ഏപ്രിൽ 14നായിരുന്നു ബോളിവുഡ് താരങ്ങളായ ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം. അടുത്ത സുഹൃത്തുക്കളും കൂട്ടുകാരും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായൊരു ചടങ്ങായിരുന്നു ഈ താരവിവാഹം.
വിവാഹാഘോഷങ്ങൾ എല്ലാം കഴിഞ്ഞതോടെ അഭിനയത്തിൽ സജീവമാകുകയാണ് രൺബീറും ആലിയയും. മുംബൈ എയർപോർട്ടിൽ നിന്നും പകർത്തിയ ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ആലിയയുടെ യാത്ര. രൺവീർ സിങ്ങാണ് ചിത്രത്തിൽ ആലിയയുടെ നായകൻ.
ഇളം പിങ്ക് ചുരിദാർ അണിഞ്ഞ് അധികം മേക്കപ്പില്ലാതെയാണ് ആലിയുടെ ലുക്ക്. പാപ്പരാസി ഫോട്ടോഗ്രാഫേഴ്സിന് പോസ് ചെയ്യാനും താരം മറന്നില്ല. എന്തായാലും ആലിയയുടെ വിവാഹചിത്രങ്ങൾക്കു പിറകെ എയർപോർട്ട് ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
അയാൻ മുഖർജിയുടെ ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിൽ വച്ചാണ് ആലിയയും രൺബീറും പ്രണയത്തിലാവുന്നത്. അഞ്ചു വർഷത്തെ പ്രണയമാണ് ഏപ്രിൽ 14ന് സാക്ഷാത്കരിച്ചിരിക്കുന്നത്. കരൺ ജോഹർ, കരീന കപൂർ, കരിഷ്മ കപൂർ, സെയ്ഫ് അലിഖാൻ, എന്നിവരും വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.