്ല എന്ന ഭാവത്തിലായിരുന്നു ഞാൻ. എനിക്കു പതിനെട്ടു വയസ്സുള്ളപ്പോഴാണ് മിസ്സ് വേൾഡ് നേടുന്നത്. അത് ലണ്ടനിലാണ് നടന്നത്. നവംബറിൽ മത്സരം നടന്നു, ജൂലൈയിൽ എനിക്ക്18 വയസ്സ് തികഞ്ഞു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അമ്മായിയമ്മ പറഞ്ഞത്, അവർ അന്ന് ടെക്സസിലുണ്ടായിരുന്നെന്നും മത്സരം കണ്ടെന്നുമുള്ള കാര്യം. അതു കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി” പ്രിയങ്ക പറഞ്ഞു.
“നവംബറിലാണ് അന്ന് മത്സരം നടന്നതെന്നും അവർ കൃത്യമായി പറഞ്ഞു. തന്റെ ഭർത്താവിന്റെ അച്ഛനു ബ്യൂട്ടി പേജന്റുകൾ കാണുന്നത് ഇഷ്ടമായിരുന്നെന്നും അദ്ദേഹം അത് കണ്ടു കൊണ്ടിരുന്നപ്പോൾ നിക്ക് അവിടെ വന്നിരുന്നെന്നും അവർ എന്നോട് പറഞ്ഞു. അങ്ങനെ ഞാൻ കിരീടം ചൂടുന്നത് നിക്ക് കണ്ടിട്ടുണ്ട്. അതു 22 വർഷങ്ങൾക്കു മുൻപാണ്. നിക്കിനു 7 വയസ്സും എനിക്ക് പതിനേഴും. നിക്ക് അവിടെയിരുന്ന് അതെല്ലാം കണ്ടു,” പ്രിയങ്ക കൂട്ടിച്ചേർത്തു.
2022 ജനുവരിയിലാണ് പ്രിയങ്കയ്ക്കും നിക്കിനും പെൺകുഞ്ഞ് പിറന്നത്. മാൾട്ടി മേരി ചോപ്ര ജൊണാസ് എന്നാണ് മകളുടെ പേര്. ആമസോൺ സീരീസായ ‘സിറ്റാഡെൽ’, റോമാന്റിക്ക് ഡ്രാമ ‘ലവ് എഗെയ്ൻ’ എന്നിവയിലാണ് പ്രിയങ്ക അവസാനം അഭിനയിച്ചത്.