ഫഹദ് ഫാസിലും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന പുതിയ ചിത്രമായ വരത്തനിലെ ആദ്യ ഗാനം പുറത്തിറങ്ങി. പുതിയൊരു പാതയില്‍ വിരലുകള്‍ കോര്‍ത്ത് എന്നു തുടങ്ങുന്ന ഗാനമാണ് അമല്‍ നീരദ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് സമ്മാനിച്ചത്. ഫഹദും ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയുമാണ് ഗാനത്തിലുള്ളത്.

നസ്‌റിയ പാടിയിരിക്കുന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം ലിറ്റില്‍ സ്വായമ്പിന്റെ ഛായാഗ്രഹണമാണ്. ഫഹദും ഐശ്വരയും നടത്തുന്ന യാത്രയും ഇരുവരുടേയും പ്രണയവുമാണ് ഗാനത്തിന്റെ പശ്ചാത്തലം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘വരത്തന്‍’ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ റിലീസ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും നേരത്തേ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ‘വരത്തന്റെ’ ഓരോ വാര്‍ത്തയ്ക്കും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ലിറ്റില്‍ സ്വയമ്പാണ് കാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്നിവയാണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റ് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം പതിപ്പായ ബിലാലാണ് അമല്‍ നീരദിന്റെ അടുത്ത ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ