മഹാനടി, റാസി, കാമുകി, പ്രേമസൂത്രം എന്നിവ ഉൾപ്പെടെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്നത്.

മഹാനടി

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മഹാനടി’ നാളെ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്നു. തെലുങ്ക് സൂപ്പര്‍ താരമായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും വേഷമിടുന്നു. അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

റാസി

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റാസി. ഉഡ്താ പഞ്ചാബ്, ഹൈവേ, ഡിയര്‍ സിന്ദഗി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആലിയ ഭട്ട് ശക്തമായ വേഷത്തിലെത്തുന്ന ചിത്രമാണ് റാസി. 1971 കാലത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്‌നങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പാക്കിസ്ഥാനിലേക്ക് വിവാഹം ചെയ്യപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ചാരയായിട്ടാണ് ആലിയ പ്രത്യക്ഷപ്പെടുന്നത്.

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹരീന്ദര്‍ സിങ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. ആലിയയെ കൂടാതെ വിക്കി കൗശല്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

കാമുകി

‘പ്രേമത്തിന് കണ്ണില്ല സ്‌നേഹിതാ’ എന്ന ടാഗ് ലൈനോടെയാണ് അപര്‍ണാ ബാലമുരളിയും നടന്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘കാമുകി’ നാളെ തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിലെ പാട്ടും ട്രെയിലറും നേരത്തേ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. അച്ചാമ്മ എന്ന കഥാപാത്രമായാണ് അപര്‍ണ എത്തുന്നത്. ബിനു എസ്.രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കാമുകി’ ഒരു കോളേജ് ലവ് സ്‌റ്റോറിയാണ്.

പ്രേമസൂത്രം

ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമസൂത്രം. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ധര്‍മ്മജന്‍, ബാലു വര്‍ഗീസ്. സുധീര്‍ കരമന ലിജോ മോള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

അശോകന്‍ ചരുവിലിന്റെ ചെറുകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ജിജു അശോകന്‍ തന്നെയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടന്‍ പിള്ളയുടെ ശിവരാത്രി

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ‘ചക്കപ്പാട്ട്’ ഇതിനകം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്. ഇതിനു മുൻപ് ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ ആളാണ് ജീൻ മാർക്കോസ്. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു

പയ്ക്കുട്ടി

നന്ദു വരവൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് പയ്ക്കുട്ടി. പാലേരി മാണിക്യം എന്ന ചിത്രത്തില്‍ അരുത്തന്‍ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് നളന്ദയാണ് ശംഭു എന്ന പ്രധാന കഥാപാത്രമായി എത്തുന്നത്. സുഭാഷ് രാമനാട്ടുകരയാണ് നെഗറ്റീവ് കഥാപാത്രമായ പാണ്ഡ്യനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുധീഷ് വിജയനാണ്.

നാം

ശബരീഷ് വര്‍മ, ഗായത്രി സുരേഷ്, രാഹുല്‍ മാധവ്, അദിതി രവി, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘നാം’ നാളെ തിയേറ്ററുകളില്‍ എത്തും. സംഗീതത്തിനു പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ക്യാമ്പസ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജോഷി തോമസ് പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കൃഷ്ണം

നവാഗതനായ അക്ഷയ് കൃഷ്ണന്‍ നായകനാകുന്ന കൃഷ്ണം ഒരേസമയം മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തി കൃഷ്ണ, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook