മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മലയാള സിനിമാ ഡയലോഗുകള്‍. ‘ഐ ആം ദി സോറി അളിയാ അയാം ദി സോറി’ എന്ന് ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാകുമോ? സിനിമ കാണാത്തവര്‍ക്കിടയില്‍ പോലും ഇത്തരം പഞ്ച് ഡയലോഗുകള്‍ ഹിറ്റാണ്. കാലം മാറുന്നതിനനുസരിച്ച് സിനിമകളും, സിനിമാ ഡയലോഗുകളും മാറുന്നുണ്ട്. അതൊക്കെ നമ്മള്‍ മലയാളികള്‍ ആഘോഷമാക്കാറുമുണ്ട്.
മാറിയത് സിനിമയാണോ പ്രേക്ഷകരാണോ എന്നു ചിന്തിക്കേണ്ടി വരുന്നത് ‘ഇതല്ല ഇതിനപ്പുറം ചാടിക്കടന്നതാണീ കെ.കെ ജോസഫ്’ എന്ന ഇന്നസെന്റ് ഡയലോഗ് നമ്മളിപ്പോള്‍ ആഘോഷിക്കുമ്പോഴാണ്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ‘മണ്ടിപ്പെണ്ണേ’ തൊട്ടിങ്ങോട്ട് മലയാളി പ്രേക്ഷകര്‍ ഏറ്റു പറഞ്ഞ നിരവധി ഡയലോഗുകള്‍ ഉണ്ട്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനും പൂവള്ളി ഇന്ദുചൂടനും, മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയനും കൈയ്യടിച്ചു ശീലിച്ച മലയാളിക്ക് കൂടുതല്‍ റിയലിസ്റ്റിക് ആയ ഡയലോഗുകളാണ് പുതുതലമുറ നല്‍കുന്നത്. അഞ്ചുമിനിട്ട് തുടര്‍ച്ചയായി ശ്വാസം വിടാതെ ഡയലോഗ് പറയുന്ന നായകനെയൊന്നുമല്ല ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കാവശ്യം. അവരിപ്പോള്‍ നായകനും നായികയ്ക്കും, സഹതാരങ്ങള്‍ക്കുമൊക്കെ കൈയ്യടിക്കും.
‘കമോണ്‍ട്രാ മഹേഷേ
ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ഒട്ടുമിക്ക എല്ലാ ഡയലോഗുകളും ഹിറ്റായിരുന്നു. അമാനുഷികനായ നായകനോ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളോ ആയിരുന്നില്ല, മറിച്ച് സാധാരണക്കാരന്റെ സംസാരരീതികളും ജീവിതവുമായിരുന്നു ചിത്രത്തിന്റെ ഹൈലേറ്റ്. ഒന്നല്ല; ഒരുപാടുണ്ട് മഹേഷിന്റെ പ്രതികാരത്തില്‍ എടുത്തു പറയാന്‍. ‘ചേട്ടനിതിനെപ്പറ്റി വല്യ ധാരണയില്ലല്ലേ?’ അപര്‍ണ ബാലമുരളിയുടെ കഥാപാത്രം ജിംസി, ഫഹദ് അവതരിപ്പിച്ച മഹേഷ് ഭാവനയോട് ചോദിച്ച ഈ ചോദ്യം പിന്നീട് നിത്യജീവിതത്തില്‍ ഇടയ്ക്കിടെ നമ്മളും ചോദിച്ചു. അവസരം കിട്ടുമ്പോള്‍ ‘ചേട്ടന്‍ സൂപ്പറാ’ എന്നു പറയാനും മറന്നില്ല. ഈ ചിത്രം ഇറങ്ങിയതിനു ശേഷം സിനിമ കാണാന്‍ തിയേറ്ററില്‍ പോയ മിക്ക രസികരും ചോദിച്ചു കാണും ‘ശ്വാസകോശം വന്നോ?’ എന്ന്. പ്രേമം പൊളിഞ്ഞിരിക്കുമ്പോള്‍ ‘നൈസായിട്ടങ്ങ് ഒഴിവാക്കിയല്ലേ’ എന്നു പറഞ്ഞ് നമ്മള്‍ ചിരിച്ചു. വീട്ടുകാരോടോ കൂട്ടുകാരോടോ വഴക്കടിക്കുന്ന നേരത്ത് അടികിട്ടും എന്നുറപ്പായാല്‍ എടുത്തടിക്കാന്‍ പറ്റിയ ഡയലോഗല്ലേ ‘ചില്‍ സാറാ, ചില്‍’. പണി പാളിപ്പോകുമ്പോള്‍ നമ്മള്‍ പറയാറില്ലേ ‘എന്റെ ഐഡിയ ആയിപ്പോയി, നിന്റെ ഐഡിയയായിരുന്നേല്‍ കൊന്നേനേ’ എന്നു. ഡയലോഗുകളുടെ ഒരു പാരാവാരം ആയിരുന്നു മഹേഷിന്റെ പ്രതികാരം.
‘എല്ലാവരേയും സ്‌നേഹിക്കുക, പറ്റുമെങ്കില്‍ ബ്ലഡും ഡൊണേറ്റ് ചെയ്യുക’
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തില്‍ ഇര്‍ഷാദ് അവതരിപ്പിച്ച സരസനും ‘ലോലനു’മായ പൊലീസ് കഥാപാത്രം യാത്രയയപ്പ് സമയത്ത് പറയുന്ന ഈ ഡയലോഗ് കേട്ട് സിനിമ കണ്ട സകലരും ചിരിച്ച് സൈഡായിക്കാണും. ‘നീയൊക്കെ പുഴുത്തു ചാവൂടാ’ എന്ന എലിയുടെ ഡയലോഗും തകര്‍ത്തില്ലേ?
‘കിടുക്കി!! തിമിര്‍ത്ത്!! കലക്കി!!’
കൊള്ളാവുന്നതെന്തെങ്കിലും കണ്ടാല്‍ മാത്രമല്ല, കൂട്ടുകാരെ ഒന്ന് ‘ആക്കാനും’ നമ്മളീ ഡയലോഗെടുത്ത് അടിക്കാറില്ലേ? ഇനിയിപ്പോള്‍ പറയുന്നതൊന്നും ആരും കേട്ടില്ലെങ്കില്‍ കൂടെ ഇത്രകൂടി ചേര്‍ക്കും ‘ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍’. കൂടാതെ ‘നീ പൊരിക്ക്, സഹോ’ എന്നു പറഞ്ഞ് ‘ബ്രോ/സിസ്’ വിളിയും നമ്മളൊന്നു പുതുക്കി. ദിവസത്തില്‍ ഒരിക്കലെങ്കിലും ‘സഹോ’ എന്ന് നമ്മളാരെയെങ്കിലും വിളിക്കാറില്ലേ?
‘അരുണേട്ടാ, ഐ മിസ്സ് യൂ’
ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതാണ്. ‘അരുണേട്ടാ ഐ മിസ്സ് യൂ’ എന്ന ഡയലോഗ് എത്ര പെട്ടന്നാണ് ക്ലിക്കായത്. സിനിമ കണ്ടവരൊക്കെ ഫഹദിനെക്കാള്‍ ഓര്‍ത്തിരിക്കുന്നത് അനുശ്രീയെയായിരിക്കും. ‘സന്തോഷായില്ലേ’ എന്ന് രാജലക്ഷ്മി ചോദിക്കുന്നതു പോലെ ചോദിക്കാന്‍ ശ്രമിച്ച് വിജയിച്ചവരും ചീറ്റിപ്പോയവരുമൊക്കെ ഇപ്പോള്‍ ഇതുവായിക്കുന്നവരുടെ കൂട്ടത്തിലുണ്ടാകും.
‘മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കണ്ടിട്ടുണ്ടോ’
ഞാന്‍ കണ്ടിട്ടില്ല; പക്ഷെ കണ്ടവരൊരുപാടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലെ ഈയൊരൊറ്റ ഡയലോഗാണ് ചെറുപ്പക്കാരെ മൊത്തം മീശപ്പുലിമലയുടെ മുകളിലെത്തിച്ചത്. ചാര്‍ലി തലക്കു കേറി ‘കാറ്റു പോലെയാകാന്‍’ കൊതിച്ചവരും കുറേയുണ്ട്. ‘ആള്‍ക്കൂട്ടത്തില്‍ ഞാനുണ്ടാകും, കണ്ടുപിടിക്കാമെങ്കില്‍ കണ്ടുപിടിച്ചോ’ എന്നൊക്കെ വല്യ ഡയലോഗടിച്ചവരേയും നുമ്മക്കറിയാം.
സിനിമാ സങ്കല്‍പ്പവും നായികാ നായക സങ്കല്‍പ്പവും മാറിത്തുടങ്ങിയതോടെ നമ്മുടെ സിനിമകളില്‍ നായകന്റെ നിഴല്‍ എന്നിടത്തു നിന്നും ചെറിയൊരു പ്രമോഷന്‍ കിട്ടിയിട്ടുണ്ട് നായികമാര്‍ക്ക്. നായികമാര്‍ക്കുമറിയാം സഹോ പഞ്ച് ഡയലോഗടിക്കാന്‍. 2017ല്‍ മലയാള സിനിമയില്‍ കേട്ട ഏറ്റവും പഞ്ച് ഡയലോഗായിരുന്നു രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാലിനി എന്ന കഥാപാത്രം ഭര്‍ത്താവായ എല്‍വിസിനോട് ചോദിക്കുന്നത് ‘എല്‍വിസെന്തിനാ എന്നോട് ക്ഷമിച്ചുവെന്നു പറഞ്ഞത്? അതെനിക്ക് മനസിലായില്ല’
‘കളിയാക്കല്ലേ, ഈ പ്രായത്തിലൊക്കെ നല്ല വിശപ്പാ സാറെ’ എന്നൊരൊറ്റ ഡയലോഗിലൂടെയല്ലേ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായകന്റെ ജീവിതം മുഴുവന്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. പോത്തേട്ടന്‍ ബ്രില്ല്യന്‍സ്!!!