എം.എ.നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കിണറി’ലെ പുതിയ പാട്ടെത്തി. സിതാര കൃഷ്ണകുമാര്‍ പാടിയ ‘മഴവില്‍ കാവിലെ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജയചന്ദ്രനാണ്. പ്രഭാ വര്‍മ്മയാണ് വരികള്‍.

ദ്വിഭാഷാ ചിത്രമാണ്. ‘കേണി’ എന്ന പേരില്‍ തമിഴിലും ചിത്രം റിലീസ് ചെയ്യും. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ ജലക്ഷാമമാണ് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ സംഗീതത്തിന്റെ ഇതിഹാസങ്ങളായ കെ.ജെ.യേശുദാസും എസ്.പി.ബാലസുബ്രഹ്മണ്യവും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘അയ്യാ സാമി’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്നു പാടിയിരിക്കുന്നത്.

1991ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ ‘കാട്ടുക്കുയില് മനസുക്കുള്ളെ’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് അവസാനമായി ആലപിച്ചത്. ആ ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചത് ഇളയരാജയായിരുന്നു. രജനീകാന്തും മമ്മൂട്ടിയും ചേര്‍ന്നാണ് ഗാനരംഗത്തില്‍ അഭിനയിച്ചത്. മമ്മൂട്ടിക്കുവേണ്ടി യേശുദാസും രജനീകാന്തിന് വേണ്ടി എസ്‌പിബിയും ശബ്ദമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ