ഒമർ ലുലു ചിത്രമായ ഒരു അഡാറ് ലവിലെ പുതിയ ഗാനമെത്തി. “എടി പെണ്ണേ ഫ്രീക്ക് പെണ്ണേ..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സത്യജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകരുന്നു. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മാണിക്യമലരായ പൂവി എന്ന ഗാനം വൻ ഹിറ്റായി മാറിയിരുന്നു. ഇത് ഇറങ്ങി ഏറെ നാളുകള്‍ക്ക് ശേഷമാണ് പുതിയ ഗാനം ഇറക്കുന്നത്. എന്നാല്‍ ഗാനം ഇറക്കി മണിക്കൂറിനകം യൂട്യൂബില്‍ 20,000 അണ്‍ലൈക്കുകളാണ് പാട്ടിന് ലഭിച്ചത്. നാലായിരം ലൈക്കുകളാണ് ഇതുവരെ ഗാനത്തിന് ലഭിച്ചത്.
വരികള്‍ മനസ്സിലാവുന്നില്ലെന്നും തട്ടിക്കൂട്ടിയ വരികളാണ് ഉപയോഗിച്ചതെന്നുമാണ് പരാതി. ഇംഗ്ലീഷ്-മലയാളം കൂട്ടിച്ചേര്‍ത്താണ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ തെലുഗ് ചിത്രങ്ങളെ പോലെ നിറംവാരി വിതറല്‍ മാത്രമാണ് പാട്ടിലുളളതെന്നും ചിലര്‍ കമന്റ് ചെയ്തു. ‘വയലാര്‍ എഴുതുമോ ഇത് പോലെ’ എന്ന് പറഞ്ഞ് കളിയാക്കിയവരും ഉണ്ട്.
സ്കൂള്‍ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഔസേപ്പച്ചൻ മൂവി ഹൗസിന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ